നിങ്ങളുടെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം ചില പ്രാണികളും പാറ്റകളും ഓടി നടക്കുന്നത് നിങ്ങൾ കാണാറില്ലേ? ഇത് കാണുമ്പോൾ നമുക്കെല്ലാം അറപ്പും വെറുപ്പും തോന്നും. നമ്മൾ പല വഴികളും പ്രയോഗിക്കുന്നുണ്ട് എങ്കിലും ഇതിനെ തടയാൻ പറ്റുന്നില്ല.
എല്ലാ ദിവസവും അടുക്കള വൃത്തിയാക്കിയാലും തുടച്ചാലും, ഈ പാറ്റകൾ സിങ്കിനടിയിലും ക്യാബിനറ്റുകളുടെ കോണുകളിലും അല്ലെങ്കിൽ സ്ലാബുകൾക്ക് താഴെയുമൊക്കെയായി ഒളിക്കും. എന്നാൽ ശരിയായ ചില ചേരുവകൾ ഉപയോഗിച്ച് അടുക്കള വൃത്തിയാക്കുന്നത് ഇവയെ തടയുവാൻ ഉപകാരപ്പെടുന്നതുമാണ്.
ചൂടുവെള്ളവും വിനാഗിരിയും
നിങ്ങളുടെ അടുക്കളയിൽ തന്നെ സുലഭമായ ചേരുവകളാണ് ഇവ. കുറച്ച് ചൂടുവെള്ളം എടുത്ത് വെളുത്ത വിനാഗിരി ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് സ്ലാബുകളും അടുപ്പിന്റെ മുകൾഭാഗവും മറ്റ് പ്രധാന ഇടങ്ങളും തുടച്ച് വൃത്തിയാക്കുക. രാത്രിയിൽ അടുക്കളയിലെ സിങ്കിൽ ഈ ലായനി ഒഴിക്കുക. ഇത് പൈപ്പുകളും ഡ്രെയിനുകളും അണുവിമുക്തമാക്കുകയും പാറ്റകളെ അടുക്കളയിലേക്ക് കയറുന്നതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യും.
ചൂടുവെള്ളവും, നാരങ്ങയും ബേക്കിംഗ് സോഡയും
ഒരു നാരങ്ങ, രണ്ടു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എന്നിവ ഒരു ലിറ്റർ ചൂടുവെള്ളത്തിൽ കലർത്തി, നന്നായി ഇളക്കി സിങ്കിന്റെ ഡ്രെയിനേജിൽ ഒഴിക്കുക അല്ലെങ്കിൽ സിങ്കിനോ സ്ലാബിനോ താഴെയുള്ള ഭാഗം കഴുകുക. അടുക്കളയിൽ പാറ്റകളുടെ ശല്യം തടയാൻ സാധിക്കും.
വെള്ളരിക്ക
ജലാംശം നൽകുന്നതും, ദഹനത്തെ സഹായിക്കുന്നതുമായ ഈ പച്ചക്കറി നമുക്കേവർക്കും വളരെയേറെ പ്രിയങ്കരമാണ്. എന്നാൽ, വെള്ളരിക്കയുടെ രുചിയും സൗരഭ്യവാസനയും പാറ്റകൾക്ക് വെറുപ്പുളവാക്കും. ഇത് സത്യമാണ്. അതിനാൽ, പാറ്റകൾ വരുന്ന സ്ഥലങ്ങളിൽ വെള്ളരിക്കയുടെ കുറച്ച് കഷണങ്ങൾ വയ്ക്കുന്നത് നിങ്ങളുടെ അടുക്കളയിൽ നിന്ന് അവയെ അകറ്റി നിർത്താൻ തീർച്ചയായും സഹായിക്കും.
ആര്യവേപ്പ് സത്ത്
വേപ്പ് ഇലകൾ മുതൽ വേപ്പ് എണ്ണ വരെ, ആര്യവേപ്പിന്റെ വിവിധ രൂപങ്ങളും നിങ്ങളുടെ അടുക്കളയിൽ നിന്ന് പ്രാണികളെയും പാറ്റകളെയും അകറ്റിനിർത്തുന്നതിൽ സഹായിക്കും. ആര്യവേപ്പിന്റെ കുറച്ച് ഇലകൾ അടുക്കളയിൽ സൂക്ഷിക്കുക, നിങ്ങൾക്ക് വെറും 3 ദിവസത്തിനുള്ളിൽ മാറ്റം കാണാൻ കഴിയും. അടുക്കളയിൽ പാറ്റകളും പ്രാണികളും മുട്ടയിടുന്നത് തടയാൻ ചൂടുവെള്ളത്തിൽ കലക്കിയ കുറച്ച് വേപ്പ് എണ്ണയും നിങ്ങൾക്ക് തളിക്കാം.
കറുവപ്പട്ട
ശല്യക്കാരായ പാറ്റകളെ അകറ്റി നിർത്താൻ ഈ സുഗന്ധവ്യഞ്ജനത്തിന് സാധിക്കുന്നു. കറുവപ്പട്ടയുടെ ശക്തമായ ഗന്ധം അടുക്കള സ്ലാബുകളിലും ക്യാബിനറ്റുകളിലും പാറ്റ കയറുന്നതിൽ നിന്ന് തടയുന്നു. അടുക്കളയ്ക്ക് ചുറ്റും ശുദ്ധമായ കറുവപ്പട്ട പൊടി വിതറിയാൽ പ്രാണികളും പാറ്റകളും അവിടെ മുട്ട ഇടുന്നത് തടയാൻ സാധിക്കും.