തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സുരക്ഷാനടപടികൾ ശക്തമാക്കി സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും. തൃശൂർ ജില്ലയിലെ ദേശീയപാത 66, ദേശീയപാത 544 നിർമാണപുരോഗതിയും പരിപാലനവും നവീകരണവും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്തി.
തൃശൂർ ജില്ലയുടെ ചുമതലയുള്ള യുവജനക്ഷേമ – കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന വലോകന യോഗത്തിൽ ദേശീയപാത നിർമാണത്തിലെ സുരക്ഷാ പ്രശ്നങ്ങൾ, വെള്ളക്കെട്ട്, കാൽനടയാത്രക്കാരുടെ ദുരിതം എന്നിവ ചർച്ചയായി.
കൈപ്പമംഗലം അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ ദേശീയപാത സ്ട്രെച്ചുകളിലും പോലീസും മോട്ടോർ വാഹന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും എൻഎച്ച്എഐ പ്രതിനിധികളും നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പോരായ്മകൾ ഒരു മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം നൽകി. ഇവ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർമാർ യോഗത്തിൽ ഉറപ്പ് നൽകി.
ഏറെ തിരക്കുള്ള പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നതിനെക്കുറിച്ചുള്ള പരാതിയിൽ പോലീസും എൻഎച്ച്എഐ പ്രതിനിധി, കളക്ടറുടെ പ്രതിനിധി, കരാറുകാരുടെ പ്രതിനിധി എന്നിവരടങ്ങുന്ന സംഘം നേരിട്ടെത്തി പരിശോധന നടത്തും.
ദേശീയപാതയിലെ ഡ്രെയിനേജ്, വെള്ളക്കെട്ട് പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകി. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, അസിസ്റ്റന്റ് എൻജിനീയർമാർ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ, പിഡബ്ല്യുഡി (റോഡ്സ്) ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി സ്ഥലം പരിശോധിച്ച് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കണം. തുടർന്ന് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഈ എസ്റ്റിമേറ്റ് പരിശോധിച്ച് ഉറപ്പുവരുത്തി ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കാനും നിർദേശിച്ചു.
നിർമാണം നടക്കുന്നതും ഗതാഗതം വഴിതിരിച്ചുവിടുന്നതുമായ സ്ഥലങ്ങളിൽ അടിയന്തരമായി ലൈറ്റിങ് സംവിധാനവും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ യോഗത്തിൽ നിർദേശം നൽകി. രാത്രികാല യാത്രികരുടെ സുരക്ഷയ്ക്കായി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ഇവ രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കുമെന്ന് എൻഎച്ച്എഐ വ്യക്തമാക്കി. കൂടാതെ, വഴിതിരിച്ചുവിട്ടിരിക്കുന്ന ഭാഗങ്ങളിൽ ഡ്രൈവർമാർക്ക് ദൂരെനിന്നുതന്നെ കാണാൻ പാകത്തിൽ വാണിങ് സിഗ്നലുകൾ ഉണ്ടാകണം. ഇതിനായി ഉയർന്ന ഗുണനിലവാരമുള്ള (ഹൈ ഗ്രേഡ് ഇന്റൻസിറ്റി) സ്റ്റിക്കറുകൾക്ക് പകരം നിലവിൽ കുറഞ്ഞ ഗുണനിലവാരമുള്ളവയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പോലീസ് യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രാദേശിക സ്ഥലപ്പേരുകൾ രേഖപ്പെടുത്തിയ സൈൻ ബോർഡുകൾ സ്ഥാപിക്കാനും നിർദേശം ഉയർന്നു.
ദേശീയപാത 66ൽ പത്ത് ഫുട്ട് ഓവർ ബ്രിഡ്ജുകൾക്കാണ് അംഗീകാരമുള്ളതെന്ന് എൻഎച്ച്എഐ അറിയിച്ചു. ഇതിൽ വടനാപ്പള്ളി, തളിക്കുളം എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായിട്ടുണ്ട്. വലപ്പാട്, ഏങ്ങണ്ടിയൂർ, എടക്കഴിയൂർ എന്നിവിടങ്ങളിൽ നിർമാണം നടന്നുവരികയാണ്. ബാക്കി അഞ്ചെണ്ണത്തിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും നിർമാണം തുടങ്ങിയവ ഒക്ടോബർ 15നകം പൂർത്തിയാക്കുമെന്നും എൻഎച്ച്എഐ യോഗത്തിൽ വ്യക്തമാക്കി.
ദേശീയപാതകളിൽ ലോറികളും ട്രക്കുകളും ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി പോലീസ്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പ്, എൻഎച്ച്എഐ പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം സംയുക്ത പരിശോധന നടത്താൻ യോഗത്തിൽ തീരുമാനമായി. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കാനാണ് തീരുമാനം. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ പോലീസിനും ആർടിഒയ്ക്കും നിർദേശം നൽകി. പദ്ധതികളുടെ നിർമാണം സംബന്ധിച്ച് കൃത്യമായ സമയക്രമം ഉൾപ്പെടുത്തിയ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണമെന്ന് മന്ത്രി എൻഎച്ച്എഐയോട് നിർദേച്ചു.








