ന്യൂഡൽഹി: കാൻസർ ഗവേഷണ ലേഖനങ്ങളിൽ മറ്റു ഗവേഷണങ്ങളിൽ നിന്നുളള ഉദ്ധരണികൾ (സൈറ്റേഷനുകൾ) ഉപയോഗിച്ച് വ്യാപകമായി ക്രമക്കേടുകൾ നടക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. ഗവേഷണ മേഖലയിൽ തെറ്റായ വിവരങ്ങളും വ്യാജ ലേഖനങ്ങളും പണത്തിന് പകരം നൽകുന്ന ‘റിസർച്ച് പേപ്പർ മില്ലു’കളുടെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.
‘പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 33,159 കാൻസർ ഗവേഷണ ലേഖനങ്ങൾ വിശകലനം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതിൽ നാലായിരത്തിലധികം ലേഖനങ്ങളിൽ വ്യാജ സൈറ്റേഷനുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജ ലേഖനങ്ങൾക്ക് പ്രസിദ്ധീകരിച്ച് ഒന്നു മുതൽ മൂന്ന് വർഷത്തിനുള്ളിൽ മറ്റ് സാധാരണ ലേഖനങ്ങളെ അപേക്ഷിച്ച് 50 മുതൽ 100 ശതമാനം വരെ കൂടുതൽ സൈറ്റേഷനുകൾ ലഭിച്ചതായി പഠനം വ്യക്തമാക്കുന്നു. എന്നാൽ ഇവ ഓൺലൈനിൽ വായിച്ചവരുടെയോ ഡൗൺലോഡ് ചെയ്തവരുടെയോ എണ്ണം വളരെ കുറവായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
വായിക്കുന്നവരുടെ എണ്ണം കുറവായിരുന്നിട്ടും ഉദ്ധരണികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതാണ് സംശയത്തിന് വഴിവെച്ചത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സ്ഥിതിവിവരക്കണക്ക് വിദഗ്ദ്ധനായ അഡ്രിയാൻ ബാർനെറ്റിന്റെയും ഗവേഷകനായ ബാപ്റ്റിസ്റ്റ് സ്കാങ്കറിന്റെയും നേതൃത്വത്തിലാണ് ഈ ആഗോള പഠനം നടന്നത്. ‘ജേണൽ ഓഫ് എക്സ്പെരിമെന്റൽ ആന്റ് ക്ലിനിക്കൽ കാൻസർ റിസർച്ച്’, ‘മോളിക്യുലർ കാൻസർ’ തുടങ്ങിയ ചില പ്രത്യേക ജേണലുകളിലാണ് ഇത്തരത്തിലുള്ള വ്യാജ ലേഖനങ്ങൾ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ ലൈക്കുകളും ഷെയറുകളും പോലെ തന്നെ ഗവേഷകരുടെ മികവും പ്രശസ്തിയും വിലയിരുത്തുന്ന പ്രധാന മാനദണ്ഡമാണ് മറ്റ് ലേഖനങ്ങളിൽ നിന്നുള്ള സൈറ്റേഷനുകൾ. ഇത് ശാസ്ത്രജ്ഞരുടെയും ജേണലുകളുടെയും റാങ്കിംഗിനെയും സ്വാധീനിക്കുന്നു. ഈ അവസരം മുതലെടുത്ത് വ്യാജ സംഘടനകൾ സംഘടിതമായി സൈറ്റേഷനുകളുടെ എണ്ണം കൃത്രിമമായി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കൃത്രിമത്വങ്ങൾ വഴി സത്യസന്ധമല്ലാത്ത ഗവേഷണ ഫലങ്ങൾക്ക് അനാവശ്യമായ പ്രചാരം ലഭിക്കുകയും ഭാവിയിലെ കാൻസർ ചികിത്സാ ഗവേഷണങ്ങളെയും രോഗനിർണ്ണയങ്ങളെയും ഇത് തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യും. ഭാവിയിൽ സമാനമായ തട്ടിപ്പുകൾ തടയുന്നതിനായി എല്ലാ ഗവേഷണ ലേഖനങ്ങളും കൂടുതൽ കർശനമായ പരിശോധനകൾക്ക് വിധേയമാക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു
വ്യാജ ഗവേഷണ പേപ്പറുകളിൽ ആളുകളുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനായി പണം വാങ്ങുന്ന തട്ടിപ്പ് സ്ഥാപനങ്ങളായ ഈ റിസർച്ച് പേപ്പർ മില്ലുകൾ, ശാസ്ത്രജ്ഞരുടെ മികവ് അളക്കാനുള്ള പ്രധാന മാനദണ്ഡമായ ഉദ്ധരണികളുടെ എണ്ണത്തിലും കൃത്രിമം കാണിക്കുന്നുണ്ടാകാമെന്ന് അവർ വ്യക്തമാക്കി. കൃത്രിമമായി വർധിപ്പിക്കുന്ന ഉദ്ധരണികളുടെ എണ്ണങ്ങൾ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തെത്തന്നെ തകിടം മറിക്കുന്നു. ഇത് ഭാവിയിലെ ഗവേഷണങ്ങളെയും ചികിത്സാ രംഗത്തെ പ്രായോഗിക മാറ്റങ്ങളെയും തെറ്റായ വഴിക്ക് നയിക്കുമെന്നും ഗവേഷണ സംഘം പറയുന്നു.
“സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ ജനപ്രീതി അളക്കാൻ ലൈക്കുകളും ഷെയറുകളും സഹായിക്കുന്നത് പോലെ തന്നെ, ശാസ്ത്രജ്ഞരുടെ ഗവേഷണ സ്വാധീനം വിലയിരുത്തുന്നതിനുള്ള ഒരു പ്രധാന അക്കാദമിക് മാനദണ്ഡമാണ് മറ്റ് ഗവേഷകരിൽ നിന്ന് ലഭിക്കുന്ന ഉദ്ധരണികൾ,” എന്ന് അഡ്രിയാൻ ബാർനെറ്റ് വിശദീകരിച്ചു.
2012 നും 2023 നും ഇടയിൽ 20 ജേണലുകളിലായി പ്രസിദ്ധീകരിച്ച 33,159 ലേഖനങ്ങളിൽ ഈ പേപ്പർ മില്ലുകൾ ഉണ്ടാക്കിയ സ്വാധീനമാണ് ഗവേഷക സംഘം വിലയിരുത്തിയത്. “ഞങ്ങൾ നേരത്തെ വികസിപ്പിച്ചെടുത്ത ഒരു തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ചാണ് പഠനം നടത്തിയത്. പിൻവലിക്കപ്പെട്ട പേപ്പർ മിൽ ലേഖനങ്ങളുടെ തലക്കെട്ടുകളോടും സംഗ്രഹങ്ങളോടും ഉള്ള എഴുത്തുരീതിയിലെ സാദൃശ്യം അടിസ്ഥാനമാക്കി, ആകെ 4,085 ലേഖനങ്ങൾ പേപ്പർ മില്ലുകളുമായി ബന്ധമുള്ളവയായിരിക്കാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി,” എന്ന് സഹ ഗവേഷകനായ ബാപ്റ്റിസ്റ്റ് സ്കാൻകാർ പറഞ്ഞു.
ഈ മോഡൽ വഴി തിരിച്ചറിഞ്ഞ പേപ്പറുകൾക്ക് സാധാരണ പേപ്പറുകളെ അപേക്ഷിച്ച് വളരെ കൂടുതൽ ഉദ്ധരണികൾ ഉണ്ടായിരുന്നുവെങ്കിലും വായനക്കാരുടെ എണ്ണം കുറവായിരുന്നുവെന്നും ഗവേഷകർ പറഞ്ഞു. “കൂടുതൽ ഉദ്ധരണികൾ ഉണ്ടാവുകയും എന്നാൽ വായനക്കാർ കുറവായിരിക്കുകയും ചെയ്യുക എന്നത് ഒട്ടും യുക്തിസഹമല്ല. കാരണം ഉദ്ധരണികൾ ഉണ്ടാകുന്നത് വായനക്കാരിൽ നിന്നാണ്,” സ്കാൻകാർ അഭിപ്രായപ്പെട്ടു. “ഇത്തരം വ്യാജപ്പട്ടികയിൽപ്പെട്ട പേപ്പറുകൾ കൂടുതലായും പരാമർശിക്കുന്നതും, അവയ്ക്ക് ഉദ്ധരണികൾ ലഭിക്കുന്നതും മറ്റ് വ്യാജ പേപ്പറുകളിൽ നിന്ന് തന്നെയാണ്. ഇത് ചില കാൻസർ ഗവേഷണ ജേണലുകളുടെ സൈറ്റേഷൻ സൂചികകളെ വലിയ തോതിൽ കൃത്രിമമായി ഉയർത്തുന്നു”, എന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജപ്പട്ടികയിൽപ്പെട്ട പേപ്പറുകൾ ‘ജേണൽ ഓഫ് എക്സ്പിരിമെൻ്റൽ ആൻഡ് ക്ലിനിക്കൽ കാൻസർ റിസർച്ച്’, ‘മോളിക്കുലാർ ക്യാൻസർ’ തുടങ്ങിയ ചില പ്രത്യേക ജേണലുകളിലാണ് കൂടുതലായി കാണപ്പെട്ടത്. എന്നാൽ മറ്റ് ജേണലുകളെ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രമേ ബാധിച്ചിട്ടുള്ളൂ എന്ന് സ്കാൻകാർ പറഞ്ഞു. അതേസമയം, ഉദ്ധരണികളിൽ വ്യക്തമായ കൃത്രിമത്വത്തിൻ്റെ ലക്ഷണങ്ങൾ അവശേഷിപ്പിക്കുന്നുണ്ടെന്നാണ് ഈ പഠനം തെളിയിക്കുന്നത്. ഇത് ഭാവിയിലെ പരിശോധനകൾക്കും തട്ടിപ്പുകൾ തടയുന്നതിനുമുള്ള പ്രായോഗികമായ ഒരു അടിസ്ഥാനം നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.







