യുഎഇയില്‍ പ്രമേഹബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2050-ഓടെ യുഎഇയില്‍ പ്രമേഹബാധിതരായ മുതിര്‍ന്നവരുടെ എണ്ണം 13 ലക്ഷത്തില്‍ നിന്ന് 19 ലക്ഷമായി ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹമുണ്ട്. രാജ്യത്ത് പ്രതിവര്‍ഷം 900 കോടി ദിര്‍ഹത്തിന്റെ വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധ പരിപാടികള്‍ വിപുലീകരിക്കുന്നതിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ വര്‍ദ്ധനവ് ഒഴിവാക്കാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാരിന്റെ നീക്കം.







