കാസർകോട്: എന്‍ഡോസൾഫാൻ, മെഡിക്കൽ കോളജ് വിഷയങ്ങളിൽ പരിഹാരം ഉറപ്പു നൽകി മുഖ്യമന്ത്രി വി. ഡി. സതീശൻ. പുതിയ എന്‍ഡോസള്‍ഫാന്‍ സെല്‍ ഒരാഴ്ചയ്ക്കകം രൂപീകരിക്കുമെന്നും മൂന്ന് മാസത്തിലൊരിക്കല്‍ സെല്‍ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തിയതിൻ്റെ മാനദണ്ഡം പുന:പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024ല്‍ ദുരിതബാധിതരായി കണ്ടെത്തിയവരെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിൻ്റെ ഭാഗമാക്കും. മെഡിക്കല്‍ ക്യാമ്പുമായി ബന്ധപ്പെട്ട് സമരസമിതിയുടെ പരാതി പരിഗണിച്ച് അടുത്ത മെഡിക്കല്‍ ക്യാമ്പ് നടത്താം. മെഡിക്കല്‍ കോളജുകളിലെ വിദഗ്ധര്‍ ഇതിനായി മാനദണ്ഡം തയ്യാറാക്കും. ദുരിതബാധിതരുടെ മരുന്ന് വിതരണത്തിന് ധനലഭ്യത തടസമാകില്ല, നിലവിലുള്ള മുഴുവന്‍ കുടിശികയും തീര്‍ത്ത് മരുന്ന് വിതരണം സുഗമമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
ദുരിതബാധിതര്‍ക്ക് സൗജന്യ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി ജില്ലയ്ക്കകത്തും സമീപജില്ലയിലുമുള്ള ആതുരാലയങ്ങളെ ശക്തിപ്പെടുത്തും. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് പ്രത്യേക ചികിത്സാ വിഭാഗം സജ്ജമാക്കും. ഇതിനായി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും ആവശ്യമായ സജ്ജീകരണങ്ങളും സംബന്ധിച്ച് മെഡിക്കല്‍ വിദഗ്ധ സംഘം പഠനം നടത്തും. ഒരു മാസത്തിനകം ഇതിനായുള്ള പഠനം നടത്തി ആവശ്യമായ സൗകര്യങ്ങളും തസ്തികകളും ഒരുക്കും.
ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും തസ്തിക സൃഷിക്കുക വഴിയോ മറ്റ് ജില്ലകളില്‍നിന്ന് നിയോഗിച്ചോ പ്രത്യേക ചികിത്സാ വിഭാഗത്തിൻ്റെ പ്രവര്‍ത്തനം നടത്തും. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും മറ്റ് ആശുപത്രികളിലും സമാന രീതിയിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക സംവിധാനം തയ്യാറാകുന്നത് വരെ മംഗലാപുരത്തെ എംപാനല്‍ ചെയ്തിട്ടുള്ള നാല് ആശുപത്രികളില്‍ സൗജന്യ ചികിത്സക്കുള്ള സൗകര്യങ്ങള്‍ ഒരുക്കും.
പരിയാരം മെഡിക്കല്‍ കോളജില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പ്രത്യേകമായി പരിഗണിച്ച് നികത്തും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സാന്ത്വന സഹായം 2200 രൂപയില്‍ നിന്ന് 500 രൂപ കുറച്ച് 1700 രൂപയാക്കിയ വിഷയം പരിശോധിക്കും. അടുത്ത ബജറ്റിനകം കുറഞ്ഞ തുക പുന:സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ശാസ്ത്രീയമായ പുനരധിവാസം ഉറപ്പാക്കുന്നതിനായി പ്രത്യേക പാക്കേജ് തയാറാക്കും. അതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കമ്മറ്റി രൂപീകരിക്കും. പാക്കേജിലൂടെ വൈകല്യങ്ങളുള്ള കുട്ടികളില്‍ കൃത്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് ഉതകുന്ന തെറാപ്പികള്‍ സൗജന്യമായി നല്‍കും. ഈ കമ്മറ്റിയുമായി സമര സമിതി അംഗങ്ങള്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും സംസാരിച്ച് ആശയങ്ങളും ആശങ്കകളും പങ്കുവെക്കാവുന്നതാണ്. ദുരിത ബാധിതരായ കുട്ടികളെ പരിചരിക്കുന്ന അമ്മമാരെയും പാക്കേജിൻ്റെ ഭാഗമാക്കും.
അവരുടെ ഉപജീവനത്തിനുള്ള സൗകര്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തും. ജില്ലയില്‍ ബഡ്സ് സ്കൂളുകളുടെ നിലവിലെ സ്ഥിതിഗതി പഠിച്ച് അനിവാര്യമായ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടക്കെണിയിലായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ രക്ഷിതാക്കളുടെ വിവരങ്ങള്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ മുഖേനെ ശേഖരിച്ച് നല്കാന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ദുരിത ബാധിതരുടെ സൗജന്യ റേഷന്‍, ബഡ്സ് സ്കൂളുകളിലെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം പരിശോധിക്കും.
ഒരേ രോഗം ബാധിച്ച ഒരേ കുടുംബത്തിലെ രണ്ട് പേരില്‍ ഒരാള്‍ മാത്രം ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ വിഷയം എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011ന് ശേഷം ജനിച്ചവരെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ച് തീരുമാനമെടുക്കും. ദുരിതബാധിത പ്രദേശമായി കണക്കാക്കുന്ന പഞ്ചായത്തുകളുടെ വിഷയം പരിശോധിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ 60 ശതമാനം പ്രശ്നങ്ങളും വേഗത്തില്‍ പരിഹരിക്കുമെന്നും പാക്കേജ് യാഥാര്‍ഥ്യമാകുന്നതോടെ മറ്റ് വിഷയങ്ങള്‍ കൂടി പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആജീവനാന്ത സൗജന്യ ചികിത്സയില്‍ വിട്ടു വീഴ്ചയുണ്ടാകില്ല. ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി എല്ലാ മാസവും ജില്ലയിലെ പൊതു വിഷയങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം കൃത്യമായ മൂന്ന് മാസത്തെ ഇടവേളകളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വിഷയങ്ങള്‍ കൂടി അവലോകനം ചെയ്യും.
യോഗം ചേരുന്ന ഇടവേളയുടെ ദൈര്‍ഘ്യം കുറഞ്ഞാലും കൂടിപ്പോകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. സമരസമിതി അംഗങ്ങള്‍ക്കും ദുരിത ബാധിതരുടെ രക്ഷിതാക്കള്‍ക്കും ഏത് നേരവും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കണ്ട് ആശങ്കകള്‍ അറിയിക്കാമെന്നും കൃത്യമായ ടീം വര്‍ക്കായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം കാസർകോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ പ്രാക്ടീസ് മുടങ്ങിയതോടെ എംബിബിഎസ് വിദ്യാർഥികൾ കടുത്ത പ്രതിസന്ധിയിലായ സംഭവത്തിലും മുഖ്യമന്ത്രി ഇടപെട്ടു. ക്ലിനിക്കൽ പഠനത്തിനായി നിശ്ചയിച്ച കാസർകോട് ജനറൽ ആശുപത്രിയിലേക്ക് അധ്യാപകരായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ എത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് വിദ്യാർഥികൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി.
മെഡിക്കൽ കോളജിലെ ആശുപത്രി ബ്ലോക്കിൻ്റെ നിർമാണം പൂർത്തിയാകാത്തതിനാൽ ജനറൽ ആശുപത്രിയിലാണ് ക്ലിനിക്കൽ പ്രാക്ടീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ 30 കിലോ മീറ്റർ അകലെയുള്ള ജനറൽ ആശുപത്രിയിലേക്ക് പോകാൻ വിദ്യാർഥികൾക്ക് വാഹനവുമില്ല പഠിപ്പിക്കാൻ അധ്യാപകരുമില്ലാത്ത അവസ്ഥ ആയിരുന്നു.
കാസർകോട് എത്തിയ മുഖ്യമന്ത്രിയെ വിദ്യാർഥികൾ നേരിട്ട് കണ്ട് പരാതി അറിയിച്ചു. തുടർന്നാണ് പ്രശ്നങ്ങൾ ഒരു മാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. സ്പെഷ്യലിസ്റ്റ് ഒ പി ഡോക്ടർമാരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഒ പി തടസപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.


