തണുത്ത വെള്ളത്തിലെ കുളി ശീലമാക്കൂ; ആരോഗ്യത്തിനൊപ്പം പണവും ലാഭിക്കാമെന്ന് പുതിയ പഠനം

0
5

തണുത്ത വെള്ളത്തിൽ കുളിക്കാൻ മടിയുള്ളവരാണോ നിങ്ങൾ? എന്നാൽ ഇനി മുതൽ ആ ശീലം മാറ്റിക്കോളൂ, കാരണം തണുത്ത വെള്ളത്തിലെ കുളി നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, ഭൂമിയുടെ നിലനിൽപ്പിനും നിങ്ങളുടെ പോക്കറ്റിനും വലിയ ഗുണമാണ് ചെയ്യുന്നത്. സ്വിറ്റ്സർലൻഡിലെ ബാസൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഈ അദ്ഭുതപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ബാസൽ സർവകലാശാലയിലെ സൈക്കോളജി വിഭാഗത്തിൽ ഡോ. ലെന ഗ്ലാസർ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ശീലങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ ആളുകൾ എത്രത്തോളം തയാറാണെന്നാണ് അവർ പരിശോധിച്ചത്. ഇതിനായി തണുത്ത വെള്ളത്തിലുള്ള കുളിയാണ് അവർ തെരഞ്ഞെടുത്തത്.

സാധാരണയായി പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വാഹന ഉപയോഗം കുറയ്ക്കൽ, ഭക്ഷണരീതിയിലെ മാറ്റം, പ്ലാസ്റ്റിക് ഒഴിവാക്കൽ എന്നിവയാണ് ചർച്ച ചെയ്യപ്പെടാറുള്ളതെന്ന് ഡോ. ലെന ഗ്ലാസർ പറയുന്നു. എന്നാൽ വിമാനയാത്രകൾ ഒഴിവാക്കുകയോ മാംസാഹാരം ഉപേക്ഷിക്കുകയോ ചെയ്യുന്നത് പലപ്പോഴും ആളുകളിൽ എതിർപ്പുണ്ടാക്കാറുണ്ട്. ഇത്തരം കർശന നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതായി പലർക്കും തോന്നാറുമുണ്ട്.

തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഉന്മേഷത്തിനും ആരോഗ്യത്തിനും ഉത്തമം 

ആളുകളുടെ സ്വഭാവത്തിൽ മാറ്റം വരുത്താൻ കൂടുതൽ അനുഭാവപൂർണമായ സമീപനമാണ് ആവശ്യമെന്ന് ഡോ. ലെന ഗ്ലാസർ വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണ ചർച്ചകളിൽ വെള്ളത്തിൻ്റെ താപനിലയോ ഉപയോഗമോ അധികം കടന്നുവരാറില്ല. എന്നാൽ കുളിക്കുന്ന രീതി മാറ്റുന്നത് റീസൈക്ലിങ്ങിന് തുല്യമായ പാരിസ്ഥിതിക ഗുണങ്ങൾ നൽകും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് അത്ര സുഖകരമായ കാര്യമല്ലെങ്കിലും, അതൊരു ചെറിയ മാറ്റം മാത്രമാണ്. മാത്രമല്ല, ഇത് പണം ലാഭിക്കാൻ സഹായിക്കുന്ന എളുപ്പമുള്ള വഴികൂടിയാണ്.

18 നും 65 നും ഇടയിൽ പ്രായമുള്ള 719 പേരിലാണ് പഠനം നടത്തിയത്. 12 ആഴ്‌ചത്തേക്ക് പരമാവധി തണുത്ത വെള്ളത്തിൽ കുളിക്കാനായിരുന്നു ഇവർക്ക് നൽകിയ നിർദേശം. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെയും നേരത്തെ തണുത്ത വെള്ളത്തിൽ കുളിക്കുന്ന ശീലം ഇല്ലാത്തവരെയുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ആദ്യത്തെ രണ്ടാഴ്‌ചയ്ക്കുള്ളിൽ പലരും പിന്മാറിയെങ്കിലും പിന്നീട് കൊഴിഞ്ഞുപോക്ക് കുറഞ്ഞു.

ആളുകൾ പതുക്കെ ഈ ശീലവുമായി പൊരുത്തപ്പെടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പഠനം പുരോഗമിക്കുന്തോറും പങ്കെടുക്കുന്നവർക്ക് മാനസികമായും ശാരീരികമായും വലിയ ഉന്മേഷം അനുഭവപ്പെട്ടു. ഈ മാറ്റങ്ങൾ അവരുടെ ആരോഗ്യത്തിലും പ്രതിഫലിച്ചു. സാധാരണ വെള്ളത്തിൽ കുളിച്ചവരെ അപേക്ഷിച്ച് തണുത്ത വെള്ളത്തിൽ കുളിച്ചവർക്ക് അസുഖം വന്ന് അവധിയെടുക്കുന്നതിൽ 31 ശതമാനം കുറവുണ്ടായതായി പഠനം വ്യക്തമാക്കുന്നു.

തണുത്ത വെള്ളത്തിലെ കുളിയുടെ ഉടനടിയുള്ള ഗുണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, കൂടുതൽ ഉന്മേഷം തോന്നുന്നു എന്നായിരുന്നു പങ്കെടുത്തവരുടെ മറുപടി. ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ കഴിഞ്ഞതിൽ അവർക്ക് അഭിമാനവും തോന്നി. ഇത്തരം അനുഭവങ്ങൾ ആളുകൾക്ക് വലിയ പ്രചോദനമാകുമെന്ന് ഡോ. ലെന ഗ്ലാസർ പറയുന്നു. കാലക്രമേണ, തണുത്ത വെള്ളത്തിലുള്ള കുളി പണം ലാഭിക്കാനും സഹായിക്കും. തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ആളുകൾ കുളിക്കാൻ എടുക്കുന്ന സമയം കുറയുകയും അതുവഴി വെള്ളത്തിൻ്റെ ഉപയോഗം കുറയുകയും ചെയ്യും. വെള്ളം ചൂടാക്കേണ്ട ആവശ്യമില്ലാത്തതിനാൽ വൈദ്യുതിയും ലാഭിക്കാം.

45 ലിറ്റർ വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ, താപനില 40 ഡിഗ്രി സെൽഷ്യസിൽ നിന്ന് 15 ഡിഗ്രി സെൽഷ്യസായി കുറച്ചാൽ 1.3 കിലോവാട്ട് ഊർജം ലാഭിക്കാൻ കഴിയും. ഇത് വൈദ്യുതി ബിൽ കുറയ്ക്കാനും കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത് ഗണ്യമായി കുറയ്ക്കാനും സഹായിക്കും. 12 ആഴ്‌ച നീണ്ട പഠനത്തിൽ, പങ്കെടുത്ത ഓരോ വ്യക്തിയും 15 കിലോഗ്രാം കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത് കുറച്ചു. ഇത് 100 കിലോമീറ്റർ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണത്തിന് തുല്യമാണ്. ചുരുക്കത്തിൽ, തണുത്ത വെള്ളത്തിലുള്ള കുളി സാമ്പത്തികമായും പാരിസ്ഥിതികമായും വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്.

സ്വന്തം ശീലങ്ങളിൽ മാറ്റം വരുത്തുമ്പോൾ വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് തിരിച്ചറിയുന്നത് ആളുകളെ കൂടുതൽ പ്രചോദിപ്പിക്കും. തണുത്ത വെള്ളത്തിൽ കുളിക്കാൻ ഇപ്പോഴും മടിയുള്ളവർക്ക് ചെറിയ മാറ്റങ്ങളിലൂടെ തുടങ്ങാമെന്നും ഡോ. ലെന ഗ്ലാസർ നിർദേശിക്കുന്നു. എല്ലാ സൗകര്യങ്ങളും സന്തോഷങ്ങളും ഉപേക്ഷിക്കാൻ നമ്മെത്തന്നെ നിർബന്ധിക്കുന്നത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാൽ പതുക്കെ തുടങ്ങി, സ്വന്തം ശരീരത്തിന് താങ്ങാൻ കഴിയുന്നത്ര തണുപ്പിൽ കുളിക്കാൻ ശ്രമിക്കുക. എല്ലാ ദിവസവും ഒരേ തണുപ്പിൽ കുളിക്കണമെന്നില്ല. സ്വന്തം ശരീരത്തിൻ്റെ പ്രതികരണങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകുന്നതാണ് ഏറ്റവും നല്ലതെന്നും അവർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here