ബെംഗളൂരു; കർണാടകത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എച്ച് എൻ ചന്ദ്രശേഖർ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ജനങ്ങളെ സേവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വലിയ പാരമ്പര്യമുള്ള കോൺഗ്രസിൽ ചേർന്നത്, തന്റെ കടമ നിർവ്വഹിച്ചതിൽ ഏറെ സന്തോഷവാനാണ്, എന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന് നൽകിയ രാജിക്കത്തിൽ ചന്ദ്രശേഖർ പറഞ്ഞു.
985 ലാണ് ചന്ദ്രശേഖർ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അന്ന് ജനതാ പാർട്ടി ടിക്കറ്റിൽ ജൗഗീബിഡനൂർ മണ്ഡലത്തിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് ബി ജെ പിയിലെത്തിയ ചന്ദ്രശേഖർ 1998 മുതൽ 2004 വരെ നിയമനിർമാണ സഭയിൽ അംഗമായിരുന്നു. 2013 ൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിയപ്പോൾ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നു. 2013 ൽ കർണാടക വികസന സമിതി ചെയർമാനായിരുന്നു.
അതേസയം രാജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ചന്ദ്രശേഖറിന്റെ രാജിയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ജയറാം രമേശിനെ തന്നെയാണ് വീണ്ടും കർണാടകയിൽ ഒഴിവ് വന്ന നാല് സീറ്റുകളിൽ ഒന്നിലേക്ക് കോൺഗ്രസ് നാമനിർദേശം ചെയ്തിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പ്രഖ്യാപനം.