കാലവർഷം പിൻവാങ്ങി തുടങ്ങുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത;

0
2

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം തുടരുകയാണ്. വടക്കൻ തായ്‌ലൻഡിന് മുകളിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യതയുണ്ട്. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3 – 4 ദിവസങ്ങളിൽ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. തെക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ റയലസീമയ്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുകയാണ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലക്കും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.

തെക്കൻ കർണാടക യിൽ നിന്നും മാന്നാർ കടലിടുക്കിലേക്ക് തമിഴ്‌നാടിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. സെപ്റ്റംബർ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 17 – 20 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സെപ്റ്റംബർ 18, 19 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും മണിക്കൂറിൽ 40 – 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

സെപ്റ്റംബർ പത്തൊൻപതോടെ പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിന്ന് കാലവർഷം പിൻവാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വകുപ്പിൻ്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

യെല്ലോ അലേർട്ട്

  • 17/09/2026: പത്തനംതിട്ട, ഇടുക്കി
  • 18/09/2026: ഇടുക്കി
  • 19/09/2026: മലപ്പുറം, കോഴിക്കോട്
  • 20/09/2026: കോട്ടയം, ഇടുക്കി, എറണാകുളം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (16/09/2026) മുതൽ 18/09/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 18/09/2026 & 19/09/2026 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (16/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here