ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കും മുതിർന്ന നിയമസഭാ ഭാരവാഹികൾക്കും ഔദ്യോഗിക വാഹനം വാങ്ങുന്നതിനുള്ള പരമാവധി തുക 26 ലക്ഷം രൂപയായി പരിമിതപ്പെടുത്തി. ഇത് സംബന്ധിച്ച് ഒക്ടോബർ ഒന്നിന് പുറപ്പെടുവിച്ച ഔദ്യോഗിക ഭേദഗതി ഉത്തരവിൻ്റെ വിശദാംശങ്ങൾ തമിഴ്നാട് സർക്കാർ പുറത്തുവിട്ടു.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാർ തമിഴ്നാട് ലെജിസ്ലേറ്റീവ് അസംബ്ലി ട്രാവലിങ് അലവന്‍സ് റൂൾസിലാണ് പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. പുതിയ നിബന്ധനകൾ പ്രകാരം മന്ത്രിമാർക്ക് പുറമെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവർക്കും 26 ലക്ഷം രൂപയുടെ പരിധി ബാധകമായിരിക്കും. അതേസമയം മറ്റ് എംഎൽഎമാർക്ക് ഔദ്യോഗിക വാഹനം വാങ്ങുന്നതിനുള്ള പരിധി 15 ലക്ഷം രൂപയായി നിശ്ചയിച്ചു.
വാഹനത്തിൻ്റെ എക്സ്-ഷോറൂം വില, നികുതി, രജിസ്ട്രേഷൻ ഫീസ്, ഇൻഷുറൻസ് പ്രീമിയം എന്നിവയടക്കമുള്ള ആകെ തുകയാണ് 26 ലക്ഷം (മന്ത്രിമാർക്ക്), 15 ലക്ഷം (എംഎൽഎമാർക്ക്) എന്നിങ്ങനെ നിശ്ചയിച്ചിട്ടുള്ളത്. ഈ പരിധിയിൽ ഓരോ വർഷവും അഞ്ച് ശതമാനം വർധനവ് അനുവദിക്കും.
എല്ലാ വാഹനങ്ങളും കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക ഇ-മാർക്കറ്റ് പോർട്ടൽ വഴി മാത്രമേ വാങ്ങാവൂ. കൂടാതെ ഇവ നിർബന്ധമായും BS-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം. മന്ത്രിമാരുടെ വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണികൾ, ഡ്രൈവർമാരുടെ ശമ്പളം എന്നിവ പൊതുഭരണ വകുപ്പ് വഹിക്കും. എന്നാൽ എംഎൽഎമാരുടെ വാഹനങ്ങളുടെ ചെലവുകൾ അവർക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക വെഹിക്കിൾ അലവൻസിൽ നിന്ന് കണ്ടെത്തണം.
വാഹനം തിരിച്ചേൽപിക്കൽ
മരണം, കാലാവധി പൂർത്തിയാകൽ, സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെടൽ, രാജി, അല്ലെങ്കിൽ അയോഗ്യത എന്നിവ കാരണം മന്ത്രിമാർക്ക് തങ്ങളുടെ പദവി നഷ്ടപ്പെടുകയാണെങ്കിൽ, അവർ തങ്ങൾക്ക് അനുവദിച്ച വാഹനം സർക്കാരിന് തിരികെ നൽകേണ്ടതാണ്. മറ്റ് എംഎൽഎമാർക്ക് പദവി നഷ്ടപ്പെടുകയാണെങ്കിൽ, അവർക്ക് അനുവദിച്ച വാഹനങ്ങൾ ബന്ധപ്പെട്ട ജില്ലാ കലക്ടർക്ക് കൈമാറേണ്ടതാണ്. ഇക്കാര്യം നിയമസഭാ സെക്രട്ടേറിയറ്റ് സെക്രട്ടറിയെ അറിയിക്കേണ്ടതുണ്ട്.
“പ്രത്യേക സാഹചര്യങ്ങളിൽ, ഈ ചട്ടങ്ങളിൽ ഇളവ് വരുത്താനും, അവയിൽ ഉപാധികളോ ഭേദഗതികളോ ഏർപ്പെടുത്താനും തമിഴ്നാട് സർക്കാരിന് അധികാരമുണ്ട്. കൂടാതെ, അതത് സാഹചര്യങ്ങൾക്ക് ബാധകമായ യാത്രാ അലവൻസ്, ദൈനംദിന അലവൻസ് എന്നിവയുടെ നിരക്കുകൾ നിശ്ചയിക്കാനും തമിഴ്നാട് സർക്കാരിന് സാധിക്കും” പ്രസ്താവനയില്‍ പറയുന്നു.
നിയമസഭാംഗങ്ങൾക്ക് മണ്ഡല സന്ദർശനങ്ങളും ജനങ്ങളുടെ പരാതി പരിഹാരങ്ങളും സുഗമമാക്കാൻ വേണ്ടിയാണ് ഈ പദ്ധതി കൊണ്ടുവന്നത്. എന്നാൽ, സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെയുടെ 59 എംഎൽഎമാരും ഇടത് പാർട്ടി എംഎൽഎമാരും തങ്ങൾക്ക് ഈ സർക്കാർ വാഹനം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.






