നേതൃത്വവുമായി കൂടിയാലോചിച്ചില്ല; നിതീഷിനെ എതിർത്ത് ബിജെപി

0
263

പട്ന• ജാതി സെൻസസ് വിഷയം ചർച്ച ചെയ്യാൻ 27നു സർവകക്ഷി യോഗം ചേരാമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദേശത്തിൽ ബിജെപിക്ക് എതിർപ്പ്. മുഖ്യമന്ത്രിയുടെ നിർദേശത്തോടു പ്രതികരിക്കാൻ ബിജെപി നേതൃത്വം തയാറായിട്ടില്ല. ബിഹാറിൽ സംസ്ഥാനാധിഷ്ഠിത ജാതി സെൻസസ് നടത്തുന്ന കാര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചു ചേർക്കുമെന്നു നിതീഷ് കുമാർ മാസങ്ങൾക്കു മുൻപാണു പ്രഖ്യാപിച്ചത്.

ബിജെപി നേതൃത്വവുമായി കൂടിയാലോചിക്കാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി സർവകക്ഷി യോഗത്തിനു തീരുമാനമെടുത്തതെന്നാണ് ബിജെപിയുടെ ആക്ഷേപം. പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി നടത്തിയ ചർച്ചയിലാണു സർവകക്ഷി യോഗത്തിനു മുഖ്യമന്ത്രി തീരുമാനിച്ചത്. ബിജെപിയുടെ നിസഹകരണം കാരണം യോഗം ചേരുന്നതു നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ചു രണ്ടാഴ്ച മുൻപു തേജസ്വി യാദവ് വീണ്ടും മുഖ്യമന്ത്രിയെ കണ്ടിരുന്നു. സർവകക്ഷി യോഗം വൈകാതെ വിളിച്ചു ചേർക്കാമെന്നു തേജസ്വി യാദവിനു മുഖ്യമന്ത്രി ഉറപ്പു നൽകി. ഇതിനെ തുടർന്നാണ് 27നു സർവകക്ഷി യോഗം ചേരാമെന്നു നിതീഷ് കുമാർ വിവിധ കക്ഷി നേതാക്കളെ അറിയിച്ചത്.

മറ്റു കക്ഷികൾ സമ്മതം അറിയിച്ചെങ്കിലും ബിജെപി മാത്രം പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ സമ്മർദ്ദത്തിനു വഴങ്ങി നിതീഷ് കുമാർ യോഗം വീണ്ടും നീട്ടി വയ്ക്കുമോയെന്നാണ് പ്രതിപക്ഷ കക്ഷികൾ ഉറ്റു നോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here