മലങ്കര സഭയുടെ ആസ്ഥാനമായ തിരുവനന്തപുരത്തു നടന്ന ചർച്ച ഒന്നര മണിക്കൂറിലേറെ നീണ്ടു
തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ മുന്നിട്ടിറങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മലങ്കര സഭ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസുമായി കൂടിക്കാഴ്ച നടത്തി.
മധ്യകേരളത്തിൽ എല്ലാക്കാലത്തും യു.ഡി.എഫിൻ്റെ വോട്ടുബാങ്കും ശക്തി സ്രോതസ്സുമായിരുന്നു ക്രൈസ്തവ സഭകൾ. ക്രൈസ്തവ സഭകളുടെ എതിർപ്പാണ്, തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് , യു.ഡി.എഫ്. വിലയിരുത്തിയിരുന്നു. പ്രശ്ന പരിഹാരത്തിന് സഭാ നേതൃത്വവുമായി ചർച്ച നടത്താൻ യു.ഡി.എഫ്. യോഗം നേതാക്കൾക്ക് നിർദേശം നൽകി.
അതിന്റെ ഭാഗമായിരുന്നു കർദിനാൽ ബസേലിയോസ് മാർ ക്ലിമീസുമായുള്ള കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്ച. മലങ്കര സഭയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തെ ചർച്ച ഒന്നര മണിക്കൂറിലേറെ നീണ്ടു.
യു.ഡി.എഫ്. രാഷ്ട്രീയത്തിൻ്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കുന്നെന്ന പ്രചരണത്തിലും സഭാ നേതൃത്വത്തിന് ആശങ്കയുണ്ട്. ഇതു പരിഹരിക്കലും കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമായിരുന്നു. താമരശ്ശേരി ബിഷപുമായും കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.