ചടയമംഗലം: ഹെല്‍മെറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്രചെയ്‌ത വയോധികനെ പ്രൊബേഷന്‍ എസ്‌ഐ വലിച്ചിഴച്ച് പൊലീസ് ജീപ്പില്‍ കയറ്റി മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് ചടയമംഗലം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഷെജീം മര്‍ദിച്ചത്.ബുധനാഴ്ച രാവിലെയാണ് ചടയമംഗലം സ്വദേശി രാമാനന്ദന്‍നായര്‍ (69)ക്കാണ് മര്‍ദനമേറ്റത്.സുഹൃത്തിന്റെ ബൈക്കിന്റെ പിറകിലിരുന്ന് ജോലിക്ക് പോകുന്നതിനിടെ പൊലീസ് ഇവരെ കൈകാണിച്ചു നിര്‍ത്തി. ബൈക്കോടിച്ചിരുന്നയാളും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 1000 രൂപ പിഴയടയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോകുകയാണെന്നും കൈയില്‍ പണമില്ലെന്നും സ്റ്റേഷനില്‍ വന്ന് പിന്നീട് അടയ്‌ക്കാമെന്ന് പറഞ്ഞെങ്കിലും എസ്‌ഐ പോകാന്‍ അനുവദിച്ചില്ല.
ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം ജീപ്പില്‍ കയറ്റിയത്. പിന്നീട് രാമാനന്ദന്‍നായരെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം എതിര്‍ത്തു. താന്‍ ബൈക്കിനു പിറകില്‍ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഷെജീം വയോധികനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും കരണത്തടിക്കുകയുമായിരുന്നു. താന്‍ രോഗിയാണെന്നും ആശുപത്രിയില്‍ പോകണമെന്നും കരഞ്ഞ് പറയുന്നുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. സംഭവത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എസ്‌ഐക്കെതിരെ രൂക്ഷവിമര്‍ശം
ഉയര്‍ന്നു.