കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ,

0
6

ഏവർക്കും കേരളപ്പിറവി ആശംസകൾ. കേരള സംസ്ഥാനം രൂപീകൃതമായ ദിനം, ഓരോ വർഷവും സംസ്ഥാനത്ത് വലിയ ആഘോഷങ്ങളോടെയും ആർഭാടത്തോടെയും കൊണ്ടാടുന്നു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെല്ലാം സംയോജിപ്പിച്ചു കൊണ്ടാണ് കേരളം എന്ന സംസ്ഥാനം നിലവിൽ വന്നത്. എല്ലാ വർഷവും നവംബർ ഒന്നിന് കേരളപ്പിറവി ദിനമായി മലയാളികൾ ആഘോഷിക്കുന്നത്.

തിരുവനന്തപുരം: വീണ്ടുമൊരു കേരളപ്പിറവി ആഘോഷത്തിലേക്ക് നാട്. കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ് കേരളപ്പിറവി. കേരളപ്പിറവി എന്നാൽ ഇന്നത്തെ കേരളം സംസ്ഥാനം ഔദ്യോഗികമായി രൂപംകൊണ്ട ദിവസമാണ്. 1956ൽ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളായ തിരുവിതാംകൂർ, കൊച്ചി, മലബാർ ഭാഗങ്ങളെ സംയോജിപ്പിച്ചാണ് ഇന്നത്തെ കേരളം രൂപീകൃതമായത്.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായി 1956 നവംബർ ഒന്നിന് കേരളം സംസ്ഥാനം നിലവിൽ വന്നതിന് പിന്നാലെയാണ് എല്ലാ വർഷവും നവംബർ ഒന്നിന് കേരളപ്പിറവി ദിനമായി മലയാളികൾ ആഘോഷിക്കുന്നത്.


കേരളപ്പിറവിയുടെ പ്രാധാന്യം

സംസ്കാരം, പാരമ്പര്യം, ചരിത്രം, സാഹിത്യം എന്നിവയുടെ സംഗമഭൂമിയാണ് കേരളം എന്ന സംസ്ഥാനം. കേരളം എന്ന സംസ്ഥാനത്തിന്റെ സാഹിത്യപരമായ മികവിനെയും സാംസ്‌കാരിക പ്രാധാന്യത്തെയും തനതായ സവിശേഷതകളെയും ആദരിക്കുന്നതിനായി നവംബർ ഒന്നിന് കേരളപ്പിറവി ദിനം സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു. ഈ ദിനത്തിൽ സ്ത്രീകൾ പരമ്പരാഗതമായ കസവു സാരിയും, പുരുഷന്മാർ മുണ്ടും ധരിച്ച് ആഘോഷങ്ങളിൽ പങ്കുചേരുന്നു.

മലയാളികളെ സംബന്ധിച്ച് കേരളപ്പിറവി ദിനം എന്നത് വെറുമൊരു ആഘോഷ ദിവസം മാത്രമല്ല. കേരളത്തിനും മാതൃഭാഷയായ മലയാളത്തിനും നമ്മുടെ സംസ്കാരത്തിനും ഒരുപിടി സംഭാവനകൾ നൽകിയവരെ ഓർമ്മിക്കാനുള്ള ദിനം കൂടിയാണ്. കേരളത്തിന്റെ ഐക്യത്തിനായി പരിശ്രമിച്ച നിരവധി മഹത്വ്യക്തികളുടെ പരിശ്രമങ്ങളും ഓർക്കേണ്ടതുണ്ട്. ഇതേ ദിവസം തന്നെയാണ് കർണാടക തങ്ങളുടെ രൂപീകരണ ദിനമായ ‘കന്നഡ രാജ്യോത്സവം’ (Kannada Rajyotsava) ആഘോഷിക്കുന്നത്.

ആധുനിക കേരളം രൂപംകൊണ്ടത് എങ്ങനെ

സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് വെവ്വേറെ ഭരണപ്രദേശങ്ങളായാണ് രാജ്യത്തെ വിവിധ ഭാഗങ്ങൾ നിലനിന്നത്. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി (Travancore-Cochin) എന്ന സംസ്ഥാനം രൂപീകൃതമായി. പിന്നീട്, 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം തിരു – കൊച്ചിയോടൊപ്പം മലബാറും, ദക്ഷിണ കന്നഡയിലെ കാസർകോട് താലൂക്കും കൂട്ടിച്ചേർത്താണ് ആധുനിക കേരളം രൂപംകൊണ്ടത്.

അന്നുണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം മലയാള ഭാഷയെയും, സംസ്ഥാനത്തിന്റെ സാംസ്കാരിക വേരുകളെയും, സാഹിത്യ പൈതൃകത്തെയും ആഘോഷിക്കുന്ന ദിനം കൂടിയാണ് കേരളപ്പിറവി. ഈ ദിവസത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാള ഭാഷാ വാരം ആചരിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഉപന്യാസ രചനാ മത്സരങ്ങൾ, കവിതാലാപനങ്ങൾ, പ്രസംഗങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുക പതിവാണ്.

സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് ഉണ്ടായിരുന്ന കേരളം

സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് കേരളം തിരുവിതാംകൂർ (ദക്ഷിണ ഭാഗം), കൊച്ചി (മധ്യ ഭാഗം), മലബാർ (മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന വടക്കൻ ഭാഗം) എന്നിങ്ങനെ മൂന്ന് മൂന്ന് ഭരണ പ്രദേശങ്ങളായി വേറിട്ട് കിടക്കുകയായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കുന്നതിനായി കേന്ദ്ര സർക്കാർ ഫസൽ അലി തലവനായുള്ള സംസ്ഥാന പുനഃസംഘടന കമ്മീഷനെ (States Reorganisation Commission) നിയമിച്ചതിന് പിന്നാലെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here