വിമാന സര്‍വീസുകള്‍ സ്‌തംഭിച്ച് അമേരിക്ക;

0
7

വാഷിങ്‌ടണ്‍: അമേരിക്കയില്‍ വിമാന യാത്ര സ്‌തംഭിച്ചു. രാജ്യത്തുടനീളമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ അറിയിച്ചു. രാജ്യത്ത് വിമാന സര്‍വീസുകള്‍ നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറുകളാണ് നടപടിക്ക് കാരണമെന്ന് എഫ്‌എഎ അറിയിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. 9/11 ആക്രമണങ്ങൾക്ക് ശേഷം ഇത്തരമൊരു നടപടി ഉണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്.

ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. നടപടിക്ക് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലെന്നും സംഭവം രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ അപ്രതീക്ഷിതമായുണ്ടായ തീരുമാനത്തില്‍ നിരവധി പേരുടെ യാത്രകള്‍ മുടങ്ങി.

ആശങ്കയില്‍ യാത്രക്കാര്‍

വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത് വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്ന് വാഷിങ്‌ടണിലെ അഭിഭാഷകനായ ജെഫ്‌ ഡബ്‌നര്‍ പറഞ്ഞു. സാധാരണ ഉണ്ടാകാറുള്ള സര്‍വീസ് റദ്ദാക്കല്‍ പോലെയല്ലിതെന്നും എന്താണ് സംഭവിച്ചത് എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോസ് ഏഞ്ചൽസിൽ നിന്ന് അലാസ്‌ക എയർലൈൻസ് വിമാനത്തിലെ യാത്രികനായിരുന്നു ജെഫ്‌ ഡബ്‌നര്‍. പറന്നുയരാനായി വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ പെട്ടെന്ന് സര്‍വീസ് റദ്ദാക്കുകയായിരുന്നുവെന്നും ജെഫ്‌ പറഞ്ഞു.

2023 ജനുവരിയിൽ എഫ്‌എഎയുടെ പ്രധാന കമ്പ്യൂട്ടർ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. അതിനുശേഷം രാജ്യവ്യാപകമായി വിമാന സർവീസുകൾ പൂർണമായും നിർത്തിവയ്‌ക്കുന്ന ആദ്യ സന്ദർഭമാണിത്. 2001 സെപ്റ്റംബർ 11ലെ ആക്രമണങ്ങൾക്ക് ശേഷമുള്ള കണക്കെടുത്താൽ ഇത്തരമൊരു നടപടി ഉണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്.

പ്രതികരണവുമായി എഫ്‌എഎ

അസാധാരണമായ സാഹചര്യങ്ങളും സുരക്ഷാ കാരണങ്ങളും മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് എഫ്‌എഎ അറിയിച്ചു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ സര്‍വീസുകളെ നിയന്ത്രിക്കുന്ന 22 പ്രാദേശിക എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളെ ബാധിച്ച ആശയവിനിമയ തകരാറിനെക്കുറിച്ച് ഏജൻസി അന്വേഷണം നടത്തിവരികയാണെന്ന് ഗതാഗത സെക്രട്ടറി സീൻ ഡഫി പറഞ്ഞു.

നിലവിലെ പ്രതിസന്ധി പരിഹരിച്ചാല്‍ ഉടന്‍ തന്നെ യാത്രക്കാരുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് എഫ്‌എഎ അറിയിച്ചു. യാത്രക്കാരെ എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ അമേരിക്കൻ എയർലൈൻസിലെ മുഴുവൻ ജീവനക്കാരും സജ്ജരായിരിക്കുമെന്നും കമ്പനി എക്‌സിലൂടെ അറിയിച്ചു.

അന്താരാഷ്ട്ര വിമാന സർവീസുകൾ ഓരോന്നും പ്രത്യേകം പരിശോധിച്ചാണ് കൈകാര്യം ചെയ്യുന്നതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ അറിയിച്ചു. ഇന്നലെ വൈകിട്ട് ഏതാനും വിമാനങ്ങള്‍ പറന്നുയര്‍ന്നിരുന്നു. അതിന് കാരണം അലാസ്‌കയിലും ഹവായിയിലുമുള്ള ചില സര്‍വീസുകളെ തകരാര്‍ ബാധിച്ചിട്ടില്ലെന്നും അലാസ്‌ക എയര്‍ലൈന്‍സ് പറഞ്ഞു. നടപടിയില്‍ മറ്റ് ദുരുദ്ദേശങ്ങളൊന്നും ഇല്ല. അത്തരത്തില്‍ സംശയങ്ങളുണ്ടാക്കുന്ന നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുള്ളിൻ കൂട്ടിച്ചേർത്തു.

അപ്രതീക്ഷിത നടപടിക്ക് പിന്നാലെ ഇതുവരെ 827 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അതേസമയം 670 വിമാനങ്ങളെ അവ ടേക്ക് ഓഫ് ചെയ്‌ത വിമാനത്താവളങ്ങളിലേക്ക് തന്നെ തിരിച്ചിറക്കിയതായി ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ സിറിയം പറഞ്ഞു. പറന്നുയര്‍ന്നവയില്‍ 157 വിമാനങ്ങളെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

വാഷിങ്‌ടൺ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളം, ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളം, സിൻസിനാറ്റി/നോർത്തേൺ കെന്റക്കി അന്താരാഷ്ട്ര വിമാനത്താവളം, നാഷ്‌വിൽ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ട പ്രധാന വിമാനത്താവളങ്ങളിൽ ചിലത്.

ഇന്നലെ വൈകിട്ട് 4 മണിക്ക് ശേഷം യുഎസിലെ വിമാനത്താവളങ്ങളില്‍ നിന്നും 11000 വിമാനങ്ങള്‍ പറന്നുയരേണ്ടതായിരുന്നു. 1.5 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഈ വിമാനങ്ങളിലുണ്ടായിരുന്നത്. ഇനിയും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here