എൽപിഎസ്ടി സമരക്കാരുമായുള്ള സംസ്ഥാന സർക്കാരിൻ്റെ ചർച്ച പൊളിഞ്ഞു. അനൗദ്യോഗികമായി വിദ്യാഭ്യാസ മന്ത്രി വളർമതിയുമായി ചർച്ച നടത്തിയെങ്കിലും അധ്യാപക-വിദ്യാർഥി അനുപാതത്തിൻ്റെ കാര്യത്തിൽ ഒന്നുകൂടി ചർച്ചകൾ ആവശ്യമാണെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി സമരക്കാരെ അറിയിച്ചു.
സമരക്കാരുടെ 1:25 അനുപാതം വേണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി വി.ഡി. സതീശനാണ് വഴങ്ങാത്തത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയായിരുന്നു. ഡിവിഷൻ ഫാൾ ഉള്ള സ്കൂളുകളിൽ 1:25 അനുവദിക്കാം എന്ന് വിദ്യാഭ്യാസ മന്ത്രി ക്യാബിനറ്റിൽ അറിയിച്ചു. ഈ ലിസ്റ്റിന് വേണ്ടി ഒരു വർഷത്തേക്ക് മാത്രമായി ഇളവ് നൽകാം എന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ യോഗത്തിൽ പറഞ്ഞു. എന്നാൽ നിർദേശം അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മന്ത്രിസഭാ യോഗത്തിന് ശേഷവും ഇരുവരും തമ്മിൽ സംസാരിച്ചു. ഈ ചർച്ചയിലും തീരുമാനമായില്ല.
എൽപിഎസ്ടി തസ്തികയിലേക്കുള്ള അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിനെ ധനവകുപ്പും എതിർത്തു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന തീരുമാനമാണിതെന്നാണ് ധനവകുപ്പിൻ്റെ വാദം. ഇതോടെ എൽപിഎസി ഉദ്യോഗാർഥികളുടെ സമരത്തിൽ ഒരു സമയവായത്തിനുള്ള സാധ്യത മങ്ങുകയാണ്.
അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കി കുറച്ചാൽ സർക്കാരിന് ഏകദേശം 400 കോടിയുടെ അധിക ബാധ്യത വരുമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. മാത്രമല്ല, ഈ അനുപാതം നടപ്പിലാക്കിയാൽ അത് എൽപിയിൽ മാത്രം ഒതുങ്ങില്ലെന്നും യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വരും. ഇത് ഭാവിയിൽ പല നിയമപോരാട്ടങ്ങൾക്കും വഴിവെക്കുമെന്നാണ് ധനവകുപ്പിന്റെ മുന്നറിയിപ്പ്.









