മഴക്കുറവ് മാത്രമല്ല പ്രശ്നം; വൈദ്യുതി പ്രതിസന്ധി താൽക്കാലികമോ? അതോ ഒരു വർഷത്തേക്ക് നിയന്ത്രണം തുടരേണ്ടി വരുമോ?

0
2

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ചർച്ചയാകുന്നതിനിടെ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. ഇപ്പോഴുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധി ഹ്രസ്വകാല പ്രശ്നമാണ്. എന്നാല്‍ സൂക്ഷിച്ചിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ദീര്‍ഘകാല പ്രതിസന്ധിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ലഭിക്കുന്ന എല്ലായിടത്ത് നിന്നും വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഇത് ഏകോപിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി നിലവിലെ സ്ഥിതിഗതികളും സർക്കാർ പദ്ധതിയും വിശദീകരിച്ചത്.

കഴിഞ്ഞ ദിവസം 150 മെഗാവാട്ട് വൈദ്യുതി ഒഡീഷയില്‍ നിന്നും വാങ്ങിയിരുന്നു. 150 മെഗാവാട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി. വൈദ്യുതി വാങ്ങുന്നതിന് എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലവുമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ പ്രതികരണം വായിക്കാം.

യഥാർഥത്തില്‍ മഴക്കുറവ് മാത്രമല്ല, വര്‍ധിച്ച ഉപഭോഗം, സ്വന്തം ഉത്പാദനത്തിലെ പരിമിതി, രാത്രിയിലെ ഉയര്‍ന്ന ഡിമാൻ്റ് എല്ലാം ബാധിച്ചു. നമുക്ക് സ്റ്റോറേജ് ഫെസിലിറ്റി ഇല്ല. 2500 മെഗാവാട്ട് റിന്യൂവിബള്‍ എനര്‍ജി, സോളാര്‍ എനര്‍ജി ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ സ്റ്റോറേജ് ഫെസിലിറ്റി ഇല്ല. പകല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇത് വൈദ്യുതി ബോര്‍ഡിന് കൊടുക്കുകയാണ്.

ബോര്‍ഡ് പീക്ക് അവറില്‍ പകരം വൈദ്യുതി വീടുകളിലേക്ക് നല്‍കുകയാണ്. 2500 മെഗാവാട്ട് സോളാര്‍ എനര്‍ജി ഉത്പാദിപ്പിച്ചിട്ടും സ്റ്റോറേജ് ഫെസിലിറ്റി ഇല്ലാത്തതിനാല്‍ പീക്ക് അവറില്‍ വൈദ്യുതി കിട്ടുന്നില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനേക്കാള്‍ 925 മെഗാവാട്ട് വൈദ്യുതി ഉപഭോഗം ഈ സെപ്റ്റംബറില്‍ പല കാരണങ്ങള്‍ കൊണ്ട് കൂടിയിട്ടുണ്ട്. അതിനനുസരിച്ചുള്ള പ്ലാനിംഗ് കഴിഞ്ഞ വര്‍ഷം മുതല്‍ ഉണ്ടായില്ല. ലോംഗ് ടൈം പര്‍ച്ചേസും ഇല്ല.

ഒരു യൂണിറ്റ് വൈദ്യുതി 4 രൂപ 29 പൈസയ്ക്ക് ലഭ്യമാകുന്ന ലോംഗ് ടൈം പര്‍ച്ചേസിന്റെ 25 വര്‍ഷത്തേക്കുള്ള കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കി. പകരം എഗ്രിമെന്റ് വച്ചില്ല. ദീര്‍ഘകാലത്തേയ്ക്ക് കരാര്‍ വയ്ക്കുന്നതിന് ഞങ്ങള്‍ ഗൗരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. നെഗോഷ്യേറ്റ് ചെയ്യുന്നു. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. 85 ശതമാനം വൈദ്യുതി അവരുടെ സ്ഥാപനങ്ങളിലുളളത് സ്റ്റേറ്റുകള്‍ക്ക് കൊടുക്കും. പതിനഞ്ച് ശതമാനം മാത്രമേ അവരുടെ ഉപയോഗത്തിന് എടുക്കുകയുള്ളൂ. 280 മെഗാവാട്ട് അവരുടെ കൈവശമുണ്ട്. ഞങ്ങള്‍ സംസാരിച്ച് നാല് രൂപ അറുപത്തിയഞ്ച് പൈസയ്ക്ക് 150 മെഗാവാട്ട് വൈദ്യുതി വാങ്ങിയിരുന്നു.

ഇന്ന് തന്നെ ഒരു ടീം മുംബയില്‍ എത്തി ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തും. കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരും. എന്‍ടിപിസിയുമായും എല്ലാവരുമായി ചര്‍ച്ച നടത്തുകയാണ്. സര്‍ക്കാര്‍ മുപ്പത് രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണ്. ഹിമാചല്‍പ്രദേശ് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. പകല്‍ അവര്‍ 130 മെഗാവാട്ട് വൈദ്യുതി തരാമെന്ന് സമ്മതിച്ചിരുന്നു. പക്ഷേ രാത്രി 80 മെഗാവാട്ട് മാത്രമേ നല്‍കൂ. രണ്ടിനും ഒരേ റേറ്റാണ്. 13 രൂപയോളം വരും. രാത്രി 80 മെഗാവാട്ട് കിട്ടുന്നതിന് വേണ്ടി പകലും വൈദ്യുതി വാങ്ങേണ്ടി വരും. അങ്ങനെ നോക്കുമ്പോള്‍ മുപ്പത് രൂപയ്ക്ക് അടുത്ത് വരും.

പ്രായോഗികത നോക്കി മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ. എന്‍ടിപിസി, എന്‍സിപിഎല്‍, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക ഗവണ്‍മെന്റുകള്‍ എന്നിവരൊക്കെയായി ചര്‍ച്ച നടത്തിയിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ 38 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുതിന് എഗ്രീമെന്റ് വച്ചത്. പത്ത് രൂപയ്ക്ക് താഴെ മാത്രമേ വാങ്ങാവൂ എന്ന് നമുക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ സീലിംഗ് ഉണ്ട്. പത്ത് രൂപയ്ക്ക് താഴെ വാങ്ങാനുള്ള ശ്രമമാണ് നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പടെ വൈദ്യുതി പ്രതിസന്ധിയുണ്ട്. ബിജെപിക്ക് പറയുമ്പാള്‍ 25 വര്‍ഷത്തെ മൊത്തത്തിലെടുത്ത് കണക്ക് പറയാം. അതില്‍ കാര്യമില്ല. പവര്‍കട്ട് കുറച്ചു കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരാഴ്ച കൊണ്ട് പൂര്‍ണ്ണമായി നിയന്ത്രണത്തിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. എല്‍നിനോ പ്രതിഭാസം മൂലം ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത മണ്‍സൂണ്‍ വരെ ചൂട് കൂടുന്നതിനാല്‍ കൂടുതല്‍ വൈദ്യുതി വേണ്ടി വരും. അതിനുളള പ്ലാന്‍ വേറെ ചെയ്യുന്നുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത മണ്‍സൂണ്‍ വരെയുള്ള ഒരു ദീര്‍ഘകാല പ്ലാന്‍ ആണ് വേണ്ടത്. ഒരു പുതുക്കിയ വൈദ്യുതി നയം സര്‍ക്കാര്‍ പ്രഖ്യാപിക്കും.

ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി ഹ്രസ്വകാല പ്രശ്നമാണ്. സൂക്ഷിച്ചിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ദീര്‍ഘകാല പ്രതിസന്ധിയാകും. നിലവിൽ അയ്യായിരം മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യം. ഇത് 2030ല്‍ എത്തുമ്പോള്‍ 10000 മെഗാവാട്ട് ആയി ഉയരും. സെമി കണ്ടക്ടര്‍, എഐ അധിഷ്ഠിത ബിസിനസ് എന്നിവ വരുമ്പോള്‍ ഇനിയും ഉപഭോഗം കൂടും. പ്രൊജക്ഷന്‍ കൂടി കണക്കിലെടുത്ത് അതിനനുസരിച്ചുള്ള ദീര്‍ഘകാല നയം ഉണ്ടാകും. റിന്യുവബിള്‍ എനര്‍ജി തന്നെ 2500 മെഗാവാട്ട് എന്നുള്ളത് സ്റ്റോറേജ് ഫെസിലിറ്റിയിലൂടെ അയ്യായിരം ആറായിരം മെഗാവാട്ട് ആക്കി വര്‍ധിപ്പിക്കാന്‍ കഴിയും.

സ്റ്റോര്‍ ചെയ്ത് പീക്ക് അവറില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് എത്തിക്കും. വളരെ വിശദമായ പവര്‍ പോളിസി ഉണ്ടാകും. കൂടുതല്‍ ഹൈഡല്‍ പ്രോജക്ടുകള്‍ക്ക് ഇനി പരിമിതിയുണ്ട്. പമ്പ്ഡ് സ്റ്റോറേജ് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. അതിന് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളോ ഇല്ലാത്തതിനാല്‍ ഗവണ്‍മെൻ്റ് അതിലേക്ക് കടക്കുകയാണ്.

ഇപ്പോള്‍ തന്നെ റിന്യുവബിള്‍ എനര്‍ജിയില്‍ നിക്ഷേപത്തിന് നിരവധി പ്രൊപ്പോസലുകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. വിവിധ വകുപ്പുകള്‍ അത് പരിശോധിച്ച് വരികയാണ്. കര്‍ണ്ണാടക കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ അയ്യായിരം മെഗാവാട്ട് ഉത്പാദിപ്പിച്ചു. നമ്മള്‍ ഉണ്ടാക്കിയില്ല. നമുക്ക് സ്റ്റോറേജ് ഫെസിലിറ്റി ഇല്ല. ഞാന്‍ പൊളിറ്റിക്കലായി പറയുന്നതല്ല. ചെയ്യാത്തതിന്റെ പ്രശ്നമാണ് നമ്മള്‍ അനുഭവിക്കുന്നത്. ഒരു പ്ലാനിംഗ് ഉണ്ടായില്ല. ഒരു പ്രൊജക്ഷന്‍ ഉണ്ടായില്ല. നേരത്തെ എ.സി ഉപയോഗിച്ചിരുന്നത് ലക്ഷ്വറി പോലെ അപ്പര്‍ ക്ലാസ് ആയിരുന്നു, പിന്നെ മിഡില്‍ ക്ലാസ് ആയി. ഇപ്പോള്‍ സാധാരണക്കാര്‍ വരെ ഉപയോഗിക്കുന്നു. അത് അനിവാര്യമായ ഘടകമായി മാറി.

ചൂട് കൂടി, കാലാവസ്ഥ മാറി. വൈദ്യുതി ഉപഭോഗം കൂടി. 2030 ലെ വരെ പ്രൊജക്ഷന്‍ കണക്കിലെടുക്കുമ്പോള്‍ ഇതിനേക്കാള്‍ ഉപഭോഗം കൂടും. അടുത്ത മണ്‍സൂണ്‍ വരെയുള്ള പോളിസി ഇതോടൊപ്പം ചെയ്യുുന്നുണ്ട്. ചില സ്ഥാപനങ്ങളുമായും സര്‍ക്കാരുകളുമായും കരാര്‍ വയ്ക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ വൈദ്യുതി വിതരണം കൃത്യമാക്കുന്നതിനുള്ള സംവിധാനം ചെയ്യും.

പുനരുപയോഗ ഊര്‍ജമേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് സ്വകാര്യ സംരംഭകരെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവത്കരിക്കുമെന്നായിരുന്നു സോഷ്യല്‍ മീഡിയ വഴി വലിയ ക്യാമ്പയിന്‍ നടന്നത്. അങ്ങനെ ഒരു നീക്കവുമില്ല. ബോര്‍ഡിനെ സ്വയംപര്യാപ്തമമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here