‘പകരക്കാരനില്ലാത്ത, പാതിവഴിയില്‍ നിലച്ചുപോയ കലാകാരന്‍’ ബാലഭാസ്‌കറിനെ ഓര്‍ക്കുമ്പോള്‍

0
51

വയലിനിസ്റ്റ് ബാലഭാസ്‌കര്‍’ വയലിന്‍ സംഗീതത്തിന്റെ എല്ലാ അര്‍ഥങ്ങളും ഈ പേരിലുണ്ട്. സംഗീതം എന്ന മൂന്നക്ഷരമായിരുന്നു ബാലഭാസ്‌കറിന്റെ പ്രാണവായു. ബാലഭാസ്‌കറും കുടുംബവും വാഹനാപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത കേട്ട് ഞെട്ടലോടെയാണ് 2018 സെപ്റ്റംബര്‍ 25ന് കേരളം ഉണര്‍ന്നത്. ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കേരളം കാത്തിരുന്നു. എന്നാല്‍ പ്രാര്‍ഥനകള്‍ വിഫലമാക്കി ഒക്ടോബര്‍ രണ്ട് നാടിനെ കണ്ണീരണിയിച്ചു. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ, ആസ്വാദകരുടെ അനന്ത വിഹായസ്സിലേയ്ക്ക് ചിറകു വിടർത്തിയ പകരക്കാരനില്ലാത്ത,
പാതിവഴിയിൽ നിലച്ചുപോയ
കലാകാരൻ. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന പേരിനൊപ്പം
പുതിയ തലമുറയിലെ സംഗീത പ്രേമികള്‍ക്ക് വയലിൻ എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയായിരുന്നു. കാരണം ബാലഭാസ്കറിനെ ഓർക്കുമ്പോൾ തന്നെ ഒരു ഫ്രെയിമിൽ എന്ന പോലെ വയലിനും ഒപ്പമുണ്ടാകും. മൂന്നാം വയസിൽ ബാലുവിന് കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിൻ. പിന്നീട് അത് ജീവിതത്തോട് ഇഴചേര്‍ന്നു, ശരീരത്തിലെ ഒരവയവം എന്നപോലെ. 2018 സെപ്റ്റംബർ 25 ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2ന് പുലർച്ചെ ഒരുമണിയോടെ ഈ ലോകത്തോട് വിടപറഞ്ഞു. ലക്ഷ്മിയാണ് ഭാര്യ. പരേതയായ തേജസ്വിനിയാണ് മകൾ. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തിൽ തന്നെയായിരുന്നു മകളുടെയും മരണം. ഒന്നര വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ബാലഭാസ്‌കർ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാർ എതിർത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിൽ ചെറുപ്രായത്തിൽത്തന്നെ വിവാഹത്തിന് ബാലഭാസ്‌കർ തയ്യാറായി. 22-ാം വയസിൽ എം.എ. സംസ്‌കൃതം അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് ബാലഭാസ്‌കർ കുടുംബനാഥനായത്. ഭാര്യ ലക്ഷ്മിയും അതേ കോളേജിൽ ഹിന്ദി എം.എ. വിദ്യാർഥിനിയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോൾ ബാലഭാസ്‌കർ തുടങ്ങിയ ’കൺഫ്യൂഷൻ’ ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളിൽ ആദ്യത്തെ മ്യൂസിക് ബാൻഡ്. ’കോൺസൺട്രേറ്റഡ് ഇൻ ടു ഫ്യൂഷൻ’ എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാർ ഉൾപ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്. ഈസ്റ്റ്കോസ്റ്റ് വിജയൻ രചിച്ച‌് 1998 ൽ പുറത്തിറങ്ങിയ “നിനക്കായ്’ പ്രണയ ആൽബത്തിലെ നിനക്കായ് തോഴാ (നിനക്കായ് ദേവീ) പുനർജനിക്കാം എന്ന പാട്ടിലൂടെ ശ്രദ്ധനേടി. ’നിനക്കായി’, ’നീ അറിയാൻ’ തുടങ്ങി അന്ന് കലാലയങ്ങളിൽ ഹിറ്റായ ആൽബങ്ങളാണ് ’കൺഫ്യൂഷൻ’ പുറത്തിറക്കിയത്. ടെലിവിഷൻ ചാനലുകൾ ഈ ഗാനങ്ങൾ ആവർത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത ’ആരു നീ എന്നോമലേ…..’ എന്നു തുടങ്ങുന്ന ഗാനം പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകൾ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികൾ ബാലു തന്നെയാണ് പാടിയത്.
പൂജപ്പുരയിൽ വാടകവീട്ടിൽ താമസിച്ചാണ് ഫ്യൂഷൻ ഷോകൾ നടത്തിയത്. രണ്ടുവർഷം പ്രായമുള്ള ’കൺഫ്യൂഷൻ’ ബാന്റ് ഇതിനിടെ പിരിഞ്ഞു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം ’ദി ബിഗ് ബാന്റ്’ പിറവിയെടുത്തു. ടെലിവിഷൻ ചാനലിൽ ആദ്യമായി ഫ്യൂഷൻ പരമ്പരയോടെയാണ് ബാൻഡ് തുടങ്ങിയത്.
എത്ര സങ്കീർണമായ സംഗീതവും നിഷ്പ്രയാസം എന്നു തോന്നിപ്പിക്കുന്ന ഭാവത്തോടെയാണ് ബാലഭാസ്കർ അവതരിപ്പിച്ചിരുന്നത്. അതിന് അദ്ദേഹം കാരണമായി പറയുന്നത് വയലിനെ തനിക്ക് പേടിയില്ല എന്നാണ്. വിശേഷണവും ബാലഭാസ്കറിന് സ്വന്ത‌മായതും ആ അനായാസ ഭാവം കാരണമാകും. ‘മംഗല്യപ്പല്ലക്ക്’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കുമ്പോൾ പ്രായം17. ഈസ്റ്റ് കോസ്റ്റിനുവേണ്ടി ഹിറ്റ് റൊമാന്റിക് ആൽബങ്ങൾ. എന്നാൽ വെള്ളിത്തിര ഒരിക്കലും ബാലഭാസ്കറിനെ ഭ്രമിപ്പിച്ചില്ല. വയലിനിലെ അനന്തസാധ്യതകൾ തന്നെയായിരുന്നു ബാലുവിന്‍റെ സ്വപ്നം. യേശുദാസ്, കെ.എസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങി പ്രമുഖർക്കൊപ്പം ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകൾ പിന്നിട്ടു. 40 വയസ്സിനുള്ളിൽ ഒരു കലാകാരൻ എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ എല്ലാം കീഴടക്കി മുന്നേറുകയായിരുന്നു. ബാന്റിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് ബാലഭാസ്‌കറിനെ പിന്നെ നയിച്ചത്. കുറേനാൾ ബാന്റില്ലാതെ ’ബാലലീല’ എന്ന പേരിൽ സ്വന്തം സംഗീത പരിപാടികളുമായി ലോകം ചുറ്റി. ’ക്വാബോൻ കെ പരിൻഡെ’ എന്ന പേരിൽ ഹിന്ദി ആൽബവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. കണ്ണുകൾ പൂട്ടി ചെറുചിരിയോടെ ബാലഭാസ്കർ വേദിയിൽ സംഗീതത്തിന്റെ മായാലോകം തീർക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമെമ്പാടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്കറിന്. പക്ഷേ പറയാനുള്ളത് പലതും തുറന്നു പറയുകയും ചെയ്തിരുന്നു. വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടിവന്ന പലതിനെ പറ്റിയും ബാലഭാസ്കർ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ ആനന്ദിപ്പിച്ച, അമ്പരപ്പിച്ച കലാകാരനാണ് ഇപ്പോൾ അറിയുന്ന ഓരോരുത്തരുടെയും മനസിൽ നോവായി മടങ്ങിയത്. മരണശേഷം ആണ് ഓരോ മലയാളിക്കും അദ്ദേഹം എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് മലയാളം തന്നെ തിരിച്ചറിയുന്നത്. ഇപ്പോൾ ആ വയലിൻ സംഗീതം കേൾക്കുമ്പോൾ ഉള്ളൊന്നു പിടയാത്ത, കണ്ണൊന്നു നിറയാത്തവരായി ആരുമുണ്ടാകില്ല. ഉയരങ്ങളിൽ നിന്നുയരങ്ങളിലേയ്ക്കുള്ള യാത്ര അവസാനിപ്പിച്ച് വയലിൻ മാറോടണച്ച് ബാലഭാസ്കർ മടങ്ങിയപ്പോൾ മുറിവേറ്റത് അനേകായിരം ഹൃദയങ്ങളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here