തിരുവനന്തപുരം • ഗുജറാത്തിന്റെ ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാൻ കേരളം. ഗുജറാത്തിൽ ഇ–ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് ഗുജറാത്ത് സന്ദർശിക്കുന്നത്. ഇന്നു മുതൽ 29 വരെയാണ് സന്ദർശനം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ ഉമേഷ് ഐഎഎസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഗുജറാത്ത് സർക്കാരിന്റെ പദ്ധതി നടത്തിപ്പും സർക്കാർ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസ്സിലാക്കാനാണ് യാത്ര. വിവിധ സർക്കാർ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. ശക്തമായ ഡേറ്റാബേസ് സൃഷ്ടിക്കുകയും, സിഎം ഡാഷ്‌ബോർഡ് വഴി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി.
സാധാരണക്കാരുടെ പരാതികൾ തീർപ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും നിരന്തരം വിമർശിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്കാണു ചീഫ് സെക്രട്ടറിയുടെ സന്ദർശനമെന്നതു ശ്രദ്ധേയമാണ്.