ബർഗറിന് പകരം ചെറുധാന്യങ്ങൾ;

0
3

ബർഗറും ഐസ്ക്രീമും പിസ്സയും കാണുമ്പോൾ ആരുടേയും വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരും. എന്നാൽ ഇതേ രീതിയിൽ ആകർഷകമായി അവതരിപ്പിച്ചാൽ പോഷകസമൃദ്ധമായ ആരോഗ്യകരമായ ഭക്ഷണത്തോടും കൗമാരക്കാർക്ക് പ്രിയം കൂടുമെന്ന് പുതിയ പഠനം. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിലെ (എൻഐഎൻ) ശാസ്ത്രജ്ഞരാണ് കൗതുകകരമായ ഈ കണ്ടെത്തലിന് പിന്നിൽ.

സാമൂഹിക മാധ്യമങ്ങളിലെ കാമ്പയിനുകൾ ഉപയോഗിച്ച് കൗമാരക്കാർക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കാൻ സാധിക്കുമെന്ന് ഈ ഗവേഷണം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ബിഎംസി പബ്ലിക് ഹെൽത്തിലാണ് ഈ പഠന റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചത്. ജങ്ക് ഫുഡുകൾക്ക് പിന്നാലെ പോകുന്ന ഇന്നത്തെ തലമുറയെ ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് ആകർഷിക്കാൻ കാഴ്ചയിലെ ഭംഗിക്ക് വലിയ പങ്കുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. ജീവിതശൈലീ രോഗങ്ങൾ ചെറുപ്പക്കാരിൽ വലിയ തോതിൽ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്.

പഠനം നടന്നത് ഇങ്ങനെ
പഠനത്തിൻ്റെ ഭാഗമായി ശാസ്ത്രജ്ഞർ 150 വ്യത്യസ്ത ഭക്ഷണ പദാർഥങ്ങളുടെ ചിത്രങ്ങൾ തയ്യാറാക്കി. തുടർന്ന് 43 സ്കൂൾ വിദ്യാർഥികളിൽ നിന്ന് ഇവയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ശേഖരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പഴങ്ങൾ, ചെറുധാന്യങ്ങൾ, പയറുവർഗങ്ങൾ, പാലുത്പന്നങ്ങൾ, നട്സ് തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ 15 ചിത്രങ്ങൾ അവർ പ്രത്യേകം തിരഞ്ഞെടുത്തു. രാജ്യത്തുടനീളമുള്ള 13 മുതൽ 19 വയസുവരെ പ്രായമുള്ള 203 കൗമാരക്കാർക്ക് ഇൻസ്റ്റാഗ്രാം വഴി 15 ദിവസത്തോളം ഈ ചിത്രങ്ങൾ കാണിച്ചു. ഇതിനുശേഷം, കൗമാരക്കാരുടെ പെരുമാറ്റത്തിലും മാനസികാവസ്ഥയിലും ഉണ്ടായ മാറ്റങ്ങൾ വിശകലനം ചെയ്യുന്നതിനായി ഗവേഷകർ ഓരോരുത്തരുമായും വ്യക്തിഗത അഭിമുഖങ്ങൾ നടത്തി.

സാധാരണ രീതിയിൽ വിളമ്പുന്ന ഭക്ഷണത്തേക്കാൾ, ആകർഷകമായി അവതരിപ്പിച്ചപ്പോൾ ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ, കടല സാലഡ് തുടങ്ങിയവ കഴിക്കാൻ കൗമാരക്കാർ കൂടുതൽ താത്പര്യം കാണിച്ചതായി അഭിമുഖങ്ങളിൽ നിന്ന് വ്യക്തമായി. ഭക്ഷണ പദാർഥങ്ങളുടെ നിറങ്ങളും അവ അവതരിപ്പിക്കുന്ന രീതിയും യുവാക്കളെ ശക്തമായി ആകർഷിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. രുചിയേക്കാൾ ഉപരിയായി ഭക്ഷണത്തിൻ്റെ രൂപഭംഗി കൗമാരക്കാരുടെ തീരുമാനങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കാഴ്ചയിലെ ആകർഷണീയത പ്രധാനം
മികച്ച രീതിയിലുള്ള അവതരണത്തിലൂടെ, ജങ്ക് ഫുഡുകളിൽ നിന്ന് അകന്നുനിൽക്കാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ സ്വീകരിക്കാനും കൗമാരക്കാരെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയും, ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ഡോ. സുബ്ബറാവു വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങൾ, സ്കൂൾ കാൻ്റീനുകൾ, കഫേകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങി ഭക്ഷണം ലഭ്യമാകുന്ന ഇടങ്ങളിലെല്ലാം ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ ആകർഷകമായ ചിത്രങ്ങളും അവതരണ രീതികളും ഉപയോഗിക്കുന്ന തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞങ്ങളുടെ ഗവേഷകർ നിർദേശിക്കുന്നു, എൻഐഎൻ ഡയറക്ടർ ഡോ. ഭാരതി കുൽക്കർണി പറഞ്ഞു. കാഴ്ചയിലെ ആകർഷണീയത വർധിപ്പിച്ചാൽ ഏത് പോഷകാഹാരവും കുട്ടികൾ വളരെ സന്തോഷത്തോടെ കഴിക്കുമെന്നാണ് ഈ പഠനം അടിവരയിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here