തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി ചെയർമാൻ പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു. എല്ലാ ജില്ലകളിലും ഡിപ്പോകൾ കേന്ദ്രീകരിച്ചു സാരി വിതരണം നടത്തുമെന്നും തമ്പാനൂരിൽ ഗതാഗത മന്ത്രി സിപി ജോൺ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നുമുള്ള വ്യാജ വാർത്തയാണ് പുറത്തുവന്നത്.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ആഘോഷപരിപാടി മാത്രം നടത്താനാണ് നിർദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ വാർത്ത പ്രചരിച്ചതിൽ മന്ത്രി കെഎസ്ആർടിസി എംഡിയെ ഉൾപ്പെടെ കടുത്ത അതൃപ്തി അറിയിച്ചു. പദ്ധതിയുടെ ശോഭ കെടുത്താനുള്ള പ്രചാരണം ആരാണു നടത്തുന്നതെന്നു കണ്ടെത്തണമെന്നും മന്ത്രി സിപി ജോൺ നിർദേശിച്ചു.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്തിന് ഗതാഗത മന്ത്രി തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും. വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ലക്ഷദ്വീപ് ആദ്യ യാത്രയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും മന്ത്രി ആദരവ് നൽകുമെന്ന് സിഎംഡി അറിയിച്ചു.
പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതി സെപ്റ്റംബർ 22 നാണ് 100 ദിവസം പൂർത്തിയാക്കുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെയുള്ള 97 ദിവസത്തെ കണക്കുകൾ പ്രകാരം 12.54 കോടി സൗജന്യ യാത്രകളാണ് പദ്ധതിയിലൂടെ നടന്നത്. ഇക്കാലയളവിൽ 266.53 കോടി രൂപയുടെ ടിക്കറ്റുകളാണ് യാത്രക്കാർക്ക് സൗജന്യമായി നൽകിയത്. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഏഴിനാണ്. 15 ലക്ഷത്തിലധികം ആളുകൾ (15,52,761) യാത്ര ചെയ്തപ്പോൾ ടിക്കറ്റ് മൂല്യം 3.29 കോടി രൂപയായിരുന്നു.








