തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മരുന്ന് വിതരണം വേഗത്തിലാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മരുന്നുകൾ കുറവുണ്ടെങ്കിൽ അത് കാരുണ്യ വഴി ലോക്കൽ പർച്ചേസ് നടത്താനും എല്ലാ സ്ഥാപന മേധാവികൾക്കും നിർദ്ദേശവും നൽകിയിട്ടുണ്ട്, അതുകൊണ്ട് രോഗികൾക്ക് മരുന്ന് മുടങ്ങുന്ന സ്ഥിതിയുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കാരണം പർച്ചേസ് ഓർഡർ നൽകുന്നത് വൈകിയതും പശ്ചിമേഷ്യൻ യുദ്ധവുമാണ് നിലവിൽ ചില മരുന്നുകളുടെ വിതരണത്തെ ബാധിച്ചിട്ടുള്ളത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് സാധാരണ ഏപ്രിലിൽ നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ പർച്ചേസ് ഓർഡറുകൾ നൽകുന്നതാണ് പതിവ്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം ഏപ്രിൽ പർച്ചേസ് ഓർഡർ നൽകിയില്ല. തുടർന്ന് പുതിയ സർക്കാർ അധികാരത്തിന് എത്തിയ ശേഷമാണ് ഈ നടപടികൾ പൂർത്തിയാക്കിയത്.
ഇതിനിടെ പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് വിതരണം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ടെണ്ടറെടുത്ത കമ്പനികൾ പലതും പിന്മാറുകയും ചെയ്തു. ഇതിനിടയിൽ അത്യാവശ്യ മരുന്നുകളുടെ പട്ടികയിലെ 855 എണ്ണത്തിൽ 664 എണ്ണത്തിന് പർച്ചേസ് ഓർഡർ നൽകി കഴിഞ്ഞു. പ്രതിസന്ധികൾക്കിടയിലും 530 മരുന്നുകൾ ഇതിനോടകം സംസ്ഥാനത്ത് എത്തിച്ചു കഴിഞ്ഞു.
സെപ്റ്റംബർ അവസാനത്തോടെ മരുന്നുകളെല്ലാം കൂടുതലായി എത്തും. ബാക്കിയുള്ള 191 ഇനങ്ങൾക്കായി വീണ്ടും ടെൻഡർ വിളിച്ചിട്ടുണ്ട്. നടപടികൾ വിവിധ ഘട്ടങ്ങളിലുമാണ്. യുദ്ധസാഹചര്യങ്ങളും ആഗോളതലത്തിലെ അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും കാരണം കേന്ദ്ര സർക്കാർ ‘ഫോഴ്‌സ് മജ്യൂർ’ (Force Majeure) വ്യവസ്ഥ നടപ്പിലാക്കിയിട്ടുണ്ട്. ഇത് വിതരണക്കാരെ ലിക്വിഡേറ്റഡ് ഡാമേജസ് പിഴകളിൽ നിന്ന് വാക്കുകയും കുറഞ്ഞ ഡെലിവറി സമയം 100 ദിവസമായി നീട്ടിനൽകുകയും ചെയ്തിട്ടുണ്ട്.
ഈ പ്രത്യേക സാഹചര്യത്തിലും 45 ദിവസത്തിനുള്ളിൽ മരുന്നുകൾ ലഭ്യമാക്കണമെന്നാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാനായി സപ്ലൈ ചെയിൻ ഡിപ്പാർട്ട്മെൻ്റ് വിവിധ വെയർഹൗസുകൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിലും മരുന്നുകൾ കൈമാറ്റം ചെയ്യുന്നുണ്ടെന്നും മന്ത്രി കെ മുരളീധരൻ അറിയിച്ചു.
സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കും
സർക്കാർ ആശുപത്രികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനായി 1960 കളിലെ പഴയ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. ധനകാര്യ വകുപ്പിൻ്റെ സഹകരണത്തോടെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും പ്രൈമറി ഹെൽത്ത് സെൻ്ററുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതിയ നിയമനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിനൊപ്പമാണ് പുതിയ തസ്തികകളും സൃഷ്ടിക്കുന്നത്. ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്‌പെഷ്യാലിറ്റി സേവനം ഏർപ്പെടുത്തിയപ്പോൾ ഡോക്ടർമാരുടെ സംഘടനകൾ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നതായും അവരുമായി സംസാരിച്ച് പരിഹാരങ്ങൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു.







