ലോക ഹൃദയ ദിനം: ആർത്തവവിരാമം ഹൃദയത്തെ ബാധിക്കുമോ?

0
8

സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ വഴിത്തിരിവുകളിലൊന്നാണ് ആർത്തവവിരാമം അഥവാ മെനോപോസ്. കേവലം ശാരീരിക ബുദ്ധിമുട്ടുകൾക്കും മാനസിക വ്യതിയാനങ്ങൾക്കും അപ്പുറം, ഒരു സ്ത്രീയുടെ ഹൃദയാരോഗ്യത്തെ നിശ്ശബ്ദം കാർന്നുതിന്നാൻ സാധ്യതയുള്ള വലിയൊരു അപകടം കൂടിയാണ് ഈ കാലഘട്ടത്തിൽ ഒളിഞ്ഞിരിക്കുന്നത്. ലോക ഹൃദയ ദിനത്തിൽ ഓരോ സ്ത്രീയും സ്വന്തം ഹൃദയത്തെ സംരക്ഷിക്കാൻ ഡോക്ടർമാരോട് ചോദിച്ചറിയേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്.

ആർത്തവവിരാമ സമയത്ത് സ്ത്രീകൾ അവരുടെ ഹൃദയാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് ചണ്ഡിഗഡിലെ കൊക്കൂൺ ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. റിഥം ഭല്ല വ്യക്തമാക്കുന്നു. ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകേണ്ടതുണ്ട്. ഹൃദ്രോഗ സാധ്യതകളെക്കുറിച്ച് ഗൈനക്കോളജിസ്റ്റുമായി കൂടിയാലോചിക്കുന്നത് മികച്ച ആരോഗ്യം നിലനിർത്താൻ സഹായിക്കും.

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മരണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഹൃദ്രോഗമാണ്. ആകെ മരണനിരക്കിൻ്റെ മൂന്നിലൊന്നും സംഭവിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമാണെങ്കിലും, സ്ത്രീകൾക്കിടയിലെ ഇത്തരം അപകടസാധ്യതകൾ പലപ്പോഴും വേണ്ടത്ര ഗൗരവത്തോടെ കാണാറില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

ഈസ്ട്രജൻ്റെ കുറവും ഹൃദ്രോഗവും
ആർത്തവവിരാമത്തിന് മുൻപുള്ള കാലഘട്ടത്തിൽ സ്ത്രീകളുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജൻ ഹോർമോൺ ഹൃദയത്തിന് വലിയ തോതിലുള്ള സംരക്ഷണം നൽകുന്നുണ്ട്. രക്തക്കുഴലുകളുടെ ശരിയായ പ്രവർത്തനം, കൊളസ്ട്രോൾ നിയന്ത്രണം എന്നിവയ്ക്ക് ഈസ്ട്രജൻ സഹായിക്കുന്നു. എന്നാൽ ആർത്തവവിരാമത്തിലേക്ക് കടക്കുന്നതോടെ ശരീരത്തിലെ ഈസ്ട്രജൻ്റെ അളവ് ഗണ്യമായി കുറയുന്നു. ഇത് പലവിധത്തിലുള്ള ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്.

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ വർധിക്കുന്നതിനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കുറയുന്നതിനും ഇത് വഴിവയ്ക്കും. കൂടാതെ രക്തസമ്മർദത്തിലുണ്ടാകുന്ന മാറ്റങ്ങൾ, അമിതവണ്ണം, വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ തുടങ്ങിയ പ്രശ്നങ്ങളും ഈ കാലഘട്ടത്തിൽ രൂപപ്പെടുന്നു. ഇത്തരം മാറ്റങ്ങൾ കൊറോണറി ആർട്ടറി ഡിസീസ്, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ഹൃദ്രോഗ സാധ്യതകൾ വർധിപ്പിക്കുന്നു.

രോഗലക്ഷണങ്ങൾ തിരിച്ചറിയണം
ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ ഹൃദ്രോഗ സാധ്യതകൾ വർധിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷനും മുന്നറിയിപ്പ് നൽകുന്നുണ്ട്. കേവലം രോഗലക്ഷണങ്ങളെ മാത്രം ചികിത്സിക്കാതെ, ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പൂർണമായി മനസ്സിലാക്കുകയാണ് വേണ്ടത്. ഇതിനായി ഗൈനക്കോളജിസ്റ്റിൻ്റെ സഹായത്തോടെ കൃത്യമായ പരിശോധനകൾ നടത്തുകയും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും വേണം.

രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കൃത്യമായി പരിശോധിക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും ശ്രദ്ധിക്കണം. പോഷകസമൃദ്ധമായ ഭക്ഷണം, വ്യായാമം, മാനസിക സമ്മർദം കുറയ്ക്കൽ എന്നിവയിലൂടെ ഹൃദ്രോഗ സാധ്യതകളെ ഒരു പരിധിവരെ തടയാൻ സാധിക്കും. പുരുഷന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തമായ രോഗലക്ഷണങ്ങളാണ് സ്ത്രീകളിൽ കണ്ടുവരുന്നത്. കടുത്ത ക്ഷീണം, ശ്വാസതടസ്സം, ഓക്കാനം, തലകറക്കം, താടിയെല്ല്, പുറം, കൈകൾ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകൾ എന്നിവ ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങളാകാം.

തുടക്കമാകട്ടെ പുതിയ ജീവിതത്തിന്
ആർത്തവവിരാമം എന്നത് ഒരു അവസാനമല്ല, മറിച്ച് കൃത്യമായ വൈദ്യസഹായത്തോടെയും അവബോധത്തോടെയും നേരിടേണ്ട പുതിയൊരു തുടക്കമാണ്. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കാൻ ഡോക്ടർമാരുടെ നിർദേശങ്ങൾ തേടേണ്ടത് അനിവാര്യമാണ്. ലോക ഹൃദയ ദിനം ആചരിക്കുന്ന ഈ വേളയിൽ, സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ കേവലം ബോധവത്‌കരണത്തിൽ മാത്രം ഒതുങ്ങാതെ പ്രായോഗിക തലത്തിലേക്ക് മാറേണ്ടതുണ്ട്.

ജീവിതത്തിലെ ഏറ്റവും നിർണായകമായ ഈ ഘട്ടത്തിൽ സ്വന്തം ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം എന്ന ചോദ്യം ഓരോ സ്ത്രീയും സ്വയം ചോദിക്കേണ്ടതുണ്ടെന്ന് ഡോ. ഭല്ല ഓർമിപ്പിക്കുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിലൂടെ, ഹൃദയത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാകുന്ന മികച്ച തീരുമാനങ്ങൾ എടുക്കാൻ സ്ത്രീകൾക്ക് സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here