കൽപാത്തി രഥോത്സവം: ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം ഇന്ന്;

0
12

പാലക്കാട്: കൽപാത്തിയിൽ രഥോത്സവം ആവേശത്തോടെ പുരോഗമിക്കുമ്പോൾ ഭക്തജനങ്ങൾ കാത്തിരുന്ന ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം ഇന്ന് നടക്കും. ഭക്തിയുടെയും കൗതുകത്തിൻ്റെയും ആവേശത്തേരേറി ആയിരക്കണക്കിന് ഭക്തരാണ് രഥോത്സവത്തിൽ പങ്കാളികളാകാൻ ഇന്ന് കൽപാത്തിയിലെ അഗ്രഹാര വീഥികളിലേക്ക് എത്തിച്ചേരുന്നത്.

വിശാലാക്ഷി സമേത വിശ്വനാഥനും ഗണപതിയും വള്ളി ദൈവാന സമേത സുബ്രഹ്മണ്യനും പുതിയ കൽപാത്തി മന്ദക്കര മഹാഗണപതിയും പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയും ഇന്ന് തേരിലേറി അഗ്രഹാരങ്ങളിലെത്തും. ഒരാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് ത്രിസന്ധ്യയ്ക്ക് ക്ഷിപ്രപ്രസാദ ഗണപതി ക്ഷേത്രത്തിന് മുന്നിൽ തേരുമുട്ടിക്ക് സമീപത്താണ് ഭക്തിസാന്ദ്രമായ ഈ ദേവരഥ സംഗമം അരങ്ങേറുന്നത്. കാഴ്ചക്കാരുടെ കണ്ണിലും മനസ്സിലും അടുത്ത ഒരാണ്ടിലേക്ക് നിറഞ്ഞുനിൽക്കുന്ന അപൂർവ ദൃശ്യവിരുന്നായിരിക്കും തേരുമുട്ടിയിലെ ഈ മഹാസംഗമം.

രണ്ടാം തേരിൽ വൻ ജനപ്രവാഹം
കൊടിയേറ്റ് മുതൽ കനത്ത തിരക്കനുഭവപ്പെട്ട കൽപാത്തിയിൽ ഇന്നലെ രണ്ടാം തേരിനും വൻ ജനപ്രവാഹമായിരുന്നു അനുഭവപ്പെട്ടത്. രാവിലെ പുതിയ കൽപാത്തി മന്ദക്കര മഹാഗണപതിയുടെ തേര് പ്രൗഢഗംഭീരമായി എഴുന്നള്ളിയെത്തി. തേര് വലിക്കുന്ന വടത്തിൽ ഒന്ന് കൈവച്ച് പുണ്യം നേടാനും ഉത്സവത്തിൻ്റെ ഭാഗമാകാനും ഭക്തർ പരസ്പരം മത്സരിച്ചു. തേരിലെ മനോഹരമായ അലങ്കാരങ്ങളുടെ ഭംഗി കാമറകളിൽ പകർത്താൻ കാഴ്ചക്കാരും വലിയ തിരക്കുകൂട്ടി. ഭക്തിയുടെ പാരമ്യത്തിൽ തേരുവലിക്കുന്നവർ തങ്ങളുടെ ശാരീരികമായ അവശതകളെല്ലാം മറന്ന് ആഘോഷത്തിൽ മുഴുകി. ജയജയ ഗണേശ വിളികളോടെ താളമിട്ടാണ് സ്ത്രീകൾ തേരുവലിയുടെ ഭാഗമായത്. വീരവീര ഗണപതി വിളികളോടെ മറ്റ് ആളുകളും ആവേശപൂർവം തേരുവലിയുടെ കൂടെക്കൂടി.

വൈകിട്ട് വിശാലാക്ഷി സമേത വിശ്വനാഥൻ്റെയും ഗണപതിയുടെയും വള്ളി ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയുടെയും തേരുകൾ ഗ്രാമപ്രദക്ഷിണം പുനരാരംഭിച്ചപ്പോഴും കൽപാത്തി ആവേശത്തിരയിൽ ആറാടി. ഈ മൂന്ന് തേരുകളും പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിന് സമീപമെത്തിയാണ് രണ്ടാം ദിവസത്തെ പ്രദക്ഷിണം അവസാനിപ്പിച്ചത്. രാവിലെ പ്രദക്ഷിണം ആരംഭിച്ച മന്ദക്കരയിലെ തേര് വൈകിട്ട് ക്ഷിപ്രപ്രസാദ ഗണപതി ക്ഷേത്രത്തിന് മുന്നിലുള്ള തേരുമുട്ടിക്ക് സമീപമെത്തി പ്രദക്ഷിണം നിർത്തി.

വൈകിട്ട് ഗ്രാമപ്രദക്ഷിണവും ദേവരഥ സംഗമവും
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രഥാരോഹണം നടക്കും. വിഗ്രഹങ്ങൾ രഥത്തിലേറ്റിയ ശേഷം വൈകിട്ട് നാലിന് ഗ്രാമപ്രദക്ഷിണം ആരംഭിക്കും. ഇതോടെ കൽപാത്തിയിലെ അഗ്രഹാര ഗ്രാമങ്ങൾ ദേവരഥ സംഗമത്തിലേക്കുള്ള ഭക്തിനിർഭരമായ പ്രയാണത്തിലാകും. ഈ തേരുകൾ പുതിയ കൽപാത്തി ഗ്രാമത്തിൽ ചെന്ന് സന്ധ്യയോടെ തേരുമുട്ടിക്ക് സമീപമെത്തും. അതിനിടെ മന്ദക്കര മഹാഗണപതിയുടെ തേര് ഇവിടെനിന്ന് തിരിച്ചെഴുന്നള്ളും.

ഇന്നലെ പഴയ കൽപാത്തിയിൽ പ്രദക്ഷിണം അവസാനിപ്പിച്ച മൂന്ന് തേരുകൾ അവിടെനിന്ന് പുറപ്പെട്ട് സന്ധ്യയോടെ തേരുമുട്ടിയിലെത്തുമ്പോൾ അത് ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമമായി മാറുന്നു. ഇവിടെ അലങ്കരിച്ച ദേവരഥങ്ങൾ മാത്രമല്ല, ദേവന്മാരും ഭക്തജനങ്ങളും കൂടിയാണ് ഭക്തിയോടെ ഒന്നിച്ചു സംഗമിക്കുന്നത്. ഇന്ന് തുലാം മാസം പടിയിറങ്ങുമ്പോൾ ദേവരഥ ദർശനങ്ങളുടെ സുകൃതവും പുണ്യവും നിറഞ്ഞ മനസ്സോടെയാണ് ഭക്തരുടെ കൽപാത്തിയിൽനിന്നുള്ള പടിയിറക്കം.

LEAVE A REPLY

Please enter your comment!
Please enter your name here