തിരുവനന്തപുരം,ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈറൺ നടക്കുന്നത്
തിരുവനന്തപുരം: നാളെ കേരളത്തിലെ നാല് ജില്ലകളിൽ , കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കും. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് വാക്സിൻ വിതരണത്തിന്റെ ഡ്രൈ റൺ നടത്തുക. വാക്സിൻ ഡ്രൈ റൺ സംസ്ഥാനങ്ങളിൽ നടക്കുന്നത്, കേന്ദ്ര നിർദ്ദേശം അസരിച്ചാണ് .
ഏത് രീതിയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യണം എന്നതിനുള്ള റിഹേഴ്സലാണ് ഡ്രൈ റൺ. വാക്സിൻ കുത്തിവെപ്പൊഴികെ മറ്റ് എല്ലാ നടപടിക്രമങ്ങളും ഡ്രൈ റണ്ണിൽ നടത്തും. ആരോഗ്യപ്രവർത്തകരാണ് ആശുപത്രികളിൽ ഇതിന്റെ ഭാഗമാവുക.
ആശുപത്രിയിൽ വാക്സിൻ എത്തിയാൽ സ്റ്റോറേജ് ബോക്സ് തുറന്ന് പുറത്തെടുക്കൽ, കുത്തിവെപ്പിനായുള്ള മറ്റ് തയ്യാറെടുപ്പുകൾ, ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിക്കാനായി എത്തുമ്പോഴുള്ള രജിസ്ട്രേഷൻ, വാക്സിനേഷൻ, വാക്സിനേഷന് ശേഷമുള്ള നിരീക്ഷണം തുടങ്ങിയവയാണ് ഡ്രൈ റണ്ണിൽ ഉള്ളത്.
വാക്സിൻ എത്തിയാൽ സൂക്ഷിക്കാനും വിതരണത്തിനുമുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനം പൂർത്തിയാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മൂന്ന് റീജിയണൽ വാക്സിൻ സ്റ്റോറുകൾ ഒരുക്കി കഴിഞ്ഞു. സർക്കാർ ആശുപത്രികളിൽ വാക്സിൻ വിതരണം ചെയ്യാൻ വേണ്ട പ്രത്യേക ശീതീകരണ സംവിധാനം ഒരുക്കും.
കേരളത്തിൽ തിരുവനന്തപുരത്തെ മൂന്ന് ആശുപത്രികളിൽ ഡ്രൈറൺ ഉണ്ടാകും. പേരൂർക്കട ജില്ല ആശുപത്രി, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് നാളെ ഡ്രൈറൺ. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ഓരോ ആശുപത്രികളിലുമാണ് ഡ്രൈറൺ. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.