കോൺഗ്രസ് ചിന്തൻ ശിബിരത്തിനു സമാപനം

0
163

പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കണമെന്ന ആവശ്യത്തിനു സമ്മതം മൂളിയില്ലെങ്കിലും പാർട്ടിയുടെ നായകൻ രാഹുൽ ഗാന്ധി തന്നെയെന്ന വ്യക്തമായ സൂചനയുമായി കോൺഗ്രസ് ചിന്തൻ ശിബിരത്തിനു സമാപനം. ജി 23 സംഘത്തിലെ ഏതാനും നേതാക്കളൊഴികെ എല്ലാവരും രാഹുൽ വീണ്ടും പ്രസിഡന്റാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതോടെ, ഓഗസ്റ്റിലെ സംഘടനാ തിരഞ്ഞെടുപ്പിൽ രാഹുലിനു കാര്യമായ എതിരാളികളില്ലെന്നു വ്യക്തം.

ശിബിരത്തിന്റെ സമാപന സമ്മേളനത്തിൽ സോണിയയ്ക്കു പുറമേ രാഹുൽ മാത്രമാണു പ്രസംഗിച്ചത്. ജനങ്ങളുമായി കോൺഗ്രസിനുണ്ടായിരുന്ന ബന്ധം നഷ്ടമായെന്നും അതു തിരിച്ചുപിടിക്കാൻ കുറുക്കുവഴികളില്ലെന്നും രാഹുൽ പറഞ്ഞു. ‘പ്രായഭേദമെന്യേ എല്ലാ നേതാക്കളും ജനങ്ങൾക്കൊപ്പം സമയം ചെലവിടണം.

ബിജെപിക്കും ആർഎസ്എസിനുമെതിരെ ഞാൻ നടത്തുന്നത് എന്റെ ജീവിതത്തിന്റെ പോരാട്ടമാണ്. ഒരു പൈസയുടെ പോലും അഴിമതി നടത്താത്ത എനിക്ക് ആരെയും ഭയമില്ല. ബിജെപി നശിപ്പിച്ച ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി രക്ഷിക്കണം’ – രാഹുൽ പറഞ്ഞു.

സാധ്യമായിടത്തെല്ലാം സ്വന്തം നിലയിൽ കരുത്ത് വർധിപ്പിക്കുന്നതിനൊപ്പം പ്രായോഗികമായ സഖ്യങ്ങൾക്കും കൈകൊടുക്കാമെന്ന രാഷ്ട്രീയ നിലപാട് ശിബിരം അംഗീകരിച്ചു. ‘ഇന്ത്യയെ ഒന്നിപ്പിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുലിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ പദയാത്ര നടത്തും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങും.

പാർട്ടി ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും 65 വയസ്സ് പ്രായപരിധി നിശ്ചയിക്കണമെന്ന യുവജനകാര്യ പ്രമേയത്തിലെ നിർദേശം സോണിയയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം തള്ളി. പകരം, സ്ഥാനാർഥിത്വത്തിനും പാർട്ടി സമിതികളിലും 50% പ്രാതിനിധ്യം 50 വയസ്സിൽ താഴെയുള്ളവർക്കു നൽകുമെന്ന വ്യവസ്ഥയുൾപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here