വിമാനയാത്ര കൂടുതൽ ആകര്‍ഷകമാക്കാൻ എയർ ഇന്ത്യ;

0
4

ന്യൂഡൽഹി: 2027 രണ്ടാം പകുതിയോടെ പുതിയ ഇൻ-ഫ്ലൈറ്റ് എൻ്റർടൈൻമെൻ്റ് പ്ലാറ്റ്‌ഫോം (ഐഎഫ്ഇ) അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ. വിനോദ സംവിധാനത്തിലൂടെ (IFE) വിമാന യാത്രക്കാർക്ക് വിനോദം, വാണിജ്യ ഇടപാടുകൾ, യാത്രാ സേവനങ്ങൾ എന്നിവ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യാത്രക്കാരുടെ ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം കമ്പനിയുടെ അനുബന്ധ വരുമാനം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.

കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ഈ പുതിയ പ്ലാറ്റ്‌ഫോം 2027ൻ്റെ രണ്ടാം പകുതി മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കിത്തുടങ്ങുമെന്ന് എയർ ഇന്ത്യയുടെ ചീഫ് ഡിജിറ്റൽ ആൻഡ് ടെക്നോളജി ഓഫീസർ സത്യ രാമസ്വാമി പിടിഐയോട് പറഞ്ഞു. തുടർന്ന്, കമ്പനിയുടെ വൈഡ്-ബോഡി വിമാനങ്ങളിലും ദീർഘദൂര യാത്ര ശേഷിയുള്ള ‘നാരോ-ബോഡി’ (ചെറിയ) വിമാനങ്ങളായ എയർബസ് A321 XLRകളിലും ഈ നവീകരിച്ച ഐഎഫ്ഇ പ്ലാറ്റ്‌ഫോം ഘട്ടംഘട്ടമായി നടപ്പിലാക്കും.

അടുത്ത വർഷം അവതരിപ്പിക്കുന്ന ‘വിസ്‌ത ഡിജിറ്റൽ പ്ലാറ്റ്‌ഫോം’ (Vista Digital Platform) ആദ്യം ‘വൈഡ്-ബോഡി’ വിമാനങ്ങളിലാകും അവതരിപ്പിക്കുക. നിലവിൽ, ഐഎഫ്ഇ പ്ലാറ്റ്‌ഫോമുകൾ മിക്കവാറും ഒറ്റപ്പെട്ട സംവിധാനങ്ങളായാണ് (closed standalone systems) പ്രവർത്തിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിൻ്റെ പ്രധാന സവിശേഷതകളെക്കുറിച്ച് വിശദീകരിക്കവേ, വാണിജ്യപരമായ നിരവധി കാര്യങ്ങൾ ഇതിലൂടെ സാധ്യമാകുമെന്ന് രാമസ്വാമി പറഞ്ഞു.

“വിമാനത്തിനുള്ളിലെ സ്‌ക്രീനുകൾക്ക് മുന്നിലിരിക്കുന്ന യാത്രക്കാരിൽ നിന്ന് വരുമാനം നേടാൻ (monetise) ഈ പുതിയ പ്ലാറ്റ്‌ഫോം ഞങ്ങളെ സഹായിക്കുമെന്ന്” അദ്ദേഹം ഒരു കൂടിക്കാഴ്‌ചയ്ക്കിടെ പറഞ്ഞു. ചൊവ്വാഴ്‌ച പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ആധുനിക സോഫ്റ്റ്‌വെയർ ആർക്കിടെക്‌ചർ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി എന്നിവയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ കാര്യക്ഷമവുമായ സേവനം യാത്രക്കാൻക്ക് നൽകാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കും.

പേറ്റൻ്റിനായി അപേക്ഷിച്ചിരിക്കുന്ന ‘കൊമേഴ്‌സ്-ഓൺ-മാപ്പ്’ (commerce-on-map) സംവിധാനമാണ് എയർ ഇന്ത്യ ഇതിൻ്റെ ഒരു പ്രധാന സവിശേഷതയായി പറയുന്നത്. യാത്രക്കാർ വിമാനം വഴി പോകുന്ന അല്ലെങ്കിൽ സന്ദർശിക്കാൻ പദ്ധതിയിടുന്ന സ്ഥലങ്ങളിലെ വിവിധ അനുഭവങ്ങളും യാത്രാ സേവനങ്ങളും ബുക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. കൂടാതെ, യാത്രക്കാർക്ക് വ്യക്തിഗത സേവനങ്ങളും (personalisation) ഇതിലൂടെ ലഭിക്കും. ഉദാഹരണത്തിന്, ഒരു സിനിമയോ പരിപാടിയോ നിർത്തിയിടത്ത് നിന്ന് തന്നെ അടുത്ത എയർ ഇന്ത്യ വിമാനയാത്രയിൽ തുടർന്ന് കാണാനുള്ള സൗകര്യം ഇതിൽ ഉണ്ടാകും.

എയർ ഇന്ത്യ ഗ്രൂപ്പ് ഏകദേശം 600 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്; അതിൽ 10 ശതമാനത്തിൽ താഴെ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. നാരോ-ബോഡി, വൈഡ്-ബോഡി വിമാനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ ഗ്രൂപ്പിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here