തിരുവനന്തപുരം കൊമ്പൻസിനെ തകർത്ത് ഫോഴ്‌സ കൊച്ചി,

0
4

എറണാകുളം: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫോഴ്‌സ കൊച്ചി എഫ്.സി. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന നാലാം റൗണ്ടിലെ ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തോടെ കൊച്ചി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. രാഘവ് ഗുപ്‌ത, രാഹുൽ രാജു, ഹർഷൽ റഹ്മാൻ എന്നിവരാണ് കൊച്ചിക്കായി വലകുലുക്കിയത്.

മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്തിയ ആതിഥേയരായ കൊച്ചിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതായിരുന്നു ആദ്യ ഗോൾ. ഏഴാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് ഡീഗോ ഹെർണാണ്ടസ് ഉയർത്തി നൽകിയ പന്ത് രാഹുൽ രാജു ഹെഡ് ചെയ്‌ത് രാഘവ് ഗുപ്‌തയ്ക്ക് നൽകി. ബോക്‌സിനുള്ളിലെ അവസരം മുതലാക്കിയ ഗുപ്‌തയുടെ ക്ലോസ് റേഞ്ച് ഷോട്ട് കൊമ്പൻസ് ഗോളി സത്യജിത്തിനെ കാഴ്‌ചക്കാരനാക്കി വലയിലെത്തി. ഗോൾ വഴങ്ങിയതിൻ്റെ ഞെട്ടലിൽ നിന്ന് മുക്തമാകും മുൻപ് തിരിച്ചടിക്കാനുള്ള അവസരം തിരുവനന്തപുരത്തിന് ലഭിച്ചെങ്കിലും പാഴായി. പാട്രിക് മോട്ടയുടെ ഫ്രീകിക്കിൽ ഷിജനും പൗളോ സാൻ്റോസും വരുത്തിയ ആശയക്കുഴപ്പം കൊച്ചിയ്ക്ക് തുണയായി മാറുകയായിരുന്നു.

തുടർച്ചയായ ആക്രമണങ്ങളുമായി കളം നിറഞ്ഞ കൊച്ചിയുടെ രണ്ട് ഷോട്ടുകൾ പോസ്റ്റിലും ക്രോസ് ബാറിലും തട്ടിത്തെറിച്ചു. എന്നാൽ 35-ാം മിനിറ്റിൽ ആതിഥേയർ ലീഡ് ഇരട്ടിയാക്കി. ഇടതുവിങ്ങിലൂടെ അതിവേഗം മുന്നേറിയ രാഹുൽ രാജു ഉഗ്രനൊരു ഫിനിഷിങിലൂടെ സീസണിലെ തൻ്റെ മൂന്നാം ഗോൾ സ്വന്തമാക്കി. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് തന്ത്രപരമായ മാറ്റങ്ങളുമായി കൊമ്പൻസ് പ്രതിരോധം ശക്തമാക്കാൻ ശ്രമിച്ചെങ്കിലും കൊച്ചിയുടെ മുന്നേറ്റങ്ങളെ പിടിച്ചുകെട്ടാൻ അവർക്കായില്ല.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ കൊമ്പൻസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊച്ചിയുടെ ഉറച്ച പ്രതിരോധനിരയ്ക്ക് മുന്നിൽ ആ ശ്രമങ്ങളെല്ലാം വിഫലമായി. നായകൻ ജോനാഥൻ പരേരയുടെ നേതൃത്വത്തിലുള്ള പ്രതിരോധം തിരുവനന്തപുരത്തിൻ്റെ എല്ലാ നീക്കങ്ങളെയും സമർഥമായി തടഞ്ഞു. ഇതിനിടയിൽ 66-ാം മിനിറ്റിൽ കൊച്ചി വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി. ബോക്‌സിന് പുറത്തുനിന്നും ഹർഷൽ റഹ്മാൻ ഉതിർത്ത ശക്തമായ ഷോട്ട് തടയാനുള്ള ഗോളി സത്യജിത്തിൻ്റെ ശ്രമം വിഫലമായി വലയിലെത്തുകയായിരുന്നു. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ പാട്രിക് മോട്ട എടുത്ത ഫ്രീകിക്ക് ലക്ഷ്യം കാണാതെ പുറത്തുപോയതോടെ കൊമ്പൻമാരുടെ പരാജയം പൂർണമായി. നാല് കളികളിൽ നിന്ന് എട്ട് പോയിൻ്റുമായാണ് കൊച്ചി രണ്ടാം സ്ഥാനത്തെത്തിയത്. നാല് കളിയിൽ നാല് പോയിൻ്റുള്ള കൊമ്പൻസ് നിലവിൽ നാലാം സ്ഥാനത്താണ്.

മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരം ഇന്ന്
നാലാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ന് മലപ്പുറം എഫ്.സി തൃശൂർ മാജിക് എഫ്.സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ഈ വാശിയേറിയ പോരാട്ടത്തിന് വേദിയാകുന്നത്. ഈ സീസണിൽ മഞ്ചേരിയിൽ നടക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റ് മാത്രം നേടാനായ മലപ്പുറത്തിന് സ്വന്തം കാണികൾക്ക് മുന്നിൽ തിളങ്ങേണ്ടത് ടൂർണമെൻ്റിലെ അവരുടെ നിലനിൽപ്പിന് തന്നെ ആവശ്യമാണ്. കാൽപ്പന്തുകളിയെ ആവേശത്തോടെ നെഞ്ചിലേറ്റുന്ന മലപ്പുറത്തെ ആരാധകർ തങ്ങളുടെ പ്രിയ ടീമിൻ്റെ ആദ്യ ഹോം മത്സരത്തിനായി വലിയ കാത്തിരിപ്പിലാണ്. മികച്ചൊരു വിജയം നേടി പോയിൻ്റ് പട്ടികയിൽ മുന്നേറാനാകും മലപ്പുറം എഫ്.സി ഇന്ന് കളത്തിലിറങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here