തൃശ്ശൂര്‍ പൂരം: മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട്

0
45

തൃശൂര്‍: മഴ കാരണം മാറ്റിവെച്ച തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയായിരുന്നു വെടിക്കെട്ട് നിശ്ചയിച്ചിരുന്നത് എന്നാല്‍ പൂരനഗരിയില്‍ കനത്ത മഴ പെയ്തതോടെ വെടിക്കെട്ട് മാറ്റിവെക്കുകയായിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളുടെയടക്കം എഴുന്നള്ളിപ്പുകള്‍ മഴ മൂലം തടസപ്പെട്ടിരുന്നു. വെടിക്കെട്ടിനായി സജ്ജമാക്കിയ കുഴികളിലും വെള്ളം കയറി.

ഇതോടെ ഇരുദേവസ്വങ്ങളും ചര്‍ച്ച ചെയ്ത് ജില്ലാ അധികാരികളുടെ അനുമതിയോടെ വെടിക്കെട്ട് മാറ്റിവെക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമാകുന്ന സന്ദര്‍ഭത്തില്‍ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചു. ഇന്ന് രണ്ട് മണിക്കൂറെങ്കിലും മഴ മാറി നിന്നാല്‍ വെടിക്കെട്ട് നടത്താമെന്നാണ് സംഘാടക സമിതി വൃത്തങ്ങള്‍ല പറയുന്നത്. ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ പെയ്യുന്നുണ്ട്. പിന്നീട് വൈകീട്ടോടെ മഴ ശക്തമാവുകയായിരുന്നു. രാത്രി വൈകിയും മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റി വെക്കാന്‍ തീരുമാനിച്ചത്.

പിന്നീട് അര്‍ദ്ധരാത്രിയോടെയാണ് ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താന്‍ തീരുമാനമായത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന തൃശൂര്‍പൂരത്തിന് വന്‍ ജനാവലിയാണ് ഇന്നലെ പൂരനഗരിയിലുണ്ടായിരുന്നത്. തൃശൂര്‍ പൂരം വെടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതില്‍ ആശങ്കയുളവാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസും ദേവസ്വം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here