ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജനുവരി വരെ സൈനിക നീക്കങ്ങൾ തുടരാൻ ആവശ്യമായ ഫണ്ട് കൈവശമുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നത് ഇതുവരെ നേടിയ സമ്പൂർണ വിജയത്തെ പരാജയമാക്കി മാറ്റുന്നതിന് തുല്യമാണെന്നും ട്രംപ് പറഞ്ഞു.
ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ജനുവരിയിൽ ഡെമോക്രാറ്റുകൾ അധികാരത്തിലെത്തുന്നതോടെ തന്റെ സൈനിക നീക്കങ്ങൾക്ക് നിയന്ത്രണങ്ങൾ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഡെമോക്രാറ്റുകൾ സമ്മർദം ചെലുത്തില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ നാവികസേനയും വ്യോമസേനയും നേതൃത്വവും തകർത്തുവെന്നാണ് ട്രംപിന്റെ അവകാശവാദം. ഇതെല്ലാം ഇല്ലാതാക്കിയത് അമേരിക്കയുടെ വിജയമാണെന്നും ആ നേട്ടം പരാജയമാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.
‘ഇറാന്റെ നാവികസേനയും വ്യോമസേനയും നേതാക്കളുമെല്ലാം ഇല്ലാതായി. ഡെമോക്രാറ്റുകൾ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിച്ചാൽ ഈ വിജയത്തെ പരാജയമാക്കി മാറ്റും. അങ്ങനെയാണെങ്കിൽ ജനുവരി വരെ യുദ്ധം തുടരാൻ ആവശ്യമായ ഫണ്ട് ഞങ്ങളുടെ കൈവശമുണ്ട്’, ട്രംപ് വ്യക്തമാക്കി.
രാഷ്ട്രീയമായി ഡെമോക്രാറ്റുകൾക്ക് അത്തരമൊരു നീക്കം നടത്താൻ കഴിയുമോയെന്ന് അറിയില്ലെന്നും യുദ്ധത്തിൽ തങ്ങൾ വിജയിച്ചുനിൽക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എപ്പോൾ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.







