‘ആറ് മണിക്കൂര്‍ തടങ്കല്‍’ ; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു

0
69

ന്യൂഡല്‍ഹി: ആറുമണിക്കൂര്‍ തടങ്കലില്‍വച്ച ശേഷം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മോചിപ്പിച്ച് ഡല്‍ഹി പോലീസ്. വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കുമൊപ്പം അറസ്റ്റ് ചെയ്ത് മറ്റു നേതാക്കളേയും പോലീസ് വിട്ടയച്ചു.

ആവശ്യസാധനങ്ങളുടെ വിലവര്‍ധനവ് തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അറസ്റ്റ്.

രാഹുല്‍ഗാന്ധിക്കൊപ്പം ശശി തരൂര്‍ എംപി, ഹൈബി ഈഡന്‍ എന്നിവരടക്കമുള്ള എം.പിമാരും നേതാക്കളും അറസ്റ്റ്‌വരിച്ചിരുന്നു. കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സമാധാനമപരമായി പ്രതിഷേധം സംഘടിപ്പിച്ച എം.പിമാരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ചിലരെ മര്‍ദിച്ചുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരെയടക്കം വലിച്ചിഴച്ച് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഏകാധിപത്യത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം ജയിലിലടക്കുകയും മര്‍ദിക്കുകയുമാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന്റെ മരണം നടന്നുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി പടിപടിയായി ഉര്‍ത്തിക്കൊണ്ടുവന്നതെല്ലാം കണ്‍മുന്നില്‍ തകര്‍ന്ന് പോവുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here