നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേന്ദ്ര മന്ത്രിമാരുടെയും ഉന്നത നേതാക്കളുടെയും വന്‍ പടയെ തന്നെ കേരളത്തില്‍ പ്രചരണത്തിനിറക്കാന്‍ ബി.ജെ.പി നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് വിധി വന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് തീരുമാനം. പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇതിനകം തന്നെ ബി.ജെ.പി തുടങ്ങിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തില്‍ ചുരുങ്ങിയത് 15 സീറ്റിലെങ്കിലും വിജയിക്കണമെന്നതാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് നിര്‍ദ്ദേശം.പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ വരെ പ്രചരണ രംഗത്ത് സജീവമായി രംഗത്തിറങ്ങും. കോണ്‍ഗ്രസ്സില്‍ നിന്നും നേതാക്കളെ അടര്‍ത്തിമാറ്റാനുള്ള സാധ്യതകളും ബി.ജെ.പി ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായാല്‍ പല കോണ്‍ഗ്രസ്സ് നേതാക്കളുടെയും നിറം മാറുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്ക് കൂട്ടുന്നത്. എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാക്കിയത് തന്നെ കൂട് മാറ്റത്തിന് ശക്തി പകരുന്നതിന് വേണ്ടിയാണ്. ഇത്തവണ ബി.ജെ.പിക്ക് 10 സീറ്റെങ്കിലും നേടാന്‍ കഴിയുകയും യു.ഡി.എഫ് അധികാരത്തില്‍ വരാതിരിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ്സ് തകരുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്.
കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മില്‍ നിന്നും നേതാക്കളെയും അണികളെയും അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസ്സിനെ നോട്ടമിടാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചിരിക്കുന്നത്. എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ് സംഘടനകളുടെ പിന്തുണയും ബി.ജെ.പി നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനു വേണ്ടി കേന്ദ്ര നേതാക്കളെ തന്നെ ഇടപെടുവിക്കാനാണ് നീക്കം. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും ബി.ജെ.പി ഏറെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ലാല്‍ കാവിയണിഞ്ഞാല്‍ ആരാധകര്‍ക്കിടയില്‍ തന്നെ പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ അതിനുള്ള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം കെ.ബി ഗണേഷ് കുമാറിന്റെ പ്രചരണത്തിനായി മുന്‍പ് മോഹന്‍ലാല്‍ രംഗത്തിറങ്ങിയതു പോലെ സുരേഷ് ഗോപിയെ മത്സരിപ്പിച്ച് അവിടെ ലാലിനെ പ്രചരണത്തിന് ഇറക്കാനാണ് ബി.ജെ.പിയിലെ ആലോചന.സംസ്ഥാന വ്യാപകമായി ഇത് ഉപയോഗപ്പെടുത്താമെന്നും ബി.ജെ.പി നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. സിറ്റിംഗ് സീറ്റായ നേമത്ത് പരിഗണിക്കപ്പെടുന്നവരില്‍ സുരേഷ് ഗോപിയും, കുമ്മനം രാജശേഖരനും, കെ. സുരേന്ദ്രനും വരെയുണ്ട്. കേരളത്തില്‍ പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥ റോള്‍ നിര്‍വ്വഹിച്ചത് ബി.ജെ.പിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രചരണത്തിനാണ് ബി.ജെ.പി നേതൃത്വം തയ്യാറെടുക്കുന്നത്. സ്വര്‍ണ്ണക്കടത്തും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമെല്ലാം ഇതിനായി ഉപയോഗപ്പെടുത്തുവാനാണ് കാവിപ്പടയുടെ തീരുമാനം.നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേന്ദ്ര സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ സംസ്ഥാനത്തുണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വവും നല്‍കുന്ന സൂചന. ഇതെല്ലാം കേരളവും കേന്ദ്രവും തമ്മിലുള്ള വലിയ ഏറ്റുമുട്ടലില്‍ കലാശിക്കാനാണ് സാധ്യത. അതേസമയം ശക്തമായ ത്രികോണ മത്സരം പിണറായിക്ക് തുടര്‍ ഭരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം നേടിയാല്‍ അതോടെ എല്ലാ ആരോപണങ്ങളുടെയും മുന ഒടിയുമെന്നും പുതിയ ആയുധം പ്രതിപക്ഷത്തിന് വേറെ കണ്ടെത്തേണ്ടി വരുമെന്നുമാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.