തിരുവനന്തപുരം; കേരളത്തിൽ കോൺഗ്രസിന് നിൽക്കാൻ കഴിയുന്നത് എൽ ഡി എഫിന്റെ കരുത്ത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നത് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്.
‘അന്ധമായ സിപിഎം വിരോധം വെച്ചുകൊണ്ട് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് നല്ലതുപോലെ മനസില്‍ കരുതണം.ഇവിടെ ഇങ്ങനെ നിങ്ങൾക്ക് നിൽക്കാൻ കഴിയുന്നത് കേരളത്തിൽ എൽഡിഎഫിന്റെ കരുത്ത് കൊണ്ടാണ് എന്നത് മറക്കരുത്.രാജ്യത്തെ ഇടതുപക്ഷ മുഖങ്ങളായി കണ്ടിരുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ത്രിപുര. അവിടെ ബിജെപിക്ക് വലിയ തോതില്‍ സ്വാധീനം ഉണ്ടായിരുന്നില്ല.അവിടുത്തെ ഇടതുപക്ഷ മുന്നണിയെ തകര്‍ക്കാന്‍ വേണ്ടി ഉപയോഗിച്ചത് അവിടുത്തെ കോണ്‍ഗ്രസിനെയായിരുന്നു. കോണ്‍ഗ്രസിനെ ഒന്നിച്ച് അങ്ങോട്ട് വാരി. അങ്ങനെ എല്‍ഡിഎഫിനെ താഴെയിറക്കാന്‍ നോക്കി. ഉള്ളതുപറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്ന് പറയുന്നത് പോലെയാണ് ഇവിടെ നടക്കുന്നത്. അങ്ങനെ വന്നപ്പോള്‍ ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലാതായി’. Ads by
‘ഇവരുടെ സ്ഥിതിയോ?’നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം നിങ്ങളെ ഏത് നിമിഷത്തിലും എവിടേയും ബിജെപിക്ക് വാരാനാകുമെന്ന നല്ല ഉത്തമബോധ്യം ബിജെപിക്കുണ്ട്. പക്ഷേ, നിങ്ങളെ കൂട്ടത്തോടെ വാരിയാലും ഇവിടെ കേരളത്തില്‍ എല്‍ഡിഎഫിനെ തകര്‍ക്കാനാകില്ല എന്നതാണ് നിങ്ങള്‍ ഇപ്പോൾ ഇങ്ങനെ നിലനില്‍ക്കുന്നതിന് കാരണം.ഇത് സംബന്ധിച്ച് നേരിയ ചിന്തയെങ്കിലും ഇവിടുത്തെ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടോയെന്നതാണ് ചോദ്യം. ഇവർ ബിജെപിയെ കൂടി ചേര്‍ത്തുകൊണ്ട് എല്‍ഡിഎഫിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.എന്താണതിന്റെ പൊരുൾ? ബിജെപിക്ക് അതിൽ സന്തോഷമാണ്. അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് കേരളത്തില്‍ അവര്‍ക്ക് കരുത്താര്‍ജിക്കാന്‍ കഴിയാത്തത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ്. ആദ്യം എൽഡിഎഫിനെ ദുർബലപ്പെടുത്താനകണം. അതാണ് ബിജെപിയുടെ മനസ്സിലുള്ളത്. അതിന് കോണ്‍ഗ്രസിനോടൊപ്പം നിന്ന് അവരെ സഹായിക്കുകയാണ്’.
‘കോൺഗ്രസിന്റെ മാനസികാ അവസ്ഥ വർഗീയതയോട് സമരസപ്പെടുന്നതാണ്. അതിനാൽ അവരോട് സമരസപ്പെടുകയും അവരുടേതായ പ്രത്യേക പരിപാടികൾ വരുമ്പോൾ അതിനോട് പൊരുത്തപ്പെടാനൊന്നും ഒരു പ്രയാസവും കോൺഗ്രസിനില്ല. എനിക്ക് തോന്നിയാല്‍ ഞാന്‍ ഈ പറയുന്ന വിഭാഗത്തിലേക്ക് പോകും എന്ന് പരസ്യമായി പ്രഖ്യാപിച്ച വലിയൊരു നേതാവിനെയും മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കാലം മാറി ആളുകൾക്ക് കാര്യം മനസിലാകും. വലതുപക്ഷ മാധ്യമങ്ങളെയെല്ലാവരേയും കൂട്ടി എൽഡിഎഫിനെ കരിവാരി തേക്കാൻ ശ്രമിച്ചാൽ അത് തിരിച്ചറിയാനാകും. ആ തിരിച്ചറിവ് നിങ്ങൾക്ക് കൂടുതൽ അപഹാസ്യമാകുന്ന അവസ്ഥയിലേക്കാണ് തള്ളിവിടുന്നതെന്ന് മനസിലാക്കണം’, മുഖ്യമന്ത്രി പറഞ്ഞു.