വനിതകളുടെ ട്രയാത്തലണിൽ ഫ്ലോറ ഡഫിയാണ് 1:53.36 മിനിറ്റില്‍ ഫിനിഷ് ചെയ്ത് രാജ്യത്തിന് ആദ്യ സ്വർണം സമ്മാനിച്ചത്.
ടോക്യോ: ഒളിംപിക്സിൽ ചരിത്രനേട്ടവുമായി ബെർമുഡ. ദ്വീപ് രാജ്യത്തിന് ജയം മാത്രമല്ല, ചരിത്ര നിമിഷം കൂടിയായിരുന്നു അത്, കാരണം രാജ്യത്തിന്‍റെ ആദ്യ സ്വർണം മാത്രമല്ല ഈ സ്വര്‍ണത്തോടെ ബെര്‍മുഡ സ്വന്തമാക്കിയത്. ഒളിംപിക്സില്‍ സ്വർണം നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമെന്ന റെക്കോർഡു കൂടിയാണ്.
സ്വർണം നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമെന്ന റെക്കോർഡാണ് ബെർമുഡ സ്വന്തമാക്കിയത്. വനിതകളുടെ ട്രയാത്തലണിൽ ഫ്ലോറ ഡഫിയാണ് 1:53.36 മിനിറ്റില്‍ ഫിനിഷ് ചെയ്ത് രാജ്യത്തിന് ആദ്യ സ്വർണം സമ്മാനിച്ചത്.
കായികക്ഷമതയുടെ ഏറ്റവും വലിയ പരീക്ഷണമാണ് ട്രയാത്തലൺ. 1500 മീറ്റർ നീന്തൽ, 40 കിലോ മീറ്റർ സൈക്ലിങ്, പിന്നെ 10 കിലോ മീറ്റർ ഓട്ടം. ഫിനിഷിങ് ലൈനിലേക്ക് ബെർമുഡയുടെ ഫ്ലോറ ഡഫി ഓടിയെത്തുമ്പോൾ എതിരാളികൾ ബഹുദൂരം പിന്നിലായിരുന്നു.
കരിയറിലെ നാലാം ഒളിംപിക്സിലാണ് ഡഫിയുടെ സ്വര്‍ണ നേട്ടം. വെറും 63,918 ആളുകൾ മാത്രമുള്ള ബർമുഡയ്ക്ക് ഇത് ആഘോഷമാകാതിരിക്കുന്നത് എങ്ങനെ. നമ്മുടെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് മാത്രം 10 ലക്ഷത്തോളം(9,57,730 ) ജനങ്ങളുണ്ടെന്ന് ഓർക്കുമ്പോൾ ബെർമുഡയുടെ നേട്ടം എത്രമാത്രം ഉയരത്തിലാണെന്ന് വ്യക്തമാകുക.
വെറും 53 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള രാജ്യത്ത് നിന്നെത്തിയ 33കാരിയായ ഡഫി മത്സരത്തിൽ മാത്രം പിന്നിട്ടത് 51.5 കിലോ മീറ്റർ ദൂരം. 1936ൽ ആദ്യമായി ഒളിംപിക്സിനെത്തിയ ബെർമുഡയുടെ രണ്ടാം മെഡൽ നേട്ടമാണ് ഇത്. 1976ൽ ഹെവിവെയ്റ്റ് ബോക്സിങ്ങിൽ ക്ലാരന്‍സ് ഹില്‍ നേടിയ വെങ്കലമാണ് ബെര്‍മുഡയുടെ ഇതിന് മുൻപുള്ള മെഡല്‍ നേട്ടം. രാജ്യത്തിന്‍റെ അഭിമാനമാണ് ഫ്ലോറയെന്ന് ബെര്‍മുഡ ഭരണത്തലവൻ ഡേവിഡ് ബര്‍ട്ട് അഭിനന്ദിച്ചു.