തിരുവനന്തപുരം: ബി.എൽ.എം (ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്നാട്ടിലുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി) വ്യാപക പരിശോധന. ബി.എൽ.എം സ്ഥാപകനും സി.എം.ഡിയുമായ ആർ. പ്രേംകുമാറുമായി ബന്ധപ്പെട്ട 11 ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. നിക്ഷേപകരിൽ നിന്നായി സമാഹരിച്ച 5000 കോടിയോളം രൂപ വകമാറ്റിയെന്ന പരാതിയിലാണ് നടപടി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങൾക്ക് പുറമെ തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ബി.എൽ.എം ആസ്ഥാനത്തും മറ്റ് ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം പാറ്റൂരിൽ പ്രേംകുമാറിൻ്റെ ഭാര്യ പ്രഭാ പ്രേംകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വിവിൻ സ്യൂട്ട്സ് എന്ന ഹോട്ടലിലും ഇ.ഡി സംഘം പരിശോധന നടത്തി. രാവിലെ എട്ട് മണിയോടെയാണ് അന്വേഷണ സംഘം ഹോട്ടലിൽ എത്തിയത്. സംസ്ഥാന പൊലീസുമായി സഹകരിച്ചാണ് കേന്ദ്ര ഏജൻസിയുടെ പരിശോധന പുരോഗമിക്കുന്നത്.
2024ലാണ് എട്ട് കോടി 56 ലക്ഷം രൂപയ്ക്ക് വിവിൻ സ്യൂട്ട്സ് ഹോട്ടൽ പ്രഭാ പ്രേംകുമാറിൻ്റെ പേരിലേക്ക് വാങ്ങിയത്. മുൻ ഉടമയ്ക്ക് കെ.എസ്.എഫ്.ഇയിലുണ്ടായിരുന്ന നാല് കോടി രൂപയുടെ കടബാധ്യത തീർത്തതിന് ശേഷമാണ് ബാക്കി തുക നൽകി ഹോട്ടൽ സ്വന്തമാക്കിയത്. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം ഉപയോഗിച്ചാണ് ഈ ഇടപാട് നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സൊസൈറ്റിയുടെ ആവശ്യങ്ങൾക്കായി സമാഹരിച്ച പണം പ്രേംകുമാർ തൻ്റെ ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് വകമാറ്റുകയായിരുന്നു.
ഇതിന് പുറമെ മറ്റ് വൻകിട ഇടപാടുകളും പ്രേംകുമാർ നടത്തിയിട്ടുണ്ട്. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രാഗം തിയറ്റർ ബ്രിയോസ് ഫിൻവെസ്റ്റ് എന്ന സ്ഥാപനത്തിൽ പണയം വച്ചെങ്കിലും, ഇതിൽ നിന്നുള്ള തുക സൊസൈറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഭാര്യയുടെ പേരിൽ 500 ഏക്കർ ഭൂമി വാങ്ങിക്കൂട്ടിയതായും കേന്ദ്ര ഏജൻസി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇവർ നടത്തിയിരിക്കുന്നത്.
ബി.എൽ.എം സൊസൈറ്റിയിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നൽകാത്തതിനെ തുടർന്ന് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. വഞ്ചനയ്ക്ക് ഇരയായവരിൽ ഭൂരിഭാഗവും സാധാരണക്കാരായ തൊഴിലാളികളും പെൻഷൻകാരുമാണ്. പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നാണ് പ്രേംകുമാറിനെതിരെയുള്ള പ്രധാന ആരോപണം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിൻ്റെയും പണത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിൻ്റെയും ഭാഗമായാണ് റെയ്ഡ് തുടരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളാനാണ് സാധ്യത. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് ഇ.ഡി കടക്കുമെന്നാണ് സൂചന.







