ഗോളടിച്ചെങ്കിലും പെനാൽറ്റി പാഴാക്കി റൊണാൾഡോ;

0
5

റിയാദ്: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ അൽ നസ്റിന് തോൽവി. ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ അഹ്‌ലി നസ്റിനെ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ലീഡ് നേടിയ ശേഷം റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയത് അൽ നസ്റിന് തിരിച്ചടിയായപ്പോൾ, ഇവാൻ ടോണിയുടെ മികച്ച പ്രകടനത്തിന്‍റെ കരുത്തിൽ അൽ അഹ്‌ലി ശക്തമായ തിരിച്ചുവരവ് നടത്തി.

മത്സരത്തിന്‍റെ 14-ാം മിനിറ്റിൽ തന്നെ റൊണാൾഡോ അൽ-നസ്റിനെ മുന്നിലെത്തിച്ചു. അഹ്‌ലി പകുതിയിൽ സമു കോസ്റ്റ പിടിച്ചെടുത്ത പന്ത് റൊണാൾഡോയിലേക്ക് എത്തുകയും, താരം ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയെ മറികടന്ന് പന്ത് വലയിലാക്കുകയും ചെയ്‌തു. റൊണാൾഡോയുടെ കരിയറിലെ 986-ാം ഗോളായിരുന്നു ഇത്.

നാല് മിനിറ്റിന് ശേഷം ലീഡ് ഇരട്ടിയാക്കാൻ നസ്റിന് സുവർണ്ണാവസരം ലഭിച്ചു. സയീദ് ബാത്തിയ പെനാൽറ്റി ബോക്സിനുള്ളിൽ അവദ് അമാനെ ഫൗൾ ചെയ്‌തതിന് റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ, കിക്കെടുത്ത റൊണാൾഡോയുടെ ഷോട്ട് ഇടത് പോസ്റ്റിൽ തട്ടി മടങ്ങി. തുടർന്ന് മത്സരത്തിലേക്ക് തിരിച്ചുവന്ന ആതിഥേയർ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സമനില പിടിച്ചു. ഇവാൻ ടോണി നൽകിയ പാസിൽ നിന്ന് ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ ബ്രസീലിയൻ താരം ഗലേനോയാണ് അൽ-അഹ്‌ലിക്കായി ഗോൾ നേടിയത്.

രണ്ടാം പകുതിയിലും അൽ-അഹ്‌ലി ആക്രമണം തുടർന്നു. മെറിഹ് ഡെമിറലിനെ അബ്ദുള്ള അൽ ഹംദാൻ ഫൗൾ ചെയ്‌തതിന് ‘വാർ’ (VAR) പരിശോധനയിലൂടെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇവാൻ ടോണി അഹ്‌ലിക്ക് ലീഡ് നൽകി. നാല് മിനിറ്റിന് ശേഷം ഗലേനോ എടുത്ത കോർണർ കിക്കിൽ നിന്ന് റോജർ ഇബാനസ് ഹെഡ്ഡറിലൂടെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.

കിരീടപ്പോരാട്ടത്തിൽ തിരിച്ചടി

റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയത് കിരീടപ്പോരാട്ടത്തിൽ അൽ നസ്റിന് വലിയ തിരിച്ചടിയായി. ഈ തോൽവിയോടെ ലീഗിൽ ഒന്നാമതുള്ള അൽ ഹിലാലിനേക്കാൾ അഞ്ച് പോയിന്‍റ് പിന്നിലാകാനുള്ള സാധ്യതയാണ് അൽ നസ്റിന് മുന്നിലുള്ളത്. വിജയത്തോടെ അൽ അഹ്‌ലി പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. നസ്റിനേക്കാൾ നാല് പോയിന്‍റ് മാത്രം പിന്നിലാണ് ഇപ്പോൾ അവർ.

തോൽവി വഴങ്ങിയെങ്കിലും ആക്രമണനിരയിൽ റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ ഇവാൻ ടോണിയാണ് അൽ-അഹ്‌ലിയുടെ വിജയശില്പിയായത്. 13 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററും ടോണിയാണ്. കഴിഞ്ഞ മത്സരത്തിൽ അൽ-ഷബാബിനോട് 6-1ന് തകർന്നടിഞ്ഞ മരിനോ പുസിക്കിന്‍റെ ടീമിന് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here