കോവിൽപട്ടി കാർത്തിക 🔥🔥
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപട്ടി സ്വദേശിനിയായ കാർത്തിക (23) രണ്ട് മാസത്തിനിടെ രണ്ട് യുവാക്കളെ വിവാഹം കഴിച്ച് സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്ത സംഭവമാണ് ഇപ്പോൾ വലിയ വാർത്തയായിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 13-നായിരുന്നു തഞ്ചാവൂർ സ്വദേശിയായ സിദ്ധാർത്ഥനുമായി (36) കാർത്തികയുടെ ആദ്യ വിവാഹം നടന്നത്. ഇടനിലക്കാർക്ക് മൂന്ന് ലക്ഷം രൂപയും വധുവിന് മൂന്ന് പവൻ സ്വർണ്ണവും ഉൾപ്പെടെ ഏകദേശം 15 ലക്ഷം രൂപയോളം ചെലവഴിച്ചായിരുന്നു വിവാഹം. എന്നാൽ രണ്ടാം ദിവസം അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സയ്ക്കായി പണവും വാങ്ങി കാർത്തിക കോവിൽപട്ടിയിലേക്ക് മടങ്ങി. വിവാഹ ശേഷമുള്ള ആദ്യ ദീപാവലി (തലദീപാവലി) ആഘോഷിക്കാൻ പോലും ഭാര്യ ഭർതൃവീട്ടിലേക്ക് വരാതായതോടെ സംശയം തോന്നിയ സിദ്ധാർത്ഥനും കുടുംബവും നേരിട്ട് കോവിൽപട്ടിയിലെ വീട്ടിലെത്തുകയായിരുന്നു.
വീട്ടിലെത്തിയ സിദ്ധാർത്ഥനെ കാത്തിരുന്നത് മറ്റൊരു വലിയ ഞെട്ടലായിരുന്നു. കാർത്തിക അവിടെ ഉണ്ടായിരുന്നില്ല; പകരം മാതാപിതാക്കളെന്ന് പരിചയപ്പെടുത്തിയ മുനീശ്വരി, മാരിയപ്പൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇവർ സംസാരിച്ചുകൊണ്ടിരിക്കെ നാമക്കൽ സ്വദേശിയായ രഞ്ജിത്ത് കുമാർ (37) എന്ന യുവാവ് തന്റെ ഭാര്യ കാർത്തിക എവിടെയെന്ന് അന്വേഷിച്ച് അവിടേക്ക് എത്തി. നവംബർ ഒന്നിന് ക്ഷേത്രത്തിൽ വെച്ച് കാർത്തികയുമായി തന്റെ വിവാഹം കഴിഞ്ഞതാണെന്ന് രഞ്ജിത്ത് വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. വ്യാജ മാതാപിതാക്കളായി അഭിനയിച്ച വിവാഹ ബ്രോക്കർമാരായ മുനീശ്വരി, മാരിയപ്പൻ എന്നിവർക്കും കാർത്തികയ്ക്കുമെതിരെ സിദ്ധാർത്ഥന്റെയും രഞ്ജിത്തിന്റെയും പരാതിയിൽ കോവിൽപട്ടി വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.









