എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിനോട് സര്‍ക്കാരും പി.എസ്.സി.യും കാണിക്കുന്നത് വഞ്ചനയും അവഗണനയുമാണെന്ന് സാബു എം. ജേക്കബ്

0
5

സെക്രട്ടറിയറ്റിനു മുന്നില്‍ നീതിക്കായി സമരം ചെയ്യുന്ന എല്‍പിഎസ്ടി (LPST) റാങ്ക് ഹോള്‍ഡേഴ്‌സിനോട് സര്‍ക്കാരും പി.എസ്.സി.യും കാണിക്കുന്നത് കടുത്ത വഞ്ചനയും അവഗണനയുമാണെന്ന് ട്വന്റി20 പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാബു എം. ജേക്കബ്. അര്‍ഹതപ്പെട്ട ജോലിക്കായി ഉദ്യോഗാര്‍ഥികള്‍ തല മുണ്ഡനം ചെയ്ത് വീണ്ടും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് ഇറങ്ങേണ്ടി വന്ന സാഹചര്യം ഭരണകൂടത്തിന് തീരാകളങ്കമാണ്.

റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് രണ്ട് അധ്യയനവര്‍ഷം പിന്നിട്ടിട്ടും നാല് ജില്ലകളില്‍ ഒന്നാം റാങ്കുകാരന് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. നിയമനം നല്‍കാനുദ്ദേശിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഈ തസ്തികകളിലേക്ക് പി.എസ്.സി. പരീക്ഷകള്‍ നടത്തുന്നത്? സര്‍ക്കാര്‍ സ്‌കൂളുകളിലെ യഥാര്‍ത്ഥ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ നാമമാത്ര നിയമനങ്ങള്‍ മാത്രം നടത്തുമ്പോള്‍, കോടികളുടെ കോഴപ്പണം മറിയുന്ന എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഒത്താശ ചെയ്യുകയാണെന്ന ഉദ്യോഗാര്‍ഥികളുടെ ആരോപണം അതീവ ഗുരുതരമാണ്.

ജൂലൈ ആറിന് സമരം ആരംഭിച്ച ഉദ്യോഗാര്‍ഥികള്‍ മണ്ണുവാരിത്തിന്നും മുട്ടിലിഴഞ്ഞും കുഞ്ഞുങ്ങളുമായി തെരുവില്‍ അലഞ്ഞിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് നടന്ന നിരാഹാര സമരത്തില്‍ വളര്‍മതിയുടെ ആരോഗ്യം വഷളായതോടെ, 45 ദിവസത്തിനകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ 50 ദിവസം കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കാതെ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഉദ്യോഗാര്‍ഥികളെ പൂര്‍ണ്ണമായി കബളിപ്പിക്കുകയാണുണ്ടായത്.

സാമ്പത്തിക ബാധ്യതയുടെ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി അധ്യാപക-വിദ്യാര്‍ഥി അനുപാതം പുനര്‍നിശ്ചയിക്കാതെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരുടെ ഭാവിയാണ് ഇല്ലാതാക്കുന്നത്. എല്‍പിഎസ്ടി റാങ്ക് ലിസ്റ്റിലുള്ള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നും, നീതി ലഭിക്കും വരെ ഉദ്യോഗാര്‍ഥികളുടെ പോരാട്ടത്തിനൊപ്പം ട്വന്റി20 പാര്‍ട്ടി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here