ന്യൂദല്‍ഹി: പ്രവാചക പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ഉപരോധ ആഹ്വാനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി കുറച്ച റഷ്യയെ ആശ്രയിക്കാനാണ് കേന്ദ്രം എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇരട്ടിയാക്കാനാണ് എണ്ണ കമ്പനികളോട് കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ പുതിയ നീക്കത്തെ റഷ്യ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) രാജ്യങ്ങളുടെ തിട്ടൂരങ്ങള്‍ക്കുള്ള ഇന്ത്യയുടെ മറുപടിയായും ചിലര്‍ ഇതിനെ വിലയിരുത്തുന്നു.
റഷ്യയിലെ എണ്ണ ഭീമനായ റോസ്നെഫ്റ്റുമായാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങന്‍ കരാര്‍ തയാറാക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും ഭാഗികമായി റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജിയും റോസ്നെഫ്റ്റില്‍ നിന്നും കക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തിക്കും.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഗള്‍ഫ് രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന ഒപെക് പ്ലസില്‍ നിന്നുമാണ്. കേവലം ഏഴ് ശതമാനം ക്രൂഡ് ഓയിലിന് മാത്രമാണ് റഷ്യയെ ആശ്രയിക്കുന്നത്. ഇതില്‍ തിരുത്തല്‍ വരുത്തിയാണ് ഇന്ത്യന്‍ എണ്ണ കമ്പനികളോട് റഷ്യയിലേക്ക് നീങ്ങാന്‍ കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നത്.
എണ്ണ ഉല്‍പാദനത്തില്‍ വര്‍ധന വരുത്തി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ അമേരിക്ക, ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഒപെകിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറാകാത്തതും ഇന്ത്യയുടെ നയപരമായ തീരുമാനത്തെ ബാധിച്ചിട്ടുണ്ട്.