ന്യൂയോർക്ക്: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവെച്ച നിർദേശം തള്ളി അമേരിക്ക. ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് മുമ്പായി ഉപരോധങ്ങളിൽ ഇളവും “മരവിപ്പിക്കപ്പെട്ട കോടിക്കണക്കിന് ഡോളർ വിലയുള്ള ആസ്‌തികൾ” ലഭ്യമാക്കാനും ഇറാൻ ആവശ്യപ്പെട്ടതിനാലാണ് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിർദേശം അമേരിക്ക തള്ളിക്കളഞ്ഞതെന്ന് യുഎസ് പ്രതിനിധി മൈക്ക് വാൾട്ട്സ് പറഞ്ഞു.
സിഎൻഎന്നിൻ്റെ “സ്റ്റേറ്റ് ഓഫ് ദി യൂണിയൻ” പരിപാടിയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എന്തിനാണ് എതിർപ്പ് പ്രകടിപ്പിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി “ചർച്ചകൾ നടത്താമെന്ന വാഗ്‌ദാനത്തിനൊപ്പം എല്ലാം മുൻകൂട്ടി നേടാനാണ് ഇറാൻ ശ്രമിച്ചത്” എന്ന് വാൾട്ട്സ് പറഞ്ഞു.
അംഗീകരിക്കാനാവില്ലെന്ന് അവർക്ക് തന്നെ അറിയാവുന്ന ഒരു നിർദ്ദേശം മുന്നോട്ടുവെക്കാനുള്ള ഇറാൻ്റെ “വളരെ കപടമായ ശ്രമമാണ്” ഇതെന്ന് എൻബിസിയുടെ “മീറ്റ് ദി പ്രസ്” പരിപാടിയിലെ അഭിമുഖത്തിൽ വാൾട്ട്സ് പറഞ്ഞു. അമേരിക്കയ്ക്ക് ഒടുവിൽ ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള ഒരു ധാരണയിൽ എത്തേണ്ടിവരുമെന്നും എന്നാൽ ട്രംപ് തൻ്റെ മുന്നിലുള്ള എല്ലാ വഴികളും തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏഴ് ദിവസത്തെ നിർദ്ദേശത്തിനൊപ്പം “മരവിപ്പിക്കപ്പെട്ട കോടിക്കണക്കിന് ഡോളർ ഫണ്ട് ലഭ്യമാക്കാനും ഉപരോധങ്ങൾ നീക്കാനുമുള്ള ആവശ്യങ്ങൾ” ഉണ്ടായിരുന്നുവെന്ന് വാൾട്ട്സ് ആവർത്തിച്ചു. “ഇവ അമേരിക്കയുടെ മാത്രം ഉപരോധങ്ങളല്ല, ഇവ ആഗോള ഉപരോധങ്ങളാണ്. ലോകത്തിൻ്റെ നിലപാട് ഇതാണെന്ന് ആളുകളെ ഓർമ്മിപ്പിക്കേണ്ടതുണ്ട്”വാൾട്ട്സ് പറഞ്ഞു.
ഇറാന് ആണവായുധ പദ്ധതി പാടില്ലെന്നും അതിന് അവകാശമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ 20 വർഷത്തിനിടെ യുഎൻ സുരക്ഷാ സമിതി ഏഴ് പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ടെന്നും വാൾട്ട്സ് ചൂണ്ടിക്കാട്ടി. ഇൻസ്‌പെക്ടർമാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുക, “ആണവ ഇന്ധന സമ്പുഷ്ടീകരണ പ്രക്രിയയുടെമേലുള്ള ശക്തമായ നിരീക്ഷണം” അനുവദിക്കാതിരിക്കുക തുടങ്ങിയ “ചട്ടലംഘനങ്ങൾ” ഇറാൻ നടത്തിയതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സുരക്ഷാ സമിതിയെ അറയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനുമായുള്ള സംഘർഷത്തിൽ “വളരെ വേഗത്തിൽ” വിജയം കൈവരിക്കാനാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു; എന്നാൽ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സൈനിക ആക്രമണങ്ങൾക്കുള്ള “സാധ്യതയുണ്ടെന്നും” അദ്ദേഹം സമ്മതിച്ചു.
പിജിഎ ടൂർ പ്രസിഡൻ്റ്‌സ് കപ്പിനിടെ ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ, ഈ സംഘർഷം അവസാനിക്കുന്നത് ആഗോള എണ്ണവിലയിൽ വലിയ ഇടിവുണ്ടാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു. “ഈ യുദ്ധത്തിൽ ഞങ്ങൾ വളരെ വേഗം വിജയിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. വിജയിച്ചാലുടൻ എണ്ണവില കുറയും; യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തന്നെ എണ്ണവില താഴും” ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് സൈനിക ആക്രമണങ്ങൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി “അങ്ങനെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് സാധ്യമാണ്, പക്ഷേ ഞാൻ അത് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല” എന്ന് ട്രംപ് പറഞ്ഞു. ആണവ പ്രതിരോധ ശേഷി (nuclear deterrence) ആണ് ഇതിലെല്ലാം നിർണ്ണായകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈനിക സമ്മർദ്ദത്തിലൂടെയാണോ അതോ സാമ്പത്തിക ഉപരോധത്തിലൂടെയാണോ യുഎസ് വിജയിക്കുന്നത് എന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, ഇരു മേഖലകളിലും യുഎസ് പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.”രണ്ട് രീതിയിലും ഞങ്ങൾ വിജയിക്കും. സൈനികപരമായ കാഴ്‌ചപ്പാടിൽ ഞങ്ങൾ ഇതിനകം വിജയിച്ചു കഴിഞ്ഞു” ട്രംപ് പറഞ്ഞു.
എന്നാൽ എൻബിസിയുടെ “മീറ്റ് ദി പ്രസ്” പരിപാടിയിൽ നൽകിയ അഭിമുഖത്തിൽ വാൾട്ട്സ് അവതരിപ്പിച്ച നിർദ്ദേശത്തെ ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരാഗ്‌ചി നിഷേധിച്ചു. “ഏഴ് ദിവസത്തെ പദ്ധതിയെക്കുറിച്ച് അംബാസഡർ സംസാരിക്കുന്നത് കേട്ട് എനിക്ക് അത്ഭുതം തോന്നുന്നു, കാരണം അദ്ദേഹം അത് വായിച്ചിട്ടില്ല. “ഒരുപക്ഷേ അദ്ദേഹത്തിന് അതിൻ്റെ പകർപ്പ് നൽകിയിട്ടുണ്ടാകില്ല” അരാഗ്‌ചി പറഞ്ഞു. നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന് പറഞ്ഞ അരാഗ്‌ചി, ശത്രുതയിലേക്ക് വീണ്ടും നീങ്ങാൻ ഇറാൻ സജ്ജമാണെന്ന് മുന്നറിയിപ്പ് നൽകി.
“യുദ്ധം പുനരാരംഭിക്കാൻ ഞങ്ങൾ പൂർണ്ണസജ്ജരാണ്. ഏത് പുതിയ ആക്രമണത്തെയും നേരിടാൻ ഞങ്ങൾ ഉറച്ചുനിൽക്കുന്നു; അത് ഒരു സർവ്വനാശകരമായ യുദ്ധത്തിലേക്ക് (doomsday war) നയിച്ചാൽ പോലും. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല. ദേശീയ താൽപ്പര്യങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അതേസമയം, നയതന്ത്ര ചർച്ചകൾക്കും ഞങ്ങൾ തയ്യാറാണ്. തീരുമാനം എടുക്കേണ്ടത് പ്രസിഡൻ്റ് ട്രംപാണ്” അദ്ദേഹം പറഞ്ഞു.
ട്രംപിൻ്റെ നിരസിക്കൽ തീരുമാനം ഇറാനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അരാഗ്‌ചി പറഞ്ഞു. ചർച്ചകളിലൂടെയുള്ള ഒത്തുതീർപ്പിൻ്റെ ഭാഗമായി സമുദ്രപാത വീണ്ടും തുറക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു. “നിയമവിരുദ്ധമായി മരവിപ്പിച്ചിരിക്കുന്ന ഞങ്ങളുടെ പണവും ആസ്തികളും വിട്ടുനൽകണം. ഞങ്ങളുടെ എണ്ണ വിൽക്കാൻ ഞങ്ങൾക്ക് കഴിയണം” അരാഗ്‌ചി പറഞ്ഞു.
ജൂണിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾക്ക് സമാനമാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു; പരസ്‌പരമുള്ള ആക്രമണങ്ങളെത്തുടർന്ന് ആ കരാർ പിന്നീട് തകരുകയായിരുന്നു. “ഞങ്ങളോട് ചോദിച്ചാൽ, നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങേണ്ട യാതൊരു കാരണവുമില്ല, എങ്കിലും സമാധാനത്തിനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താൻ പാടില്ലെന്ന് കരുതുന്നതുകൊണ്ട് ഞാൻ ഇപ്പോഴും നയതന്ത്ര മാർഗങ്ങൾ പരീക്ഷിക്കുന്നുണ്ട്” അരാഗ്‌ചി പറഞ്ഞു.
സമ്പൂർണ്ണ നാശം വരുത്തുമെന്ന ട്രംപിൻ്റെ ഭീഷണിയും സമാധാനത്തിനായുള്ള നീക്കങ്ങൾ തള്ളിക്കളഞ്ഞതും നിലനിൽക്കെത്തന്നെ ഇറാൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.








