കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. ഞങ്ങൾ പ്രഖ്യാപിക്കാതെ മാധ്യമങ്ങൾ സ്വന്തംനിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റി യോഗം നടക്കുകയാണ്. ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ജില്ലാ കമ്മിറ്റി ചർച്ചചെയ്ത ശേഷം സംസ്ഥാന കമ്മിറ്റി അംഗീകരിക്കും. അതിന് ശേഷം എൽഡിഎഫ് യോഗം അംഗീകരിച്ച ശേഷമാകും സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും ഇ.പി ജയരാജൻ പറഞ്ഞു.
സിപിഎമ്മിൽ വാർത്ത ചോർത്തിയെടുക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് ഒരു വെല്ലുവിളിയുമില്ല. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്. സ്ഥാനാർഥിയെ കുറിച്ച് ആലോചിക്കുന്നതേയുള്ളൂ. വികസനവും ഇടതുരാഷ്ട്രീയവുമാണ് ഞങ്ങൾ മുന്നോട്ടുവെക്കുക. വിജയിച്ചുവരാൻ കഴിയുമെന്നുതന്നെയാണ് പാർട്ടി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കെ.എസ് അരുൺകുമാറിന്റെ പേര് നിർദേശിക്കപ്പെട്ടതായാണ് റിപ്പോർട്ട്.