കോഴിക്കോട്: കായികമേളയിൽ ആദ്യ ദിവസമുണ്ടായ പോരായ്മകൾ പരിഹരിച്ച് തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. 2000 പേർക്ക് ഇന്നു മുതൽ കൂടുതലായി ഭക്ഷണം പാകം ചെയ്യും. രജിസ്ട്രേഷൻ പരിശോധിച്ച് ആവശ്യാനുസരണം ഭക്ഷണം എല്ലാവർക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 68ാമത് സംസ്ഥാന സ്കൂൾ കായികമേളക്കിടെ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ഒരു ഘട്ടത്തിൽ മാത്രം ഭക്ഷണവിതരണത്തിൽ നേരിയ തടസം ഉണ്ടായി. ഇതടക്കമുള്ള എല്ലാ പോരായ്മകളും പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഇന്ന് മുതൽ എല്ലാവർക്കും ഭക്ഷണം ലഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകർ ഭക്ഷണ കൂപ്പൺ എടുക്കേണ്ടതില്ല. ഐഡി കാർഡ് ഉപയോഗിച്ചാൽ മതിയാകും. മത്സരങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചു.
ആദ്യദിവസം രാത്രിയിൽ ഉണ്ടായ വെളിച്ചക്കുറവ് പരിഹരിക്കാനുള്ള നടപടിയും സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടക്കം മുതൽ തന്നെ പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിയന്ത്രിച്ചു വന്നിരുന്നത്. മേളയുടെയും ഉദ്ഘാടനത്തിൻ്റെയും തലേദിവസം പൂർണമായും താൻ അവിടെയുണ്ടായിരുന്നു. ഉദ്ഘാടന ദിവസത്തെ പരിപാടികൾക്ക് ശേഷം പിറ്റേന്ന് നിയമസഭ സമ്മേളനത്തിന് പോയി.
കായികമേളയിലെ പോരായ്മകൾ പരിഹരിച്ച് തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
വകുപ്പുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളും മീറ്റിംഗുകളും ഉള്ളതുകൊണ്ടാണ് ഇന്നലെ നിയമസഭയിൽ പോയത്, ഇന്ന് അനുവാദം ചോദിച്ചാണ് മേളയിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മേളയ്ക്ക് നേതൃത്വം നൽകാൻ ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷനും അതിനു കീഴിലുള്ള ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് നേതൃത്വവും മറ്റ് ജനപ്രതിനിധികളും സജീവമായി രംഗത്തുണ്ട്. ഇത്രയും വലിയൊരു മേള നടക്കുമ്പോൾ സ്വാഭാവികമായും ചെറിയ ചെറിയ പോരായ്മകൾ ഉണ്ടാകാമെന്നും എന്നാൽ അവ പരമാവധി ലഘൂകരിക്കാനും പോരായ്മകൾ വരാതിരിക്കാനുമുള്ള തീവ്ര ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ കലോത്സവങ്ങളിലെ വയസുതട്ടിപ്പ്
സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ പ്രായപരിധിയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലെ കലോത്സവങ്ങളിൽ പരമാവധി സുതാര്യത ഉറപ്പാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ചില അവസരങ്ങളിൽ പ്രായപരിധി സംബന്ധിച്ച ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പ്രായപരിധി സംബന്ധിച്ച് ഗൗരവമായ ആക്ഷേപങ്ങൾ ഉണ്ടായാൽ ബോൺ ടെസ്റ്റ് ഉൾപ്പെടെയുള്ള കർശനമായ പരിശോധനകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ചില വിഭാഗങ്ങളിൽ തുടർച്ചയായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ, വിജയിക്കുന്ന കുട്ടികൾക്കായി പ്രത്യേക ബോൺ ടെസ്റ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ ആലോചനയിലുണ്ട്. ഇത്തരം ക്രമക്കേടുകൾക്ക് പിന്നിൽ അധ്യാപകരുടെ സഹായമോ പങ്കോ ഉണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് ഇവിടെ പഠിച്ച് മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികളുടെ പ്രായവുമായി ബന്ധപ്പെട്ട് അധ്യാപകർ പരാതികൾ ഉന്നയിക്കുന്നുണ്ട്. അത്തരം വിഷയങ്ങളിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കായികമേളയുടെ ഭാഗമായി ആദ്യമായി നടന്ന ഇൻക്ലൂസീവ് കായിക മത്സരങ്ങളിൽ വലിയ പങ്കാളിത്തം ഉണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ആദ്യമായി ഇൻക്ലൂസീവ് മത്സര വിജയികൾക്ക് പ്രൈസ് മണി നൽകാനായി എന്നത് അഭിമാനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരേസമയം സ്കൂൾ കായികമേളയും ദേശീയ ജൂനിയർ മീറ്റും
ഒരേസമയം സ്കൂൾ കായികമേളയും ദേശീയ ജൂനിയർ മീറ്റും നടക്കുന്നത് കുട്ടികൾക്ക് വലിയ ബുദ്ദിമുട്ടുണ്ടാകുന്നുവെന്നും അതിൽ സുതാര്യരത വരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ചെന്നൈയിൽ ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൻ്റെ സമയത്തുതന്നെ സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നതിനാൽ ഒട്ടേറെ താരങ്ങൾക്ക് അവസരം നഷ്ടമാകുന്നു. ദേശീയ മീറ്റിൻ്റെ ഫൈനലിന് മുന്നോടിയായി മത്സരത്തിൽനിന്ന് പിന്മാറേണ്ടി വന്ന മലപ്പുറം തുവ്വൂർ സ്വദേശിയായ ടി.പി. മുഹമ്മദ് റബീഹിൻ്റെ അവസ്ഥ ഇതിനു ഉദാഹരണമാണ്.
ജില്ലാ സ്കൂൾ കായികമേളയിൽ ഹൈജമ്പിൽ സ്വർണം നേടിയ റബീഹ്, ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിനായി ഈ മാസം 21നു ചെന്നൈയിലേക്ക് തിരിച്ചു. അവിടെ യോഗ്യതാ റൗണ്ട് വിജയിച്ച് ഫൈനലിലെത്തി. ഫൈനൽ റൗണ്ട് ഇന്നാണ് നടക്കേണ്ടത്. ഇന്നു തന്നെയാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഹൈജമ്പിൻ്റെ യോഗ്യതാ റൗണ്ടും. ഇതോടെ ദേശീയ ജൂനിയർ മീറ്റിലെ ഫൈനലിൽ മത്സരിക്കാതെ റബീഹ് മടങ്ങി. ദേശീയ മീറ്റിൻ്റെ ഫൈനലിൻ്റെ തൊട്ടടുത്ത ദിവസം അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ സമ്മതിച്ചില്ലെന്ന് റബീഹും പരിശീലകരും പറയുന്നു.
ഒളിമ്പ്യന്മാരടക്കം ഉദ്യോഗസ്ഥരായി വിദ്യാഭ്യാസ വകുപ്പിലുള്ളപ്പോൾ ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കാതെ പോയത് ദൗർഭാഗ്യകരമാണെന്ന് രക്ഷിതാക്കളും പരിശീലകരും ആരോപിക്കുന്നു. ദേശീയ മീറ്റും സംസ്ഥാന മീറ്റുകളും തമ്മിൽ തീയതികളുടെ കാര്യത്തിൽ ഒരു ഏറ്റുമുട്ടൽ ഇല്ലാത്ത രീതിയിലാണ് കാര്യങ്ങൾ നിശ്ചയിച്ചത്. എന്നാൽ അതിനിടയിലും ഒരേ സമയത്ത് മത്സരങ്ങൾ വന്നത് എന്താണെന്ന് പരിശോധിക്കും. വരുംവർഷങ്ങളിൽ ഈ വിഷയങ്ങൾ ഇല്ലാതെ വളരെ ജാഗ്രതയോടെ മുന്നോട്ടുപോകാൻ ശ്രമിക്കുമെന്നും മന്ത്രി ഈ വിഷയത്തിലുള്ള ചോദ്യത്തിന് മറുപടി പറഞ്ഞു.







