വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിന സർവീസാക്കൽ, കൊല്ലം ട്രെയിൻ സർവീസുകൾ പുനരാരംഭിക്കൽ, വിസ്റ്റാഡം കോച്ച്;

0
8

 

 

 

ദക്ഷിണ റെയിൽവേയുടെ മധുര ഡിവിഷൻ ആസ്ഥാനത്ത് ചേർന്ന ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗത്തിൽ ഉയർന്നത് സുപ്രധാനമായ ആവശ്യങ്ങൾ. നിലവിൽ ആഴ്ചയിൽ രണ്ടുദിവസം മാത്രം ഓടുന്ന വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിന സർവീസാക്കൽ, ഗേജ് കൺവർഷനെ തുടർന്ന് നേരത്തെ നിർത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കാതിരിക്കുകയും ചെയ്ത പ്രധാനപ്പെട്ട ട്രെയിൻ സർവീസുകൾ വീണ്ടും ആരംഭിക്കൽ തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. യോഗത്തിൽ മധുര ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും, കൊടിക്കുന്നിൽ സുരേഷ് എംപിയും പങ്കെടുത്തു.

മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ആവണീശ്വരം, കുരി, കൊട്ടാരക്കര, എഴുകോൺ റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിക്കൽ, മണ്ണാങ്കുഴി മിനി റെയിൽവേ മേൽപ്പാലം, ആവണീശ്വരം റെയിൽവേ മേൽപ്പാലം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ഉന്നയിച്ചതായി കൊടിക്കുന്നിൽ പറഞ്ഞു.

വർഷങ്ങളായി പ്രദേശവാസികൾ കാത്തിരിക്കുന്ന മണ്ണാങ്കുഴി മിനി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുതുവർഷത്തിൽ ഉദ്ഘാടനം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. പദ്ധതിയുടെ അനുമതി പുനഃസ്ഥാപിക്കുന്നതിലും ആവശ്യമായ സാമ്പത്തിക സഹായം കണ്ടെത്തുന്നതിലും നടത്തിയ ഇടപെടലുകളുടെ ഭാഗമായി ഇപ്പോൾ നിർമ്മാണത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിളക്കുടി പഞ്ചായത്തിലെ ജനങ്ങളുടെ ദീർഘകാല യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും.

 

ട്രെയിനുകൾ പുനരാരംഭിക്കൽ

ഗേജ് കൺവർഷനെ തുടർന്ന് നേരത്തെ നിർത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കാതിരിക്കുകയും ചെയ്ത കൊല്ലം – തിരുനെൽവേലി ട്രെയിൻ സർവീസ്, കൊല്ലം – തിരുച്ചെന്തൂർ ട്രെയിൻ സർവീസ്, കൊല്ലം – ഈറോഡ് / പോത്തന്നൂർ ട്രെയിൻ സർവീസ് എന്നിവ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകളും തുടർനടപടികളും വിശദമായി ചർച്ച ചെയ്തു. കൂടാതെ പുനലൂർ – മധുര ട്രെയിൻ സർവീസ് നാഗപട്ടണത്തേക്ക് നീട്ടുന്നതിനുള്ള നിർദ്ദേശവും യോഗത്തിൽ ഉന്നയിച്ചു.

നിലവിൽ ജനുവരി 15ന് സർവീസ് അവസാനിപ്പിക്കുന്ന വിസ്റ്റാഡം കോച്ച് തുടരണമെന്നും ശബരിമല സ്പെഷ്യൽ ട്രെയിനുകൾ ഇത്തവണ കൊട്ടാരക്കര വഴി കോട്ടയത്ത് സർവീസ് അവസാനിക്കുന്ന തരത്തിൽ ക്രമീകരിക്കണമെന്നും എംപി കൊടിക്കുന്നിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ മാത്രം സർവീസ് നടത്തുന്ന വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിന സർവീസാക്കണമെന്ന ആവശ്യം ഉന്നയിച്ചു. തീർത്ഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന ഈ സർവീസിന്റെ പ്രാധാന്യം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.

മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് കുരി, എഴുകോൺ റെയിൽവേ സ്റ്റേഷനുകളിൽ പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിക്കുന്നതിനുള്ള ചർച്ചകളും നടത്തി.

പുനലൂർ – കന്യാകുമാരി ട്രെയിനിന് കുരി സ്റ്റോപ്പ്

പുതുവർഷ സമ്മാനമായി പുനലൂർ – കന്യാകുമാരി ട്രെയിനിന് കുരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ പ്ലാറ്റ്ഫോം നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് കൊല്ലം – ചെന്നൈ എഗ്മൂർ എക്സ്പ്രസിനും വേളാങ്കണ്ണി എക്സ്പ്രസിനും എഴുകോൺ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികളും മുന്നോട്ടുകൊണ്ടുപോകും. ആവണീശ്വരം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള സാങ്കേതികവും ഭരണപരവുമായ നടപടികൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here