ഇടുക്കി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേനിയിലേക്ക് വീണ്ടും ട്രെയിൻ എത്തിയത്. ഹൈറേഞ്ച് നിവാസികളെ സംബന്ധിച്ച് ഏറെ സന്തോഷവും ഗുണകരവും ആയ വാർത്തയാണിത്. നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ തേനി – മധുര ബ്രോഡ്ഗേജ് പാതയിലാണ് ട്രെയിൻ വന്നെത്തിയത്.
ഇതോടെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നീ താലൂക്കുകളിലെ ജനങ്ങൾക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആയി മാറിയിരിക്കുകയാണ് തേനി. 1928 ബ്രിട്ടീഷുകാർ ഇവിടെ റെയിൽ പാളം പണിതിരുന്നു. പിന്നീട് മീറ്റർ ഗേജ് മാറ്റി ബ്രോഡ് ഗേജാക്കുന്നതിനായി 2010 – ൽ മധുരയിൽ നിന്ന് തേനി വഴി ബോഡിനായ്ക്കന്നൂരിലേക്ക് പോകുന്ന ട്രെയിൻ സർവീസ് നിർത്തി. ഇത് ഏറെ യാത്രാ ദുരിതം സൃഷ്ടിച്ചിരുന്നു.
ട്രെയിൻ സമയ ക്രമം : ആദ്യ ഘട്ടമായി മധുരയിൽ നിന്ന് രാവിലെ 8.30 – ന് പുറപ്പെടുന്ന ട്രെയിൻ 9.35 – ന് തേനിയിൽ എത്തും. തുടർന്ന് ഈ ട്രെയിൻ വൈകിട്ട് 6.15 ന് വീണ്ടും തേനിയിൽ നിന്ന് മധുരയിലേക്ക് തിരിക്കും. തുടർന്ന് 7.35 – ന് മധുരയിൽ എത്തും. പ്രധാനമായും ഈ സമയം ക്രമീകരിച്ചിരിക്കുന്നത്, ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ പരിഗണിച്ചാണ്. ഈ സർവ്വീസ് അവിടേക്ക് എത്തുന്ന യാത്രക്കാരെ ഏറെ സഹായിക്കും. അതേസമയം, വൈകിട്ട് 7.35 – ന് മധുരയിൽ എത്തിയാൽ അവിടെ നിന്നു തന്നെ വിവിധ സ്ഥലങ്ങളിലേക്ക് മറ്റ് ട്രെയിനുകളിൽ യാത്ര തുടരാൻ കഴിയും. എന്നാൽ, മധുരയിൽ രാവിലെ ട്രെയിൻ ഇറങ്ങുന്നവർക്ക് തേനിയിലും സുഗമമായി എത്താം എന്നതും മറ്റൊരു പ്രത്യേകതയാണ്.
പുതിയ സർവ്വീസ് എത്തിയത് ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് നിവാസികൾക്ക് അനുഗ്രഹം ആവുകയാണ്. ഈ പാതവഴി ഏലം, കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെയും മറ്റു ചരക്കുകളുടെയും സുഗമമായ നീക്കം എളുപ്പമാകുമെന്നത് വ്യാപാരികൾക്കും ഏറെ അനുഗ്രഹമാകും.