വാര്‍സോ: ഇന്ത്യക്കാര്‍ക്ക് നേരെയുള്ള വംശീയ അധിക്ഷേപങ്ങള്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ ഒട്ടും കുറവില്ല. അടുത്തിടെയായി നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ. പോളണ്ടില്‍ വെച്ച് ഒരു ഇന്ത്യന്‍ യുവാവിന് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
വലിയ പ്രതിഷേധമാണ് എല്ലാവരും ഉന്നയിക്കുന്നത്. എന്തുകൊണ്ട് പോലീസ് നടപടിയെടുക്കുന്നില്ലെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ഈ സംഭവം എപ്പോള്‍ നടന്നതാണെന്ന് മാത്രം വ്യക്തമല്ല. പക്ഷേ ഈ വീഡിയോ വലിയ വിവാദമായിരിക്കുകയാണ്. പോളിഷ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല.
പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാര്‍സോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വാര്‍സോയിലെ അത്രിയം റെഡുറ്റ ഷോപ്പിംഗ് സെന്ററിന് പുറത്താണ് ഈ സംഭം നടന്നതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.നീ എന്തിനാണ് പോളണ്ടില്‍ വന്നത്. അമേരിക്കയില്‍ നിന്നെ പോലെ ഒരുപാട് ഇന്ത്യക്കാരുണ്ട്. പോളണ്ടിലും അതിക്രമിച്ച് കയറാമെന്നാണോ നിന്നെ പോലുള്ളവര്‍ കരുതുന്നത്. നിനിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങി പോയി കൂടേ. ഇന്ത്യയിലേക്ക് നീ മടങ്ങി പോ എന്നായിരുന്നു ഇയാള്‍ ഇന്ത്യന്‍ യുവാവിന് പറഞ്ഞത്. ഈ സമയത്ത് വീഡിയോ ഷൂട്ട് ചെയ്യുന്നത് നിര്‍ത്താന്‍ യുവാവ് ആവശ്യപ്പെട്ടത്. താന്‍ യൂറോപ്യനാണെന്നും പോളണ്ടില്‍ നിന്നുള്ളയാളാണെന്നും ഇയാള്‍ അവകാശപ്പെടുന്നു.
യൂറോപ്പിലുള്ളവര്‍ക്ക് അറിയണം, എന്തിനാണ് നിന്നെ പോലുള്ളവര്‍ ഞങ്ങളുടെ രാജ്യത്തിലേക്ക് അതിക്രമിച്ച് കയറുന്നതെന്ന്. ഞങ്ങളുടെ സ്വന്തം രാജ്യത്തിലേക്ക് എന്തിനാണ് നിങ്ങള്‍ കുടിയേറാന്‍ വരുന്നത്. നിങ്ങള്‍ക്ക് ഇന്ത്യയില്ലേ. ഇത് വെളുത്ത വര്‍ഗക്കാരുടെ ഭൂമിയാണ്. എന്തിനാണ് നിങ്ങള്‍ അവിടേക്ക് വരുന്നത്. വെളുത്ത വര്‍ഗക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം പറ്റുന്നവരാണ് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍. നിങ്ങള്‍ ഇന്ത്യക്കാര്‍ സ്വന്തം രാജ്യം മെച്ചപ്പെടുത്താന്‍ നോക്കൂവെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
എന്തിനാണ് മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരു പരാന്നജീവിയാകുന്നത്. നിങ്ങള്‍ ഞങ്ങളുടെ വംശത്തെ ഉന്മൂലനം ചെയ്യുകയാണ്. അതിക്രമിച്ച് കടക്കുന്നയാളാണ് നീ, നാട്ടിലേക്ക് മടങ്ങി പോകൂ. നിന്നെ പോലുള്ള ഇന്ത്യക്കാരെ ഞങ്ങള്‍ക്ക് യൂറോപ്പില്‍ വേണ്ട. പോളണ്ട് പോളിഷ് ജനതയ്ക്കുള്ളതാണ്. നീ പോളണ്ടുകാരനല്ല. പിന്നെന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നും ഈ അധിക്ഷേപം നടത്തുന്നയാള്‍ പറയുന്നു. അതേസമയം ഇന്ത്യക്കാരന്‍ ഇതിനോട് പ്രതികരിക്കാനൊന്നും പോവുന്നില്ല. പോകൂ എന്ന് മാത്രമാണ് ഇയാളോട് പറയുന്നത്. അടുത്തിടെ അമേരിക്കയിലെ ടെക്‌സസിലെ പ്ലാനോയിലും ഇന്ത്യന്‍ യുവതിക്ക് നേരെ വംശീയ ആക്രമണം ഉണ്ടായിരുന്നു.