കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാം; വിലക്ക് നീക്കി ഹൈക്കോടതി

0
13

എറണാകുളം: കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി റദ്ദാക്കി. കേരള അബ്‌കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടത്. സുരക്ഷയുടെ പേരിൽ സ്ത്രീകൾക്ക് തൊഴിലവസരം നിഷേധിക്കുന്നത് തുല്യാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.

ആശ്രിത നിയമനത്തിന് അപേക്ഷിച്ചു
തൃശൂർ പൊഞ്ഞനം സ്വദേശിനിയായ സോഫി (47) സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കള്ളുഷാപ്പ് തൊഴിലാളിയായിരുന്ന ഭർത്താവ് കെജെ കുഞ്ഞപ്പാലു 2024 മെയ് 20ന് മരിച്ചതിനെ തുടർന്ന് സോഫി ആശ്രിത നിയമനത്തിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ, 2002ലെ കേരള അബ്‌കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37) വകുപ്പ് പ്രകാരം കള്ളുഷാപ്പുകളിലെ തസ്തികകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ നിരസിച്ചു.

വിദേശ മദ്യവിൽപ്പന ശാലകളിലും കള്ളുഷാപ്പുകളിലും സ്ത്രീകൾ ജോലി ചെയ്യുന്നത് ഈ ചട്ടം കർശനമായി വിലക്കിയിരുന്നു. അധികൃതരുടെ നടപടിയെ തുടർന്ന് തൻ്റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കാണിച്ച് ഹർജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഭരണഘടനാ അവകാശങ്ങളുടെ ലംഘനം
ലിംഗത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം ഒരാൾക്ക് ജോലി നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 14 (സമത്വം), 15 (വിവേചനമില്ലായ്മ), 19 (തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം), 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളെ ചൂഷണത്തിൽ നിന്നും ജോലിസ്ഥലത്തെ ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് കള്ളുഷാപ്പുകളിലെ നിയമനത്തിന് വിലക്ക് ഏർപ്പെടുത്തിയത് എന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്.

കള്ളുഷാപ്പുകൾ പലപ്പോഴും ഒറ്റപ്പെട്ട പ്രദേശങ്ങളിലാണെന്നും അതിനാൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം കോടതി തള്ളി. സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാതെ അവർക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്യുന്നതിൽ നിന്നും വിലക്കുകയല്ല വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവകാശം
സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. സ്ത്രീകൾ ഇന്ന് ഡ്രൈവറായും പൈലറ്റായും ജോലി ചെയ്യുന്നുണ്ട്. പൊലീസിലും സൈന്യത്തിലും മികച്ച രീതിയിൽ അവർ സേവനം അനുഷ്ഠിക്കുന്നുണ്ട്. പുരുഷന്മാരെപ്പോലെ തന്നെ എല്ലാ മേഖലകളിലും സ്ത്രീകൾക്കും തുല്യമായ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്.

അതിനാൽ സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവകാശം പൂർണമായും സംരക്ഷിക്കപ്പെടണമെന്ന് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ കൂടി ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി. തൊഴിലിടങ്ങളിലെ ലിംഗവിവേചനം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കോടതി ഓർമിപ്പിച്ചു. വിവാദമായ ചട്ടം റദ്ദാക്കിയ കോടതി, ഹർജിക്കാരിയുടെ ആശ്രിത നിയമന അപേക്ഷ എത്രയും വേഗം തീർപ്പാക്കാനും അധികൃതർക്ക് കർശന നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here