യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ തോറ്റ് ടെന്നിസ് കോര്‍ട്ടിനോട് വിടപറഞ്ഞ് അമേരിക്കന്‍ ഇതിഹാസ വനിതാ താരം സെറീന വില്യംസ്. ഈ ടൂര്‍ണമെന്റോടെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് നേരത്തൈ തന്നെ താരം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ സ്വന്തം നാട്ടില്‍ മറ്റൊരു ഗ്രാന്റ്സ്ലാം കിരീടം കൂടി നേടി വിടപറയാം എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ താരത്തിന് മുന്നില്‍ സെറീനക്ക് കാലിടറി.
ഓസ്‌ട്രേലിയയുടെ അജ്‌ല ടോമില്‍ജനോവിച്ചിനോട് തോറ്റാണ് സെറീന മടങ്ങിയത്. സ്‌കോര്‍ 7-5, 6-7, 6-1. ആദ്യ സെറ്റ് ജയിച്ചുതുടങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റിലും സെറീനക്ക് കാലിടറി. തന്റെ മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് മുന്നില്‍ കണ്ണീരണിഞ്ഞാണ് സെറീന വിടപറയല്‍ നടത്തിയത്. 23ാം ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടുള്ള താരത്തിന്റെ നേട്ടങ്ങള്‍ അത്ര വേഗം ആര്‍ക്കും എത്തിപ്പിടിക്കാനാവാത്തതാണ്.
രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം അനെറ്റ് കോന്റാവീറ്റിനെ തോല്‍പ്പിക്കാന്‍ സെറീനക്കായിരുന്നു. തനിക്ക് തെളിയിക്കാനായോ നേടാനായോ ഇനി ഒന്നുമില്ലെന്നാണ് ഈ മത്സര ശേഷം സെറീന പറഞ്ഞത്. ടെന്നിസ് കരിയറിലേക്ക് നോക്കുമ്പോള്‍ താരത്തിന്റെ വാക്കുകള്‍ ഏറെക്കുറെ അങ്ങനെ തന്നെയാണ്. എല്ലാ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളിലും ഒന്നിലധികം കിരീടം നേടാന്‍ സെറീനക്കായിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാം റൗണ്ടിലും സെറീനയുടെ മത്സരം കാണാന്‍ 29000ലധികം കാണികള്‍ എത്തിയിരുന്നു എന്നത് തന്നെയാണ് താരത്തിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.