കാസർകോട്: കേരളത്തിൻ്റെ വടക്കേയറ്റത്തുള്ള ജില്ല, സപ്തഭാഷ സംഗമഭൂമി. കാസർകോടിനെക്കുറിച്ച് കേൾക്കുമ്പോൾ മനസിൽ ആദ്യം എത്തുന്നത് ഇവയാകും. കാസർകോട്ടെ ടൂറിസത്തെക്കുറിച്ചാണ് ചോദ്യമെങ്കിൽ റാണിപുരവും, ബേക്കൽ കോട്ടയും മനസിലെത്തും. എന്നാൽ എല്ലാ തരം ടൂറിസം സാധ്യതകളും നിലനില്‍ക്കുന്ന അക്ഷയഖനിയാണ് കാസര്കോടെന്നാണ് ടൂറിസം മന്ത്രി പിസി വിഷ്ണുനാഥ് പറയുന്നത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങളോടെയാണ് മന്ത്രിയുടെ വാക്കുകൾ.
ടൂറിസത്തിന് ഇത്രയേറെ സാധ്യതകളുള്ള മറ്റൊരു ജില്ലയില്ല. എല്ലാത്തരം ടൂറിസം സാധ്യതകളും ഒരുപോലെ നിലനില്‍ക്കുന്ന ജില്ലയാണ് കാസര്‍കോടെന്നും മന്ത്രി വിഷ്ണുനാഥ് പറഞ്ഞു. ബീച്ച് ടൂറിസം, സാഹസിക ടൂറിസം, ഫാം ടൂറിസം, സാംസ്കാരിക ടൂറിസം, കായല്‍ ടൂറിസം തുടങ്ങി വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകളുടെ അക്ഷയ ഖനിയാണ് കാസര്‍കോട്.
കോട്ടപ്പുറത്ത് നിലവില്‍ 40 ഹൗസ് ബോട്ടുകളുണ്ടെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 250 ആയി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണ്. ജില്ലയില്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വലിയ സാധ്യതകളുണ്ട്. ഇതിനായി ജില്ലയില്‍ ഒരു ദിവസം പൂര്‍ണമായും ചെലവഴിച്ച് എംപി, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച കനടത്തുമെന്നും പിസി വിഷ്ണുനാഥ് ഉറപ്പുനല്‍കി.
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിൻ്റെ പ്രധാന കേന്ദ്രമായി ബേക്കലിന് മാറാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബേക്കല്‍. കാസര്‍കോട് ജില്ലയുടെ ടൂറിസം സാധ്യതകള്‍ ഇനിയും പ്രയോജനപ്പെടുത്തി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം ചേര്‍ത്തു.
റാണിപുരം ടൂറിസം കോംപ്ലക്സ് ഗസ്റ്റ് ഹൗസിൻ്റെയും സൗന്ദര്യവൽക്കരണത്തിൻ്റേയും നവീകരണത്തിൻ്റെയും പൂർത്തീകരണ ഉദ്ഘാടനം മന്ത്രി വിഷ്ണുനാഥ് നിർവ്വഹിച്ചു. റാണിപുരത്ത് ചിൽഡ്രൻസ് പാർക്ക് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രപ്പോസൽ സമർപ്പിച്ചാൽ അടുത്ത വർക്കിങ് ഗ്രൂപ്പിൽ അംഗീകാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
നീലേശ്വരം, വലിയപറമ്പ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ സമഗ്ര ടൂറിസം വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്നും പിസി വിഷ്ണുനാഥ് അറിയിച്ചു. സംസ്ഥാനത്തെ ടൂറിസം മേഖലയിൽ വള്ളംകളിക്ക് വലിയ പ്രാധാന്യമുണ്ടെന്നും എന്നാൽ നീലേശ്വരത്തെ വിനോദസഞ്ചാര സാധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ടൂറിസം സെക്രട്ടറി, ഡയറക്ടർ, പ്രാദേശിക എംഎൽഎ, ജനപ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രത്യേക യോഗം ചേരുന്നത്. ടൂറിസം വികസനത്തിന് ഇനിയും കൂടുതൽ ഭൂമി കണ്ടെത്തേണ്ടതുണ്ട്. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനും ഇവിടെ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാനും നടപടി സ്വീകരിക്കും.
ടൂറിസം കേന്ദ്രങ്ങളിലെ പദ്ധതികൾ നിർമിക്കുന്നതിലെന്ന പോലെ അവ വൃത്തിയായി സൂക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും പ്രത്യേകം ശ്രദ്ധ വേണം. ശുചിമുറികളുടെ ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. ഹൗസ് ബോട്ട് എക്സ്പീരിയൻസിന് മികച്ച സാധ്യതയുള്ള പുതിയ കേന്ദ്രങ്ങൾ തേടി വിദേശ സഞ്ചാരികൾ എത്തും. ഇതിനായി സർക്കാർ സംരംഭങ്ങൾക്ക് പുറമേ കൂടുതൽ സ്വകാര്യ നിക്ഷേപങ്ങളും എത്തണം. മേഖലയിൽ മികച്ച ഹോട്ടലുകളും റിസോർട്ടുകളും വരുന്നതിലൂടെ മാത്രമേ പ്രദേശവാസികൾക്ക് ഇതിൻ്റെ സാമ്പത്തിക ഗുണം ലഭിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.








