ആന എഴുന്നള്ളിപ്പിന് ഒരു മാസം മുൻപ് അപേക്ഷകൾ സമർപ്പിക്കണം,

0
6

മലപ്പുറം: ജില്ലയിൽ പൂരാഘോഷ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി അധികൃതർ. ആനകളെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പുകൾക്കുള്ള അപേക്ഷകൾ ഒരു മാസം മുൻപ് സമർപ്പിക്കണമെന്ന് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. അപേക്ഷകൾ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിധേയമാക്കേണ്ടതിനാലാണ് നേരത്തേ തന്നെ അപേക്ഷ സമർപ്പിക്കണമെന്ന നിർദ്ദേശം.

എങ്ങനെ അപേക്ഷിക്കണം, എന്തെല്ലാം രേഖകൾ?

ഉത്സവ കമ്മിറ്റിയുടെ ലെറ്റർപാഡിൽ തന്നെ വേണം അപേക്ഷിക്കാൻ. അപേക്ഷയിൽ സെക്രട്ടറി അല്ലെങ്കിൽ പ്രസിഡന്റ് ഒപ്പുവെച്ചിരിക്കണം. ഫോൺ നമ്പറും ജില്ലാതല കമ്മിറ്റി രജിസ്ട്രേഷൻ നമ്പറും അപേക്ഷയിൽ ഉൾപ്പെടുത്തണം. അപേക്ഷയോടൊപ്പം ഡാറ്റാ ഷീറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, 15 ദിവസത്തിനകം ലഭിച്ച ഹെൽത്ത് സർട്ടിഫിക്കറ്റ്, പൊതുബാധ്യതാ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ രണ്ട് പകർപ്പുകൾ വീതം സമർപ്പിക്കണം.

അപേക്ഷയിൽ വ്യക്തമാക്കിയ ആനകൾക്ക് പകരം നിയമാനുസൃത മെഡിക്കൽ / ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത മറ്റ് ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്താൻ അനുമതിയുണ്ടാകില്ല. എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകൾക്ക് സാധുവായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉത്സവ കമ്മിറ്റികളും ആന ഉടമകളും കർശനമായും ഉറപ്പുവരുത്തണമെന്നും സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.

പൂർണമായ അപേക്ഷയും അനുബന്ധ രേഖകളും മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ കുടുംബ കോടതിക്ക് മുൻവശത്തുള്ള അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ) ഓഫീസില്‍ നല്‍കണം. കൂടുതൽ വിവരങ്ങൾക്ക് 0483 2734803 എന്ന നമ്പരിൽ അറിയിക്കണം.

നിയമങ്ങൾ കർക്കശം

ആനയെഴുന്നള്ളിപ്പുകൾക്ക് നിയമങ്ങൾ വളരെ കർക്കശമാണിപ്പോൾ. മദപ്പാടുള്ളതോ, രോഗമുള്ളതോ, ഗർഭിണിയായതോ, പരിക്കേറ്റതോ ആയ ആനകളെ ഒരു കാരണവശാലും എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ പാടില്ല എന്ന് നിയമം നിഷ്കർഷിക്കുന്നു. എഴുന്നള്ളിച്ചു നിർത്തുന്ന ആനകൾ തമ്മിൽ കുറഞ്ഞത് 3 മീറ്റർ അകലം പാലിക്കണം. ആനകളുടെ മുഖത്തുനിന്ന് കുറഞ്ഞത് 5 മീറ്റർ അകലെ മാത്രമേ തീവെട്ടികളും പന്തങ്ങളും പിടിക്കാൻ പാടുള്ളൂ. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർത്തരുത് എന്ന് നിയമം അനുശാസിക്കുന്നു. ഉച്ചയ്ക്ക് 11 മണിക്കും വൈകുന്നേരം 3:30 നും ഇടയിലുള്ള കടുത്ത വെയിലത്ത് ആനകളെ എഴുന്നള്ളിക്കാനും അനുവാദമില്ല. ആനകളെ ഭയപ്പെടുത്തുന്ന രീതിയിൽ തൊട്ടടുത്ത് വെടിമരുന്നുകളോ പടക്കങ്ങളോ പൊട്ടിക്കാൻ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here