തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സംസ്ഥാനമാകെ തലവേദനയായ കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി സംസ്ഥാനം. നിലവില്‍ വന്യജീവി നിയമപ്രകാരം കൊല്ലാനാകാത്ത കാട്ടുപന്നികളെ ഇല്ലായ്‌മ ചെയ്യുന്നതിന് അനുമതിക്കായി വനംമന്ത്രി കെ.രാജു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അനുമതി തേടി.
കാട്ടുപന്നികളെ പിടികൂടി ഇല്ലായ്‌മ ചെയ്യാന്‍ കഴിയാതെ വന്നതോടെ ഇവ പെറ്രുപെരുകി നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഇതിനെ തുടര്‍ന്ന് നാട്ടിലിറങ്ങുന്നവയെ മാത്രം വെടിവച്ച് കൊല്ലാന്‍ സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ ഇങ്ങനെ പന്നികളെ നശിപ്പിച്ചിട്ടും അവയുടെ എണ്ണം കുറയാതെ വന്നതും ശല്യം വര്‍ദ്ധിച്ചതുമാണ് വ്യാപകമായി പന്നികളെ ഇല്ലായ്‌മ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.സംസ്ഥാന വ്യാപകമായാകില്ല പന്നിശല്യം വര്‍ദ്ധിച്ച മേഖലകളെ ക്ളസ്‌റ്ററായി തിരിച്ചാകും ഇവയെ നശിപ്പിക്കുക എന്ന് മന്ത്രി കെ.രാജു അറിയിച്ചു.
വനംമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ഇങ്ങനെ:
കാട്ടുപന്നിയെ വെര്‍മിന്‍ ആക്കാന്‍ കേന്ദ്ര അനുമതി തേടാന്‍ ഉത്തരവായി.
കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അവയെ വെര്‍മിന്‍ ആയി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാന്‍ വേണ്ട നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കി.
കേരളത്തിലെ വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ വളരെ കര്‍ക്കശ മായതിനാല്‍ വലിയ തോതില്‍ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാന്‍ വനം വകുപ്പിന് ആയില്ല.
ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യം ഉള്ള മേഖലകളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഉദ്യോഗസ്ഥര്‍ക്ക് പുറമെ തോക്ക് ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അവയെ വെടിവച്ചുകൊല്ലാന്‍ ഈ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായത്. ആ ഉത്തരവ് ഇപ്പോള്‍ നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവ് കാണാത്തതിനാല്‍ അവയെ വെര്‍മിന്‍ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാന്‍ ഈ സര്‍ക്കാര്‍ ആലോചിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വകുപ്പിന് സാധിക്കും. പക്ഷെ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അത് തേടുന്നതിന് നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും അതിന് ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകള്‍, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങള്‍ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അനുമതി ലഭിക്കും. ഇപ്പോള്‍ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാന്‍ ഉത്തരവ് നല്‍കി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടു പന്നി ആക്രമണം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയും.