തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എത്ര വാക്‌സിന്‍ ലഭ്യമാകുമെന്നോ എങ്ങനെ വിതരണം ചെയ്യണമെന്നോ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍കൂട്ടി നടത്തിയ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ ആരോപിച്ചു.
കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിന് മുന്‍പുള്ള പ്രസ്താവന ചട്ടലംഘനമാണ്. ഇത്തരമൊരു പ്രസ്താവന നടത്താനുള്ള അടിയന്തര സാഹചര്യം ഇല്ലായിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, വാക്‌സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. ലഭിക്കുന്ന വാക്‌സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.